2014-04-10 19:50:25

ഡോണ്‍ബോസ്ക്കോ
മിലാന്‍ മേളയില്‍


10 ഏപ്രില്‍ 2014, റോം
2015 മെയ് 1 മുതല്‍ ഒക്ടബോര്‍ 31-വരെ ഇറ്റലിയിലെ മിലാനില്‍ അരങ്ങേറുന്ന രാജ്യന്തര മേളയില്‍ സലീഷ്യന്‍ സഭ പങ്കെടുക്കുവാന്‍ തീരുമാനിച്ചതായി, സെക്രട്ടറി ജനറല്‍, ഫാദര്‍ മരിയ സ്റ്റെംപേല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘ഭൂമിയുടെ പരിരക്ഷണവും ജീവോര്‍ജ്ജ സംഭരണവും’ ലക്ഷമിടുന്നതാണ് മിലാനിലെ രാജ്യാന്തര മേള.

വിശുദ്ധ ജോണ്‍ ബോസ്ക്കോയുടെ കാലപ്പഴക്കമില്ലാത്ത വിദ്യാഭ്യാസ രീതിയിലൂടെ മാനവികതയ്ക്ക് സുസ്ഥിതിവികസനത്തിന്‍റെ മാര്‍ഗ്ഗ ദര്‍ശനമേകാമെന്ന വീക്ഷണമാണ്,
മേളയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന്, പ്രസ്താവന വ്യക്തമാക്കി.
സഭയുടെ പുതിയ റെക്ടര്‍ മേജര്‍ ആങ്കേല്‍ ആര്‍ത്തിമേയും സഭയുടെ ജനറല്‍ കൗണ്‍സിലും ചേര്‍ന്നാണ് രാജ്യാന്തരമേളയില്‍ സലീഷ്യന്‍ സാന്നിദ്ധ്യം പ്രകടമാക്കാനും യുവാജനങ്ങള്‍ക്ക് ഉത്തേജനം പകരുവാനുമുള്ള തീരുമാനം എടുത്തത്.

2015-ല്‍ സംഭവിക്കുന്ന ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദിയും കാലികമായ രാജ്യാന്തര പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തേജനമായെന്ന് ഫാദര്‍ മേരിയ സ്റ്റെംപേല്‍ അറിയിച്ചു.

യുവജനങ്ങളെ സഹായിക്കുന്ന ജീവിതദര്‍ശനങ്ങള്‍ നവസംസ്ക്കാരത്തിന്‍റെയും സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ ഒരുക്കാന്‍, അഞ്ചു ഭൂഖണ്ഡങ്ങളും സജീവ സാന്നിദ്ധ്യമുള്ള സലീഷ്യന്‍ സഭാംഗങ്ങള്‍ക്കു സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടെന്ന് ഫാദര്‍ സ്റ്റെംപേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

1815 ആഗസ്റ്റ് 16-ന് വടക്കെ ഇറ്റലിയിലുള്ള പീഡ്മോണ്ടിലെ ബെക്കി ഗ്രാമത്തില്‍ ജനിച്ച ഇടയച്ചെറുക്കനാണ്, പിന്നീട് ലോകത്ത് യുവജനങ്ങള്‍ക്ക് പ്രചോദനവും ആത്മീയ പിതാവുമായി തീര്‍ന്ന വിശുദ്ധ ജോണ്‍ ബോസ്ക്കോ. 1888 ജനുവരി 31-ന് ജോണ്‍ ബോസ്ക്കോ അന്തരിച്ചു. 1934 ഏപ്രില്‍ 1-ാം തിയതി 11-ാം പിയൂസ് പാപ്പാ ഡോണ്‍ ബോസ്ക്കോയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുയും യുവജനങ്ങളുടെ പിതാവും മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. വി. ജോണ്‍ ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമിയാണ് ഇപ്പോള്‍ ആഗോള സലീഷ്യന്‍ സഭയെ നയിക്കുന്ന അര്‍ജന്‍റീനിയ സ്വദേശിയായ ഫാദര്‍ ആംങ്കേല്‍ ആര്‍ത്തിമേ. റോമിലെ സഭാ ആസ്ഥാന്ത്ത് 2014 മാര്‍ച്ച് 24-ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും ദേശീയ പ്രതിനിധികളും ചേര്‍ന്നാണ് ഫാദര്‍ ആര്‍ത്തമേയെ സഭയുടെ ഭരണസാരഥ്യത്തിലേയ്ക്ക് തിരഞ്ഞെടുത്തത്.

Photo : Angel Fernandez Artime, the10th Successor of Don Bosco







All the contents on this site are copyrighted ©.