2014-04-11 16:41:26

മനുഷ്യക്കടത്ത് തടയാൻ സഭയ്ക്ക് കടമയുണ്ട് – കർദിനാൾ ഒനായിയേക്കൻ


11 ഏപ്രിൽ 2014, വത്തിക്കാൻ
മനുഷ്യക്കടത്തിനെതിരെ എല്ലാ തലങ്ങളിലും പ്രവർത്തിക്കാൻ സഭയ്ക്ക് കടമയുണ്ടെന്ന് നൈജീരിയൻ കർദിനാൾ ജോൺ ഒലോരുഫേമി ഒനായിയേക്കൻ. മനുഷ്യകടത്തിനെ സംബന്ധിച്ച് വത്തിക്കാനിൽ നടന്ന അന്താരാഷ്ട്ര പഠനശിബിരത്തിൽ സംബന്ധിക്കാനെത്തിയ കർദിനാൾ ഒനായിയേക്കൻ വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മനുഷ്യക്കടത്ത് പ്രതിരോധിക്കാനും മനുഷ്യക്കടത്തിനെതിരെ വിവിധ തലങ്ങളിൽ പ്രവർത്തിക്കാനും സഭയ്ക്കുള്ള കടമയെക്കുറിച്ച് വിശദീകരിച്ചത്. നൈജീരിയയിൽ മനുഷ്യക്കടത്ത് തടയാനും മനുഷ്യക്കടത്തിന് ഇരയായവരെ സഹായിക്കാനും കർദിനാളിന്‍റെ നേതൃത്വത്തിൽ മിഷനറിമാരുടേയും, സന്ന്യസ്തരുടേയും അൽമായ സന്നദ്ധ പ്രവർത്തകരുടേയും വലിയൊരു ശൃംഖല പതിറ്റാണ്ടുകളായി അത്യദ്ധ്വാനം ചെയ്യുന്നുണ്ട്. മനുഷ്യവ്യക്തികളോട് അടിമകളെപ്പോലെ പെരുമാറുന്നിടത്ത്, കത്തോലിക്കാ സഭ പ്രഘോഷിക്കുന്ന ദൈവിക കാരുണ്യത്തിന്‍റേയും, സ്വാതന്ത്ര്യത്തിന്‍റേയും, സ്നേഹത്തിന്‍റേയും സുവിശേഷം പൂർണ്ണമായും നിഷേധിക്കപ്പെടുകയാണെന്ന് കർദിനാൾ ഒനായിയേക്കൻ പറഞ്ഞു. പണം കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന ധാരണയിൽ കുട്ടികളെ വിൽക്കുന്നവരെ കാണുമ്പോൾ, ജീവിതത്തിന്‍റെ അർത്ഥമെന്താണെന്നും, യഥാർത്ഥ സന്തോഷമെന്താണെന്നുമൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ തുടങ്ങുന്നു തങ്ങളുടെ ദൗത്യമെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യക്കടത്ത് തടയാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന അൽമായ സന്നദ്ധ പ്രവർത്തകർ യഥാർത്ഥ ‘പടയാളികളാണ്’ എന്ന് വിശേപ്പിച്ച കർദിനാൾ ഒനായിയേക്കൻ അവരുടെ നിസ്വാർത്ഥ സേവനത്തിന് അഗാധമായ കൃതജ്ഞത രേഖപ്പടുത്തി.
All the contents on this site are copyrighted ©.