2014-04-12 10:49:39

ഓശാന ഉയര്‍ത്തുന്ന
ആത്മീയതയുടെ നിറചില്ലകള്‍


RealAudioMP3
വിശുദ്ധ മത്തായി 21, 1-11
അവര്‍ ജരൂസലേമിനെ സമീപിക്കവേ, ഒലുമലയ്ക്കരികെയുള്ള ബഥ്ഫാഗയിലെത്തി. അപ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു. എതിരേ കാണുന്ന ഗ്രാമത്തിലേയ്ക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്‍റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്‍റെ അടുക്കല്‍ കൊണ്ടുവരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍, കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെതന്നെ അതിനെ വിട്ടു തരും. പ്രവാചകന്‍വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. സീയോന്‍ പുത്രിയോടു പറയുക. ഇതാ, നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍റെ അടുത്തേയ്ക്കു വരുന്നു. ശിഷ്യന്മാര്‍ പോയി യേശു കല്പിച്ചതുപോലെ ചെയ്തു. അവര്‍ കഴുതയെയും കൊണ്ടുവന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ ‍ വിരിച്ചു. അവിടുന്ന് അതിനു പുറത്ത് കയറി ഇരുന്നു. ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അപ്പോള്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. ദാവീദിന്‍റെ പുത്രനു ഹോസാന. കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍. ഉന്നതങ്ങളില്‍ ഹോസാന. അവന്‍ ജരൂസലേമില്‍ പ്രേശിച്ചപ്പോള്‍ നഗരം മുഴുനും ഇളകിവശായി, ആരാണീവന്‍ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു. ഇവന്‍ ഗലീലിയായിലെ നസ്റത്തില്‍നിന്നുള്ള പ്രവാചകനായ ക്രിസ്തുവാണ്.

1930 മാര്‍ച്ച് 12-ാം തിയതിയാണ് ഗാന്ധിജി ഗുജറാത്തിലെ തന്‍റെ സബര്‍മതി ആശ്രമത്തില്‍നിന്ന് ദണ്ഡി ഗ്രാമത്തിലേയ്ക്ക് മാര്‍ച്ചു നടത്തിയത്. ഭാരതത്തെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ദണ്ഡിമാര്‍ച്ച് പ്രശസ്തമാണല്ലോ. “യാത്ര തുടരവേ, ദിവസങ്ങള്‍ പ്രാഭാതത്തിനും പ്രഭാതം പ്രദോഷത്തിനും വഴിമാറവേ, ഞങ്ങളുടെ മണ്‍മുന്‍പില്‍ ലോകം മാറുന്നത് ഞങ്ങള്‍ കണ്ടു. ഭാരതം മുഴുവന്‍ പുനഃര്‍ജ്ജീവിപ്പിക്കപ്പെട്ട ആവേശത്തോടും വിശ്വാസത്തോടുംകൂടി ഉയര്‍ത്തെഴുന്നേല്ക്കുന്നത് ഞങ്ങള്‍ യാത്രയില്‍ കണ്ടു.!” സരോജിനി നായിഡുവിന്‍റെ വാക്കുകളാണിവ. 78 –പേരോടുകൂടി ഗാന്ധിജീ 15 ദിവസംകൊണ്ട് കാല്‍നടയായി 385 കിലോമീററര്‍ പൂര്‍ത്തിയാക്കിയ ദന്ധിയാത്രയുടെ സമാപനത്തില്‍ മഹാത്മ പറഞ്ഞു,
“ഉപ്പിന് ഏര്‍പ്പെടുത്തിയ നികുതി ഏടുത്തുകളയുന്നതോടൊപ്പം മറ്റു പലതും പോകേണ്ടതുണ്ട്. നമ്മെ അടിമപ്പെടുത്തുന്ന ബന്ധനങ്ങളെല്ലാം അറുത്തുമാറ്റണം,” എന്നാണ് ഗാന്ധിജി സമാപനച്ചടങ്ങില്‍ പ്രസ്താവിച്ചത്.

