2014-04-09 19:21:08

കര്‍ദ്ദിനാള്‍ ഡേലി കാലംചെയ്തു
പാപ്പാ അനുശോചിച്ചു


9 ഏപ്രില്‍ 2014, വത്തിക്കാന്‍
നീതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍ ഇറാക്കിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തിയ ആത്മീയ നേതാവായിരുന്നു കാലംചെയ്ത പാത്രിയര്‍ക്കിസ് ഡേലിയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
പാത്രിയര്‍ക്കിസ് ഡേലിയുടെ നിര്യാണത്തില്‍ അനുശോച്ചുകൊണ്ട് വത്തിക്കാനില്‍ന്നും
ഏപ്രില്‍ 9-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു.
ബാബിലോണിലെ പാത്രിയാര്‍ക്കിസ് ലൂയി സാഖാ പ്രഥമന്‍ വഴിയാണ് കാല്‍ഡിയന്‍ സഭയുടെ മുന്‍അദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ഡേലിയുടെ നിര്യാണത്തില്‍ പാപ്പാ അനുശോചന സന്ദേശം ജനങ്ങളെയും അവിടത്തെ സഭാനേതൃത്വത്തെയും അറിയിച്ചത്.

അന്തരിച്ച പാത്രിയര്‍ക്കിസ് ഡേലിയുടെ ആത്മാവിനെ ദൈവികകാരുണ്യത്തിന് സന്ദേശത്തിലൂടെ സമര്‍പ്പിച്ച പാപ്പാ, കാല്‍ദായ വിശ്വാസസമൂഹത്തിനും, അജപാലന നേതൃത്വത്തിനും തന്‍റെ ആദരപൂര്‍വ്വമായ പ്രാര്‍ത്ഥന നേരുകയും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ബാബിലോണിലെ കാല്‍ഡിയന്‍ സഭയുടെ മുന്‍അദ്ധ്യക്ഷന്‍, ബാബിലോണിലെ കാല്‍ഡിയന്‍ സഭയുടെ പാത്രിയര്‍ക്കിസ്, കര്‍ദ്ദിനാള്‍ ഇമ്മാനുവല്‍ ഡേലി ത്രിദിയന്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഏപ്രില്‍ 8-ാം തിയതി ചെവ്വാഴ്ചയാണ് കാലംചെയ്തത്. 87-ാമത്തെ വയസ്സില്‍ അമേരിക്കയിലെ കലിഫോര്‍ണിയയിലായിരുന്നു കര്‍ദ്ദിനാള്‍ ഡേലിയുടെ അന്ത്യം. അമേരിക്കയിലെ ബന്ധുമിത്രാദികളുടെ പരിചരണയിലായിരുന്ന കര്‍ദ്ദിനാള്‍ ഡേലിയുടെ അന്ത്യകാലം. അന്തിമോപചാര ശുശ്രൂഷകള്‍ ശനിയാഴ്ച ഏപ്രില്‍ 12-ാം തിയതി ഡിട്രോയിറ്റില്‍ നടത്തപ്പെടും. ഇതോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 216 ആയി കുറയുകയാണ്. അതില്‍ 120 പേര്‍ 80 വയസ്സിനുതാഴെ പ്രായപരിധിയില്‍ സഭാകാര്യങ്ങളില്‍ വോട്ടവകാശമുള്ളവരും 96-ല്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

ഇറാക്കിലെ മൊസൂളില്‍ 1926-ലാണ് ജനനം. 1963-ല്‍ വൈദികനായി. പാത്രിയര്‍ക്കിസ് പോള്‍ ചെയ്ക്കോ ദ്വിതയന്‍റെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൗരസ്ത്യ പശ്ചാത്യ കാനോന നിയമങ്ങളുടെയും, ഒപ്പം ഇസ്ലാമിക കാര്യങ്ങളുടെയും പണ്ഡിതനായിരുന്നു കാലംചെയ്ത കര്‍ദ്ദിനാള്‍ ഡേലി. രണ്ടാ വത്തിക്കാന്‍ സൂനിഹദോസില്‍ കാല്‍ഡിയന്‍ സഭാ പ്രതിനിധിയായി പങ്കെടുത്തു. 1967-ല്‍ കാസ്ക്കാറിന്‍റെ മെത്രാപ്പോലീത്തയായി. 2003-ല്‍ ആരംഭിച്ച ഇറാക്ക് യുദ്ധത്തിന്‍റെ നാടകീയ പശ്ചാത്തിലത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ കാല്‍ഡിയന്‍ സഭാസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഡേലി ബാബിലോണിന്‍റെ പാത്രിയര്‍ക്കിസും മെത്രാപ്പോലീത്തയുമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇറാക്കിലെ 80 ശതമാനം ക്രൈസ്തവരും കല്‍ദായ സഭാംഗങ്ങളാണ്.

യുദ്ധത്തിന്‍റെ ക്രൈസ്തവ പീഡനത്തിന്‍റെയും ഇരുണ്ട കാലഘട്ടത്തിലാണ് പാത്രിയാര്‍ക്കിസ് ഡേലി ധീരമായി സഭയെ നയിച്ചത്. 2007-ല്‍ മുന്‍പാപ്പാ ബനഡിക്ട് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി. 2012-ല്‍ സ്ഥാനത്യാഗംചെയ്യുംവരെ ഇറാക്കിലെ വിശ്വാസസമൂഹത്തിന്‍റെ ധാര്‍മ്മികവും ആത്മീയവുമായി സുരക്ഷ ഉറപ്പുവരുത്താന്‍ അശ്രാന്ത പരിശ്രമംചെയ്ത് അത്മീയ നേതാവായിരുന്നു ദിവംഗതനായ കര്‍ദ്ദിനാള്‍ ഡേലി.








All the contents on this site are copyrighted ©.