2014-04-11 16:41:12

രാഷ്ട്ര ക്ഷേമത്തിന് നൈജീരിയൻ ജനത ഒന്നിച്ചു നിലകൊള്ളണമെന്ന്


11 ഏപ്രിൽ 2014, അബൂജ
ഭീകരവാദത്തെ ചെറുത്തു നിൽക്കാനും, രാജ്യക്ഷേമത്തിനും വേണ്ടി നൈജീരിയൻ ജനത ഒരുമിച്ച് അണിചേരണമെന്ന് നൈജീരിയായിലെ അബൂജ അതിരൂപതാധ്യക്ഷൻ കർദിനാൾ ഒനായിയേക്കൻ. നൈജീരിയായിൽ ഭീകരാക്രമണങ്ങൾ തുടരുന്നതിനെക്കുറിച്ച്, വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തിൽ, പരാമർശിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ രാജ്യത്തിന്‍റെ ഭാവി നിർണ്ണയിക്കേണ്ടത് 17 കോടിയിലെറെ വരുന്ന നൈജീരിയൻ ജനതയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തെ ദുർബലമായ രാഷ്ട്രീയാവസ്ഥയും ജനക്ഷേമത്തിന്‍റെ കാര്യത്തിൽ ഭരണകൂടത്തിന്‍റെ അനാസ്ഥയും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണെന്ന് കർദിനാൾ നിരീക്ഷിച്ചു. അഴിമതിയും അനീതിയും കൊടികുത്തിവാഴുന്നതുമൂലം പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും അസംതൃപതരാണ്. ജനത്തിന്‍റെ അസന്തുഷ്ടിയും അസംതൃപ്തിയുമാണ് ഉത്തര നൈജീരിയയിൽ ഭീകരവാദികൾക്ക് വളരാൻ സാഹചര്യമൊരുക്കിയത്. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവജനങ്ങൾ ഭീകരവാദികളുടെ വ്യാജവാഗ്ദാനങ്ങളിൽ എളുപ്പം വീണുപോകുന്നു. ഭീകരവാദം മതവിശ്വാസവുമായി കൂട്ടികലർത്തുന്നതോടെ അതിന്‍റെ രൂക്ഷതയും വർദ്ധിക്കുന്നു. ഭൂരിഭാഗം മുസ്ലീമുകളും സമാധാനത്തിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, സുസംഘടിതമായ ഭീകരവാദ ന്യൂനപക്ഷം രാജ്യമൊട്ടാകെ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുകയാണ്. നൈജീരിയയിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ദാരിദ്യ നിർമ്മാർജ്ജനവും സാമൂഹ്യ നവീകരണവും പുനർക്രമീകരണവും അനിവാര്യമാണമെന്നും കർദിനാൾ ഒനായിയേക്കൻ പ്രസ്താവിച്ചു.All the contents on this site are copyrighted ©.