ഭാരതത്തെ മുഴുവന്‍ ഇളക്കി മറിച്ചതും, സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തിയതുമായ യാത്രയുടെ 75-ാം വാര്‍ഷികം നാം ആഘോഷിച്ചതേയുള്ളൂ. രാഷ്ട്ര വ്യവഹാരത്തിലും
സംഘടിത മതത്തിലും അടിഞ്ഞുകൂടിയ അഴിമതിയും സ്വജനപക്ഷപാതവും അധികാര ഭ്രമത്തതയും കഴുകിക്കളഞ്ഞ് ഒരു നവോത്ഥാനത്തിന് നാന്ദി കുറിക്കാണമെന്ന പ്രതീക്ഷയാണ് ഗലീലിയില്‍നിന്നുള്ള തീര്‍ത്ഥാടകരെ യേശുവിനൊപ്പം ജരൂസലേമിലേയ്ക്ക് നിരത്തിയത്, എന്നു നമുക്ക് അനുമാനിക്കാം. അത് അപ്പാടെ തെറ്റല്ല എന്നാണ് ക്രിസ്തു തെളിയിക്കുന്നത് തന്‍റെ ജരൂസലേം പ്രവേശനത്തിലൂടെ. ദേശ രാഷ്ടത്തിന്‍റെയും സംഘടിത മതത്തിന്‍റെയും അധികാരക്കസേരകളെ വെല്ലുവിളിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷൃം. രാഷ്ട്രീയ മോഹംകൊണ്ടോ വ്യവസ്ഥാപിത മതത്തിന്‍റെ സിംഹാസനത്തില്‍ താത്പര്യമുള്ളതുകൊണ്ടോ അല്ല ക്രിസ്തു അങ്ങനെയൊരു വിമോചന യാത്രനടത്തിയത്. മറിച്ച് ജനത്തിന് നന്മ ചെയ്യാത്ത ഗവണ്‍മന്‍റോ രാഷ്ട്രമോ നിലനില്ക്കരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടായിരുന്നു. ഇന്ന് ആരു തയ്യാറാകും ഇങ്ങനെയൊരു വിമോചനയാത്രയ്ക്ക്. പൂച്ചയ്ക്കാരു മണികെട്ടും? സംഘടിത മതത്തിന്‍റെ ജീര്‍ണ്ണത ഏതു പോരിലാണ് തിരിച്ചറിയുക.

ക്രിസ്തുവിന്‍റെ ജീവിതത്തിലെ അധിപ്രധാനമായ സംഭവങ്ങള്‍ അരങ്ങേറുന്ന
വിശുദ്ധവാരത്തിന് തുടക്കമിടുന്നത് ഓശാന മഹോത്സവമാണ്. കുരിശിനെ ആത്മീയതയുടെ നിത്യസിംഹാസനമാക്കിയ തന്‍റെ യാഗാര്‍പ്പണത്തിനായിട്ടാണ് ക്രിസ്തു അവസാനമായി ജരൂസലേമിലെത്തിയത്. തിരുവെഴുത്തുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതും രക്ഷയുടെ ദാനം സകലര്‍ക്കുമായി തുറക്കപ്പെടുന്നതും കുരിശിലാണ്. അങ്ങനെ അതിലൂടെ യുഗാന്ത്യത്തോളം ക്രിസ്തു മനുഷ്യകുലത്തെ തന്നിലേയ്ക്കും തന്‍റെ കുരിശിലേയ്ക്കും ആകര്‍ഷിക്കുന്നു.

ശിഷ്യന്മാരുമായിട്ടാണ് ക്രിസ്തു ജരുസലേമിലേയ്ക്ക് പുറപ്പെട്ടത്.
മാര്‍ഗ്ഗമദ്ധ്യേ ധാരാളം ജനങ്ങളും അവിടുത്തെ പിന്‍ചെന്നു. സുവിശേഷകന്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ജറീക്കോ വിട്ടുപോകുമ്പോള്‍ വലിയൊരു പുരുഷാരം ക്രിസ്തുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു, എന്ന് (മാര്‍ക്ക് 10, 46.). ക്രിസ്തുവിനെ ഇസ്രായേലിന്‍റെ രാജാവായി പ്രഘോഷിക്കുന്നവരുടെ ഹൃദയങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന്, ഇന്നത്തെ സുവിശേഷത്തെ ആധാരമാക്കി നമുക്ക് ആത്മശോധന ചെയ്യാം. പ്രവാചകന്മാര്‍ പ്രഘോഷിച്ചതും ഇസ്രായേല്‍ കാത്തിരുന്നതുമായ രാജാവ് എങ്ങനെ ഉള്ളവനായിരിക്കും എന്നൊരു ധാരണ അവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ആ ജരൂസലേം ജനതതന്നെ ക്രിസ്തുവിനെ തള്ളിപ്പറയുകയും, ‘അവനെ ക്രൂശിക്കുക,’ എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതു രണ്ടും കണ്ട ശിഷ്യന്മാര്‍, ഇതിന്‍റെയെല്ലാം മൂകസാക്ഷികളായി, തങ്ങളുടെ ഗുരുവിനെ വിട്ട് അവിടെനിന്നും ഓടിപ്പോവുകയാണുണ്ടായത്. ഭൂരിപക്ഷം ജനങ്ങളും അന്ന് ക്രിസ്തുവില്‍ കണ്ട മിശിഹായിലും ഇസ്രായേലിന്‍റെ രാജാവിലും നിരാശയരായിരുന്നിരിക്കണം. അവര്‍ പ്രതീക്ഷിച്ചത് പ്രാഭവവാനായ ഭൗമിക രാജാവിനെയാണ്. അമിതമായ കര്‍മ്മനിഷ്ഠയും ധര്‍മ്മനിഷ്ഠകളും കടന്നുകൂടുമ്പോള്‍ മനുഷ്യരക്ഷയ്ക്ക് മതം പ്രതിബന്ധമാകുന്ന അവസ്ഥയുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നുണ്ട്.
അപരന്‍റെ സ്ഥാനത്തു തന്നെത്തന്നെ കാണുവാനുള്ള കഴിവാണ് ഇവിടെ പ്രകടമാകുന്നത്. നമ്മുടെ ധാരണയില്‍ ക്രിസ്തു കൊണ്ടുവരുന്ന മാറ്റമാണിത്. അങ്ങനെ ക്രിസ്തു പറഞ്ഞ നല്ലസമറിയാക്കരാന്‍റെ ഉപമയുടെ പശ്ചാത്തലത്തില്‍ എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന തിരിച്ചറിവാണ് പ്രസരിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. മതപരമായ ശുചിത്വനിഷ്ഠയാണ് (ritual purity) ആവശ്യത്തിലായിരുന്നവനെ സഹായിക്കുന്നതില്‍നിന്നും ലേവ്യനെയും പുരോഹിതനെയും ഇങ്ങനെയൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത് ഇതുപോലെ സമൂഹജീവിതത്തിലെ സാഹോദര്യത്തിന്‍റെ ശക്തി എല്ലാവരും തിരിച്ചറിയണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്.

