2014-04-11 16:39:50

വെനസ്വേലൻ നേതാക്കളോട് പാപ്പായുടെ അനുരജ്ഞനാഭ്യർത്ഥന


11 ഏപ്രിൽ 2014, വത്തിക്കാൻ
ആഭ്യന്തര സംഘർഷം പുകയുന്ന വെനസ്വേലയിലെ ഭരണപക്ഷ – പ്രതിപക്ഷ നേതാക്കളോട് ഫ്രാൻസിസ് മാർപാപ്പ അനുരജ്ഞനത്തിനായി അഭ്യർത്ഥിച്ചു. പ്രസിഡന്‍റ് നിക്കോളാസ് മധൂരോയും പ്രതിപക്ഷ നേതാക്കളും തമ്മിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആദ്യ വട്ട സന്ധി സംഭാഷണത്തിന് മുന്നോടിയായി വെനസ്വേലയിലെ അപ്പസ്തോലിക സ്ഥാനപതി ആർച്ച്ബിഷപ്പ് ആൾഡോ ജ്യോർദാനോയാണ് മാർപാപ്പയുടെ സന്ദേശം പരസ്യമായി വായിച്ചത്. അനുരജ്ഞന ചർച്ച ദേശീയ ടെലിവിഷൻ മുഖാന്തരം രാജ്യമൊട്ടാകെ പ്രക്ഷേപണം ചെയ്തിരുന്നു. വെനസ്വേലൻ ജനത അനുഭവിക്കുന്ന വേദനയും അസ്വസ്തതയും തനിക്ക് മനസിലാകുന്നുണ്ടെന്ന് പ്രസ്താവിച്ച പാപ്പ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളോടും, പരുക്കേറ്റവരോടും അനുശോചനം രേഖപ്പെടുത്തി. അതേസമയം, അക്രമത്തിലൂടെ സമാധാനം നിർമ്മിക്കാൻ സാധിക്കില്ലെന്നും, അക്രമം കൂടുതൽ അക്രമത്തിലേക്കു മാത്രമേ വഴിതെളിക്കൂവെന്നും മാർപാപ്പ ജനത്തെ ഓർമ്മിപ്പിച്ചു.

അനുരജ്ഞന ചർച്ചയ്ക്ക് സന്നദ്ധരായ നേതാക്കൾ സംഘർഷത്തെക്കുറിച്ചു മാത്രമല്ല സംസാരിക്കേണ്ടത്, സമാധാനത്തിന്‍റെ യഥാർത്ഥ ശിൽപികളായി മാറാൻ അവർക്കു സാധിക്കണം. തങ്ങളുടെ അഭിപ്രായ ഭിന്നതകൾക്കതീതമായി, രാഷ്ട്ര ക്ഷേമവും, വെനസ്വേലൻ ജനതയുടെ ശോഭനമായ ഭാവിയുമാണ് അവർ കണക്കിലെടുക്കേണ്ടതെന്നും പാപ്പ അവരെ ഉത്ബോധിപ്പിച്ചു. സംവാദത്തിന്‍റെ മാർഗം ദൈർഘ്യമേറിയതും പ്രയാസകരവുമാണെങ്കിലും ഈ മാർഗത്തിലൂടെ മാത്രമേ യഥാർത്ഥ നീതിയും സമാധാനവും പ്രാപിക്കാനാവൂ എന്ന് വെനസ്വേലൻ രാഷ്ട്ര നേതാക്കളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

All the contents on this site are copyrighted ©.