2014-04-09 19:41:33

പാപ്പാ ഫ്രാന്‍സിസ് അഗതികള്‍ക്കൊപ്പം
പെസഹാ ആചരിക്കും


9 ഏപ്രില്‍ 2014, വത്തിക്കാന്‍
പാവപ്പെട്ട രോഗികളെയും അംഗവൈകല്യമുള്ളവരെയും പരിചരിക്കുന്ന റോമിലെ അഗതിമന്ദിരത്തിലായിരിക്കും ഇക്കുറി പാപ്പാ ഫ്രാന്‍സിസ് പെസഹാനാളില്‍ കാലുകഴുകല്‍ ശുശ്രൂഷ നടത്തി, തിരുവത്താഴപൂജ അര്‍പ്പിക്കുന്നതെന്ന് ഏപ്രില്‍ 8-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

പുനരധിവാസ കേന്ദ്രം, അനാഥരും അംഗവൈകല്യമുള്ളവരുമായ കുട്ടികളുടെയും മന്ദിരം എന്നിവ ഉള‍പ്പെടെ 200 ഓളം അഗതികളുള്ള സ്ഥാപനമാണ് ‘മറിയത്തിന്‍റെ ദൈവപരിപാലനയുടെ ഭവനം’ എന്ന പേരില്‍ അറിയപ്പെടുന്ന ഡോണ്‍ കാര്‍ളോ നോക്കി ഫൗണ്‍ഡേഷന്‍ നടത്തുന്ന പ്രസ്ഥാനം.

സ്ഥാപനത്തോടു ചേര്‍ന്നുള്ള കപ്പേളയില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് പാപ്പാ നേതൃത്വംനല്കുമെന്നും, അന്തേവാസികളോടുകൂടെ അവരുടെ ബന്ധുമിത്രാദികളും, സമീപവാസികളും പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നും ഏപ്രില്‍ 8-ാം തിയതി വൈകുന്നേരം
വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രസ്താവന വ്യക്തമാക്കി.

2003-വരെ കൊത്തലേങ്കോ സന്ന്യാസസഭയുടെ സ്ഥാപനമായിരുന്ന അഗതിമന്ദിരം 2003-മുതലാണ് ഡോണ്‍ നോക്കി ഫൗണ്ടേഷന്‍റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ പെസഹാവ്യാഴാഴ്ചത്തെ ശുശ്രൂഷകള്‍ പാപ്പാ റോമിലുള്ള കാസാ ദെല്‍ മാര്‍മോ
(Casa del Marmo) എന്ന പേരില്‍ അറിയപ്പെടുന്ന യുവജനങ്ങള്‍ക്കായുള്ള ജയിലിലാണ് ആര്‍പ്പിച്ചത്.
All the contents on this site are copyrighted ©.