നസ്രായനായ ക്രിസ്തു നമുക്കിന്ന് ആരാണ്? ദൈവത്തെക്കുറിച്ചും മിശിഹായെക്കുറിച്ചും നമുക്ക് എന്തു ധാരണയാണുളളത്? ഇത് നിര്‍ണ്ണായകവും അനിവാര്യവുമായ ചോദ്യമാണ്.
ഇന്നത്തെ മഹോത്സവത്തിന്‍റെ കേന്ദ്രസ്ഥായി ഈ ചോദ്യംതന്നെയാണ്. കുരിശ് തന്‍റെ സിംഹാസനവും മുള്‍മുടി തന്‍റെ കിരീടവുമാക്കിയ ക്രിസ്തുരാജനെ ഈ വിശുദ്ധ വാരത്തില്‍ നമുക്ക് അനുധാവനം ചെയ്യാം. സുഗമമായ ഭൗമിക സൗഭാഗ്യം വാഗ്ദാനംചെയ്യുന്ന മിശിഹായല്ല, സ്വര്‍ഗ്ഗീയ സന്തോഷവും ദൈവിക അഷ്ടഭാഗ്യങ്ങളും പ്രഘോഷിക്കുന്ന മിശിഹായെയാണ് ക്രിസ്തുവില്‍ നാം കാണേണ്ടത്. ഈ പുണ്യദിനങ്ങളില്‍ ക്രിസ്തുവിനെക്കുറിച്ച്
നാം ഉള്ളില്‍ പേറി നടക്കുന്ന ആശയും പ്രത്യാശയും എന്താണെന്ന് വിലയിരുത്തേണ്ടതാണ്.

നമ്മുടെ ഹൃദയങ്ങളില്‍ രണ്ടു വികാരങ്ങള്‍ ഈ വിശുദ്ധവാരത്തില്‍ ഉയര്‍ന്നു നില്ക്കട്ടെ. ഒന്ന്, ഓശാന പാടി ക്രിസ്തുവിനെ ജരൂസലേമില്‍ സ്വീകരിച്ച ജനാവലിയുടെ ആനന്ദവും; രണ്ട്, മനുഷ്യകുലത്തിനുള്ള അമൂല്യ ദാനമായി തന്‍റെ തിരുശരീരരക്തങ്ങള്‍ പകര്‍ന്നുതന്ന ക്രിസ്തുവിനോടുള്ള നന്ദിയും. ഈ ദിനങ്ങളിലെ ആത്മാര്‍ത്ഥമായ ധ്യാനവും പ്രാര്‍ത്ഥനയുംവഴി മനുഷ്യകുലത്തിനായി പീഡകള്‍ സഹിച്ച്, മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവുമായി ആഴമായൊരു ആത്മീയ ഐക്യത്തിലേയ്ക്കു വളര്‍ന്നുകൊണ്ട്, ക്രിസ്തുവിന്‍റെ അമൂല്യമായ ജീവദാനത്തോട് പ്രത്യുത്തരിക്കാം.
ജരൂസലേം ജനത ക്രിസ്തുവിനായി വഴിയില്‍ വിരിച്ച വസ്ത്രങ്ങള്‍പോലെ, നമ്മുടെ ജീവിതങ്ങളെയും നമ്മെത്തന്നെയും കൃതജ്ഞതയുടേയും ആരാധനയുടേയും വസ്ത്രങ്ങളായി വിരിക്കാം. നാം ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ വയ്ക്കേണ്ടത് ഏതാനും നിമിഷങ്ങളില്‍ വാടിപ്പോകുന്ന കുരുത്തോലയോ മരച്ചില്ലകളോ അല്ല, മറിച്ച് നമ്മെത്തന്നെയും നമ്മുടെ എളിയ ജീവിതങ്ങളെയുമാണ് അവിടുത്തെ പാദപീഠത്തില്‍ സമര്‍പ്പിക്കേണ്ടത്.

