2014-04-15 17:29:53

അന്താരാഷ്ട്ര സമൂഹം നൈജീരിയയെ സഹായിക്കണമെന്ന് ആർച്ച്ബിഷപ്പ് കയിഗ്മ


15 ഏപ്രിൽ 2014, അബൂജ
ഭീകരാക്രമണ പരമ്പര തുടരുന്ന നൈജീരിയായെ അന്താരാഷ്ട്രസമൂഹം സഹായിക്കണമെന്ന് നൈജീരിയായിലെ ജോസ് അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഇഗ്നാത്യോസ് കയിഗ്മ അഭ്യർത്ഥിച്ചു. വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൈജീരിയയിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ആർച്ച്ബിഷപ്പ് ശക്തമായി അപലപിച്ചത്. ഉത്തര നൈജീരിയയിലെ ബോറോ ജില്ലയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ എഴുപതോളം പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കൊ ഹറാം ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിനുപിന്നിലെന്ന് നൈജീരിയൻ പ്രസിഡന്‍റ് ഗുഡ് ലക്ക് ജൊനാഥന്‍ ആരോപിച്ചു. ഈ വര്‍ഷം ബൊക്കൊ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ വടക്കുകിഴക്കന്‍ നൈജീരിയയില്‍ 1500-ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക തീവ്രവാദികളുടെ ക്രൈസ്തവ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം കരുതിയിരുന്നത്. എന്നാൽ, നൈജീരിയൻ ജനത ജാതി മതഭേദമില്ലാതെ, ഭീകരവാദികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് ആർച്ച്ബിഷപ്പ് കയിഗ്മ പ്രസ്താവിച്ചു. അകാരണമായി സ്ത്രീകളേയും കുഞ്ഞുങ്ങളേയും പോലും ഭീകരവാദികൾ നിഷ്ഠൂരം ആക്രമിച്ച് കൊല്ലുന്നു. നൈജീരിയൻ സർക്കാർ കനത്ത സുരക്ഷയും ബന്തവസും ഏർപ്പെടുത്തിയിട്ടും ഭീകരവാദികൾക്ക് ഇത്രയേറെ ആക്രമണങ്ങൾ നടത്താൻ കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ഏറ്റവും മികച്ചതും അത്യാധുനികവുമായ ആയുധങ്ങൾ അവർക്കു ലഭിക്കുന്നതെങ്ങനെയാണെന്നതും ഒരു പ്രഹേളികയാണ്. അതൊക്കെ വെളിപ്പെടുത്തുന്നത് ഭീകരവാദികളുടെ അന്താരാഷ്ട്രബന്ധങ്ങളാണെന്നും, ഭീകരവാദപ്രവർത്തനങ്ങളുടെ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചു.All the contents on this site are copyrighted ©.