2014-04-10 19:16:35

ആഘോഷങ്ങളുടെ പൂരമല്ല
വിശ്വാസസംഗമമാണ് യുവജനമേള


10 ഏപ്രില്‍ 2014, റോം
ലോക യുവജനമേള ആഘോഷങ്ങളുടെ പൂരമല്ല, സാഹോദര്യത്തിന്‍റെ മഹോത്സവമാണെന്ന് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു. ഏപ്രില്‍ 10-ാം തിയതി വ്യാഴാഴ്ച റോമില്‍ ആരംഭിച്ച ആഗോള യുവജന സംഘാടക സമിതിയുടെ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇങ്ങനെ പ്രസ്താവിച്ചത്.

ആഘോഷങ്ങളുടെയും ആവേശത്തിന്‍റെയും പൂരമോ വെടിക്കെട്ടോ അല്ല, സഭയുടെ ലോകയുവജന മേള, മറിച്ച് അത് ക്രിസ്തുവിലുള്ള സാഹോദര്യത്തിന്‍റെ മഹാസംഗമവും, ക്രിസ്തുവിനോടുള്ള വ്യക്തിസംവാദത്തിന്‍റെ പാതയുമാണെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ 5 ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിച്ച് 90 രാജ്യങ്ങളില്‍നിന്നെത്തിയിട്ടുള്ള
യുവജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.

1985-ല്‍‍ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മേളയ്ക്ക് തുടക്കമിടുന്നത് ക്രിസ്തുവിന്‍റെ മരക്കുരിശ് കുരിശ് യുവജനങ്ങള്‍ക്ക് നല്കിക്കൊണ്ടാണെന്ന വസ്തുത കര്‍ദ്ദിനാള്‍ റയില്‍ക്കോ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. പാപ്പാമാരെ അനുധാവനംചെയ്യാനല്ല, ക്രിസ്തുവിനെ അനുകരിക്കുവാനാണ് ലോക യുവജനമേളകളെന്നും, ‘നിങ്ങള്‍ക്കു നല്കാന്‍ സ്വര്‍ണ്ണമോ, വെള്ളിയോ എന്‍റെ പക്കലില്ല, എനിക്കുള്ള ക്രിസ്തുവിനെ നല്കാനാണ് ഞാന്‍ വന്നത്,’ എന്ന് റിയോ യുവജനമേളയുടെ ആരംഭത്തില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോടു പറഞ്ഞത്, പാപ്പായുടെ ഹൃദയംകവര്‍ന്ന വാക്കുകളായിരുന്നെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

ആഗോളതലത്തിലുള്ള വിവിധ ദേശീയ മെത്രാന്‍ സമിതികളില്‍ നിന്നെത്തിയ യുവജന പ്രതിനിധികളും ആഗോള യുവജനമേളയുടം കേന്ദ്രകമ്മറ്റിയും, 2013-ല്‍ റിയോ മേള സംഘടിപ്പിച്ച ബ്രസീല്‍ കമ്മറ്റിയും, 2016 മേള സംഘടിപ്പിക്കാന്‍ പോകുന്ന പോളിഷ് സംഘവും വത്തിക്കാന്‍ വിളിച്ചുകൂട്ടിയിരിക്കുന്ന റോമിലെ ആസൂത്രണ സമിതി യോഗത്തിലും ചര്‍ച്ചകളിലും പങ്കെടുത്തു. 2013-ലെ ബ്രസീല്‍ മേളയുടെ വിലയിരുത്തല്‍, 5 ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടെ മേളയിലെ വിശ്വാസ അനുഭവവും സാക്ഷൃവും, പോളണ്ടിലെ ഒരുക്കങ്ങള്‍, പുതിയ പദ്ധതികള്‍, മേളയുടെ നവമായ അജപാലന ബലതന്ത്രം എന്നിവ ഏപ്രില്‍ 13 വരെ നീണ്ടുനില്ക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടും.

മേളയുടെ ഉത്തരവാദിത്വം വഹിക്കുന്ന അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ, ക്രാക്കോ മേളയുടെ സംഘാടക സമിതി പ്രസിഡന്‍റും ക്രാക്കോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് ഡിവിസ്, റിയോ മേളുടെ സംഘാടകനും റിയോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഒറാനി ടെംപെസ്റ്റാ എന്നവരാണ് യുവിജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും ത്രിദിന സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്ക്കുന്നത്. ഏപ്രില്‍ 13-ാം തിയതി യുവജന പ്രതിനിധികളും സമിതി അംഗങ്ങളും വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. അന്ന് റോമാ രൂപത 29-ാം യുവജനദിനം ആഘോഷിക്കുന്ന അവസരംകൂടിയാണ്.

2016 ജൂലൈ 25-മുതല്‍ ആഗസ്റ്റ് 1-വരെ തിയതികളിലാണ് പോളണ്ടിലെ ക്രാക്കോയില്‍ മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ലോകയുവജനമേള സമ്മേളിക്കാന്‍ പോകുന്നത്.








All the contents on this site are copyrighted ©.