2014-04-11 16:38:57

‘മനുഷ്യജീവൻ പാവനവും അലംഘനീയവു’മെന്ന് പാപ്പാ ഫ്രാൻസിസ്


11 ഏപ്രിൽ 2014, വത്തിക്കാൻ
ഇറ്റാലിയൻ പ്രൊലൈഫ് പ്രസ്ഥാനത്തിലെ(Movimento per la Vita) അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ അപ്പസ്തോലിക അരമനയിലെ ക്ലമന്‍റ് ഹാളിലായിരുന്നു കൂടിക്കാഴ്ച്ച. പ്രൊലൈഫ് സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം പകർന്ന പാപ്പ, സാമ്പത്തിക പരാധീനത മൂലം ഭ്രൂണഹത്യചെയ്യാൻ ഇടയുള്ള സ്ത്രീകളെ സഹായിക്കുന്ന ‘ദത്തെടുക്കൽ പദ്ധതി’യും (Progetto Gemma), യൂറോപ്യൻ മനുഷ്യാവകാശ സംരക്ഷണ പ്രഖ്യാപനത്തിൽ ഗർഭസ്ഥ ശിശുക്കളുടെ അവകാശവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഭീമഹർജി (Progetto ‘Uno di Noi’) രൂപീകരണവും മുക്തകണ്ഠം പ്രശംസിച്ചു. പ്രൊലൈഫ് പ്രസ്ഥാനം പ്രകടിപ്പിക്കുന്നത് ക്രിസ്തീയ മനോഭാവമാണെന്നും, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മനുഷ്യജീവൻ ആദരിച്ചും സംരക്ഷിച്ചും സാക്ഷ്യം നൽകേണ്ടത് ക്രൈസ്തവരുടെ കർത്തവ്യമാണെന്നും മാർപാപ്പ പ്രസ്താവിച്ചു.
‘മനുഷ്യജീവൻ പാവനവും അലംഘനീയവു’മെന്ന ജീവനെ സംബന്ധിച്ച സഭയുടെ നിലപാട് തന്‍റെ പ്രഭാഷണത്തിൽ ആവർത്തിച്ച മാർപാപ്പ, ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് മറ്റെല്ലാ പൗരാവകാശങ്ങളെയും താങ്ങി നിറുത്തുന്നതെന്നും അവരെ ഓർമ്മിപ്പിച്ചു. ഉപയോഗശേഷം വലിച്ചെറിയുന്ന ഇതര വസ്തുക്കളെപ്പോലെ, മനുഷ്യവ്യക്തിയേയും, കണക്കാക്കുന്ന ഇന്നിന്‍റെ ദുഷിച്ച സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച പാപ്പ, മനുഷ്യജീവനെ അതിന്‍റെ സമഗ്രതയിൽ വീക്ഷിക്കാനും ദൈവിക ദാനമായി സ്വീകരിക്കാനും തയ്യാറായെങ്കിൽ മാത്രമേ അതിന്‍റെ അമൂല്യത തിരിച്ചറിയാൻ നമുക്ക് സാധിക്കൂവെന്നും വ്യക്തമാക്കി.

പാപ്പായെ കാണാനെത്തിയ അഞ്ഞൂറിലേറെ പ്രൊലൈഫ് പ്രവർത്തകരിൽ നിരവധി അമ്മമാരും കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ബഹളം കണ്ട് ഏതോ അംഗൻവാടിയിലെത്തിയ പ്രതീതിയിലാണ് താനെന്ന് കളിയായി പറഞ്ഞ പാപ്പ, തനിക്കുണ്ടായ മറ്റൊരനുഭവവും അവരോട് വെളിപ്പെടുത്തി. ഭ്രൂണഹത്യ ചെയ്തിരുന്ന ഒരു വ്യക്തി മാനസാന്തരപ്പെട്ട്, ഭ്രൂണഹത്യയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കി പാപ്പായുടെ കരങ്ങളിലേൽപ്പിച്ചിട്ട് മാപ്പപേക്ഷിച്ചു, “പിതാവേ, ഭ്രൂണഹത്യ ചെയ്യാൻ ഞാൻ ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് ഈ സഞ്ചിക്കുള്ളിൽ, ഇതെല്ലാം ഞാൻ ഉപേക്ഷിക്കുകയാണ്. ഞാൻ ദൈവത്തെ കണ്ടെത്തി, ഇനിമേൽ, ജീവന്‍റെ സംരക്ഷണത്തിനുവേണ്ടിയായിരിക്കും എന്‍റെ പോരാട്ടം”. ആ വ്യക്തിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ അവരോട് അഭ്യർത്ഥിച്ചു.All the contents on this site are copyrighted ©.