2014-04-14 17:06:23

യേശുവിന്‍റെ പീഡാസഹന ചരിതത്തിൽ എന്‍റെ സ്ഥാനമെവിടെ?


14 ഏപ്രിൽ 2014, വത്തിക്കാൻ
(ഓശാന മഹോത്സവത്തിൽ ഫ്രാൻസിസ് പാപ്പ നൽകിയ വചനസന്ദേശം)

ഒലിവു ശിഖരങ്ങളുമേന്തിയുള്ള സാഘോഷ പ്രദക്ഷിണത്തോടെ വിശുദ്ധവാരത്തിനു തുടക്കം കുറിച്ചു. ഓശാനത്തിരുന്നാളിൽ സകല ജനങ്ങളും യേശുവിനെ എതിരേൽക്കുന്നു. കുട്ടികളും യുവാക്കളുമെല്ലാം യേശുവിന് സ്തോത്രഗീതമാലപിക്കുന്നു.
ഈ വാരം നീങ്ങുന്നത് യേശുവിന്‍റെ കുരിശു മരണത്തിലേക്കും പുനരുത്ഥാനത്തിലേക്കുമാണ്. ഓശാന തിരുന്നാൾ ദിവ്യബലിയിൽ നാം ശ്രവിച്ച ക്രിസ്തുവിന്‍റെ പീഡാസഹന ചരിത്രം ധ്യാനിച്ചുകൊണ്ട് അതിൽ നമ്മുടെ സ്ഥാനമെവിടെയാണ് എന്ന് ആത്മശോധന ചെയ്യാം.

കർത്താവിന്‍റെ മുമ്പിൽ എന്‍റെ സ്ഥാനമെവിടെയാണ്? വിജയാരവത്തോടെ യേശു നാഥൻ ജറുസലേമിലേക്കു പ്രവേശിക്കുമ്പോൾ ഞാനെവിടെയാണ്? സന്തോഷത്തോടെ അവിടുത്തേക്ക് സ്തുതി പാടാൻ എനിക്കു സാധിക്കുന്നുണ്ടോ? അതോ, ആ ഘോഷയാത്രയിൽ നിന്ന് അകന്നു നിൽക്കുന്നവനാണോ ഞാൻ? യേശു പീഡകൾ സഹിക്കുമ്പോൾ ഞാനെവിടെയാണ്?

യേശുവിന്‍റെ പീഡാനുഭവ ചരിത്രത്തിൽ ഒരുപാട് പേരുകൾ നാം കേട്ടു. യേശുവിനെ വധിക്കാനാഗ്രഹിച്ച ജനപ്രമാണികളുടേയും, പുരോഹിതരുടേയും, ഫരിസേയരുടേയും, നിയമജ്ഞരുടേയും ഒരു സംഘമുണ്ടായിരുന്നു. യേശുവിനെ പിടികൂടാൻ തക്കം പാർത്തിരുന്നവരുടെ സംഘം. അവരെപ്പോലെയാണോ ഞാൻ?

മറ്റൊരു പേരും നാം കേൾക്കുകയുണ്ടായി; ‘യൂദാസ്’, ‘മുപ്പതു വെള്ളി നാണയങ്ങൾ’. യൂദാസിനെപ്പോലെയാണോ ഞാൻ? അതോ, യേശു പറഞ്ഞതൊന്നും മനസിലാകാതിരുന്ന, ഗത്സെമൻ തോട്ടത്തിൽ യേശു രക്തം വിയർത്തു പ്രാർത്ഥിക്കുമ്പോൾ നിദ്രയിലാണ്ട ശിഷ്യൻമാരെപ്പോലെയാണോ എന്‍റെ അവസ്ഥ? എന്താണ് യേശുവിനെ ഒറ്റുകൊടുക്കുന്നതെന്ന് ഗ്രഹിക്കാത്ത ശിഷ്യൻമാരെപ്പോലെയോ, വാളുകൊണ്ട് എല്ലാം പരിഹരിക്കാൻ ശ്രമിച്ച ആ ശിഷ്യനെപ്പോലെയോ ആണോ ഞാൻ? സ്നേഹിതനെന്ന നാട്യത്തിൽ, ഒരു ചുംബനത്തിലൂടെ യേശുവിനെ ഒറ്റുകൊടുക്കാൻ ശ്രമിച്ച യൂദാസിനെപ്പോലെ ഒരു വഞ്ചകനാണോ ഞാൻ?

യേശുവിനെ തിടുക്കത്തിൽ ന്യായസനത്തിലെത്തിക്കാനും കള്ളസാക്ഷികളെ കണ്ടെത്താനും ബദ്ധപ്പെട്ട ജനപ്രമാണികൾക്കു തുല്യമാണോ എന്‍റെ അവസ്ഥ? ഇതെല്ലാം ചെയ്യുമ്പോൾ, അഥവാ ഇങ്ങനെ ചെയ്താൽ, ജനത്തെ രക്ഷിക്കാമെന്ന് കരുതുന്നവനാണോ ഞാൻ?