ക്രിസ്തുവിനെയും അവിടുത്തെ കൃപാവരത്തെയും വസ്ത്രമായി അണിഞ്ഞിട്ടുള്ള നമുക്ക്, മരണത്തെ കീഴ്പ്പെടുത്തി പുനരുത്ഥാനവിജയം കൈവരിച്ച അവിടുത്തെ തൃപ്പാദങ്ങളില്‍ നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. നമ്മുടെ ആത്മീയതയുടെ നിറചില്ലകളുയര്‍ത്തി
ഇന്ന് ഹെബ്രായ ജനതയ്ക്കൊപ്പം നമുക്കും ആര്‍ത്തു പാടാം, “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന ഇസ്രായേലിന്‍റെ രാജാവ് അനുഗ്രഹീതന്‍!”

കൂടാരത്തിരുന്നാള്‍ അവസരത്തില്‍ യൂദാ ഭവനം ജരുസലേമില്‍ പ്രവേശച്ചതുപോലെ (സക്ക. 10, 3) ക്രിസ്തു തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നു സമാധാനത്തിന്‍റെ, അതായത് ക്ഷേമരാഷ്ട്രത്തിന്‍റെ പ്രവാചകനായിട്ടാണ് ക്രിസ്തു അവിടെ എത്തുന്നത്. ജനങ്ങളുടെക്ഷേമമാണ് പരമമായ ധര്‍മ്മം. സമാധാനത്തിന്‍റെ നഗരമെന്നാണ് ജരൂസലേമിന്‍റെ അര്‍ത്ഥം. എന്നാല്‍, അവിടെ രക്തച്ചൊരിച്ചില്‍ മാത്രമേ കാണാനുള്ളു. ജനാഭിമുഖ്യമുള്ള പാപ്പായെന്ന് അദ്ദേഹത്തിന്‍രെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാര്‍ഷകം ആചരിച്ചുകൊണ്ട് പലരും പ്രസ്താവിക്കുകയുണ്ടാണ്.
അതുപോലെ തന്നെ സഭയില്‍ നവീകരണത്തിന്‍റെ നവോര്‍ജ്ജം കൊണ്ടുവന്നിരിക്കുന്നതും പാപ്പാ ഫ്രാന്‍സിസാണെന്ന് ഏവരും ഇന്ന് സമ്മതിക്കുമെന്നതില്‍ സംശയമില്ല. പാപ്പാ ഉന്നവയ്ക്കുന്ന നവീകരണത്തിന്‍റെ ചാലകശക്തി വിനയാന്വിതമായ അജപാലന ശുശ്രൂഷയാണ്. ക്രിസ്തുവിന്‍റെ വിനയഭാവവും സ്നേഹസമര്‍പ്പണവുമാണ്. ലോകത്ത് ബഹൂഭൂരിപക്ഷം വരുന്ന പാവങ്ങലായവരെ വിമോചിക്കുവാനും അവര്‍ക്ക് രക്ഷയുടെയും സൗഖ്യാദാനത്തിന്‍റയും സ്നേഹാനുഭവം പങ്കുവയ്ക്കണമെങ്കില്‍ പാവങ്ങള്‍ക്കുള്ള ലാളിത്യമാര്‍ന്ന സഭയെ വാര്‍ത്തെടുക്കുണമെന്നും പാപ്പാ നിഷ്ക്കര്‍ശിക്കുന്നുണ്ട്. സ്നേഹസമ്പന്നനായ പാപ്പാ അത്യദ്ധ്വാനിയാണ്. ഈ അത്യദ്ധ്വാനത്തില്‍ നമ്മുടെ എളിയ പങ്കുവഹിക്കാന്‍ ക്രിസ്തുവിനോടൊപ്പംമുള്ള ജരൂസലേം പ്രവേശനം, വിശുദ്ധവാരാചാരണം നമ്മെ ഏവരെയും സഹായിക്കട്ടെ!

All the contents on this site are copyrighted ©.