2014-04-15 17:29:40

ചിലിക്ക് പാപ്പായുടെ അനുശോചന സന്ദേശം


15 ഏപ്രിൽ 2014, വത്തിക്കാൻ
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ വാൽപാരിയിസോ നഗരത്തിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞവർക്കും പൊള്ളലേറ്റവർക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിക്കുന്നു.
ചിലിയിലെ തുറമുഖ നഗരമായ വാൽപാരിയിസോയിൽ തിങ്കളാഴ്ച്ച പുലർച്ചെയുണ്ടായ കാട്ടു തീയാണ് കനത്ത ദുരന്തം വിതച്ചത്. അഗ്നിബാധയിൽ 16 പേർ മരണമടയുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പുകമൂലം ശ്വാസ തടസവും അസ്വസ്ഥതയുമുണ്ടായ നിരവധി പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 500ഓളം വീടുകൾ തീയിൽ കത്തി നശിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സൈന്യം മാറ്റിക്കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍ററും നാവിക ആസ്ഥാനവും സ്ഥിതിചെയ്യുന്ന വല്‍പാരിയിസോവിലുണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണിത്. 2,000 ഹെക്ടറിലേറെ സ്ഥലത്തേക്ക് തീപടര്‍ന്നതായി അഗ്നിശമനസേനാ തലവന്‍ മാര്‍കോസ് ക്വിന്‍റാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാട്ടുതീയെ തുടര്‍ന്ന് വാല്‍പാരൈസോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖാന്തരം അയച്ച അനുശോചന സന്ദേശത്തിലൂടെ വാൽപാറെയിസോയിലെ ജനങ്ങളോട് തന്‍റെ ദുഃഖവും വേദനയും മാർപാപ്പ അറിയിച്ചു. അഗ്നിബാധയിൽ മരണമടഞ്ഞവരുടെ കുടുബാംഗങ്ങളോടും ദുരന്തത്തിനിരയായ മറ്റെല്ലാവരോടും പാപ്പ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ഭഗ്നാശരാകാതെ, സാഹോദര്യവും ഐക്യദാർഡ്യവും പ്രകടമാക്കണമെന്നും, ദുരന്തബാധിതർക്ക് ആവശ്യമായ സഹായമെത്തിക്കണമെന്നും വാൽപാരെയിസോയിലെ ജനത്തോടും ഭരണാധികാരികളോടും മാർപാപ്പ അഭ്യർത്ഥിച്ചു.
All the contents on this site are copyrighted ©.