പീലാത്തോസിനെപ്പോലെയാണോ ഞാൻ? സാഹചര്യം പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞ്, സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കാനറിയാതെ, കൈകഴുകി ഒഴിഞ്ഞുമാറിയ, പീലാത്തോസിനെപ്പോലെ അപരനെ ശിക്ഷയ്ക്കു വിട്ടുകൊടുക്കുന്ന, അപരന് ശിക്ഷ വിധിക്കുന്നവനാണോ ഞാൻ?

എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിലൊരുവനായിരുന്നോ ഞാൻ? ഒരു ന്യായവിധിയോ, സർക്കസോ കാണാനെന്നപ്പോലെ തടിച്ചു കൂടിയ ആ ജനസഞ്ചയത്തിൽ,
‘യേശുവിനെ വിധിക്കാൻ’ ആക്രോശിച്ച, ‘ബറാബാസിനെ മോചിപ്പിക്കാൻ’ വിളിച്ചുപറഞ്ഞവരിൽ ഒരുവൻ ഞാനായിരുന്നോ? അവരെ സംബന്ധിച്ച് എല്ലാം ഒരുപോലെയായിരുന്നു, യേശുവിനെ അവഹേളിക്കുന്നത് അവർക്ക് രസകരമായി തോന്നി.

യേശുവിന്‍റെ കരണത്തടിക്കുകയും, മുഖത്ത് തുപ്പുകയും, അവനെ ആക്ഷേപിച്ച് രസിക്കുകയും ചെയ്ത പടയാളികളെപ്പോലെയാണോ ഞാൻ?

ജോലി കഴിഞ്ഞ് ക്ഷീണിച്ച് മടങ്ങുകയായിരുന്നെങ്കിലും, യേശുവിനെ സഹായിക്കാൻ സന്മനസുണ്ടായ, അവിടുത്തെ കുരിശു ചുമക്കാൻ സന്നദ്ധനായ, കിറേനാക്കാരൻ ശിമയോനെപ്പോലെയാണോ ഞാൻ?

കുരിശിൽ തറയ്ക്കപ്പെട്ട യേശുവിനെ പരിഹസിച്ചവരുടെ കൂട്ടത്തിൽ ഞാനുണ്ടോ?, “ഇവൻ ധീരനായിരുന്നല്ലോ, കുരിശിൽ നിന്നിറങ്ങി വരട്ടെ, എങ്കിൽ ഞങ്ങൾ വിശ്വസിക്കാം” എന്നു പറഞ്ഞ് യേശുവിനെ പരിഹസിച്ചവരുടെ കൂട്ടത്തിലൊരുവൻ ഞാനായിരുന്നോ?

കുരിശിന്‍റെ സമീപം നിന്നിരുന്ന ധീരവനിതകളുടെ കൂട്ടത്തിൽ ഞാനുണ്ടോ? എല്ലാം നിശ്ബ്ദമായി സഹിച്ച യേശുവിന്‍റെ അമ്മയെപ്പോലെ, ആ കുരിശിന്‍റെ ചുവട്ടിൽ നിന്ന സ്ത്രീകളിലൊരാൾ ഞാനായിരുന്നോ?

യേശുവിന്‍റെ രഹസ്യ ശിഷ്യനായിരുന്ന ജോസഫിനെപ്പോലെയാണോ ഞാൻ? സ്നേഹത്തോടെ യേശുവിന്‍റെ മൃതശരീരം ഏറ്റെടുത്ത് സംസ്ക്കരിച്ച ജോസഫിനെപ്പോലെ!

യേശുവിന്‍റെ ശവകുടീരത്തിൽ നിന്ന് മടങ്ങി പോകാൻ കൂട്ടാക്കാതെ, അവിടെ നിന്ന് വിലപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത രണ്ട് മറിയമാരെപ്പോലെയാണോ ഞാൻ?

അതോ, പിറ്റേദിവസം അതിരാവിലെ പീലാത്തോസിന്‍റെ അടുക്കൽ അഭ്യർത്ഥനയുമായി ചെന്ന പ്രധാനപുരോഹിതൻമാരിലും ഫരിസേയരിലും ഒരാളായിരുന്നോ ഞാൻ?
“മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുമെന്ന് അവൻ പറഞ്ഞിരുന്നു. ഗുരുതരമായ മറ്റൊരു വഞ്ചന കൂടി ഉണ്ടാകാതിരിക്കേണ്ടതിന് അവന്‍റെ ശവകുടീരത്തിന് കാവലേർപ്പെടുത്തുക” എന്ന് അഭ്യർത്ഥിച്ച, നിയമം സംരക്ഷിക്കാൻ വേണ്ടി ശവകുടീരത്തിന് കാവലേർപ്പെടുത്താൻ ആവശ്യപ്പെട്ട, ജീവൻ പുറത്തുവരാതിരിക്കാൻ ശ്രമിച്ച അവരെപ്പോലെയാണോ ഞാൻ?

എന്‍റെ ഹൃദയം എവിടെയാണ്? ഇവരിലാരെപ്പോലെയാണ് ഞാൻ? വിശുദ്ധവാരത്തിൽ നമ്മുടെ ധ്യാനവിഷയമായിരിക്കട്ടെ ഈ ചോദ്യം.







All the contents on this site are copyrighted ©.