2014-04-08 10:31:28

സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവം (2)
നിറഞ്ഞുനില്ക്കുന്ന ദൈവിക വീക്ഷണം


RealAudioMP3
ഈ പരമ്പര സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവത്തെക്കുറിച്ചാണ്. സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയവും ശ്രേഷ്ഠവുമായ 22-ാം സങ്കീര്‍ത്തനമാണ് പഠനസഹായിയായി ഉപയോഗിച്ചിരിക്കുന്നത്.

Psalm 22 v.1 നാഥന്‍ കൃപാലു ഇടയന്‍ മമ ജീവരക്ഷ തരുവോന്‍
പൂവോലും പുല്‍ത്തകിടികള്‍ മേച്ചില്‍ വിരിച്ചവയല്ലോ
നാഥന്‍ കൃപാലുഇടന്‍
തെളിവാര്‍ന്ന തീര്‍ത്ഥം പാനംചെയ്തു വിശ്രാന്തിയണയാന്‍
പീയൂഷശീതളമാകും ആരമ്യനിലയം പൂകും
ആരമ്യനിലയം പൂകും – നാഥന്‍ കൃപാലുഇടയന്‍

സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവം, അല്ലെങ്കില്‍ അവയുടെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് എന്തു പഴക്കമുണ്ടെന്നാണ് ആരായുന്നത്. ഉത്തരങ്ങള്‍ വിഭിന്നങ്ങളാണ്. ഇസ്രായേലിന്‍റെ വിപ്രവാസത്തിനു മുന്‍പും പിന്‍പും ഉണ്ടായിട്ടുള്ളതാണ് സങ്കീര്‍ത്തനങ്ങള്‍ എന്നു അഭിപ്രായപ്പെടുന്നവരുണ്ട്. അപ്പോള്‍ വിപ്രവാസം എന്താണെന്നും ഹ്രസ്വമായി പറയണമല്ലോ. ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്ന നെബുക്കദനേസ്സര്‍ ജരൂസലേം അക്രമിച്ച് കീഴടക്കിയതാണ് യഹുദരുടെ വിപ്രവാസത്തിന് exile, diaspora-യ്ക്ക് കാരണമാകുന്നത്. അങ്ങനെ ബാബിലോണ്‍, ഈജിപ്റ്റ് എന്നിവിടങ്ങളിലായി യൂദയാ സാമ്രാജ്യം, യഹൂദജനം ചിതറിപ്പോയതാണ് ചുരുക്കത്തില്‍ വിപ്രവാസം.

ചില സങ്കീര്‍ത്തനങ്ങള്‍ വിപ്രവാസകാലത്ത് രൂപംകൊണ്ടതാണ് അതായത് ക്രിസ്തുവിന് 800 – 500 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് കണക്കാക്കപ്പെടുന്നു. വേറെ ചില സങ്കീര്‍ത്തനങ്ങള്‍ വിപ്രവാസത്തിനുശേഷവുമാണെന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു (500-200 ക്രി. മു.).
എന്നാല്‍ ചില സങ്കീര്‍ത്തനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ കാലഘട്ടത്തിന്‍റെ സവിശേഷതകള്‍
ഉള്ളതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പൊതുവെ സ്വീകാര്യമായ സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവചരിത്രം, അവ വിപ്രവാസത്തിനു മുന്‍പ് രചിക്കപ്പെട്ടു എന്നതാണ്. അതായത്, ക്രിസ്തുവിന് ഏകദേശം 1000 – 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടുവെന്നാണ്.

Psalm 22 v.2 കുറവേതുമേ എനിക്കില്ല സുഖമോലുമെന്‍റെ വാസം
നാഥന്‍റെ മേട്ടിലെന്നും ആനന്ദമേളനമല്ലോ, ആനന്ദമേളനമല്ലോ
നാഥന്‍ കൃപാലുഇടന്‍
പുകപോലെ മൃത്യു നിഴലോ ചൂഴ്ന്നാലുമാകെവിരവില്‍
നൈരാശ്യമേന്തി ഭീരു ആകില്ല ഞാനൊരുതെല്ലും, ആകില്ല ഞാനൊരുതെല്ലും
നാഥന്‍ കൃപാലു ഇടയന്‍.

ഗ്രന്ഥകര്‍ത്താവ്
ആരാണ് സങ്കീര്‍ത്തനങ്ങള്‍ രചിച്ചത് എന്നതാണ് അടുത്ത പഠനം? ദാവീദ് രാജാവാണ് സങ്കീര്‍ത്തനങ്ങളുടെ കര്‍ത്താവ് എന്നത് പരമ്പരാഗതമായുള്ള ധാരണയാണ്. അതിന് ഉപോദ്ബലകമായ, അല്ലെങ്കില്‍ വളരെ അധികം ഉറപ്പുനല്കുന്ന തെളിവുകളുമുണ്ട്. ഇസ്രായേലിന്‍റെ ആരാധനക്രമ സംഘാടകനും ഗാനരചയിതാവും സംഗീതവിദഗ്ദ്ധനുമായിട്ടാണ് ദാവീദിനെപ്പറ്റി ബൈബിളില്‍ സാമുവേലിന്‍റെ ഒന്നാം പുസ്തകം പരാമര്‍ശിക്കുന്നത് (1 സാമൂ. 16, 18). കിന്നരം മീട്ടി, പാട്ടുപാടി നടന്നിരുന്ന യൂദയായിലെ ബതലഹേമില്‍നിന്നുള്ള ഇടയച്ചെറുക്കനായിട്ട് അതേ ഗ്രന്ഥം മറ്റൊരു ഭാഗത്തും ദാവീദിനെ ചിത്രീകരിക്കുന്നുണ്ട്, പരിചയപ്പെടുത്തുന്നുണ്ട്.
ബൈബിളിലെ 73 സങ്കീര്‍ത്തനങ്ങള്‍ക്ക് (ഗ്രീക്കില്‍ 84-നും) ദാവീദിന്‍റേത് of David
എന്ന ശീര്‍ഷകമുള്ളത് ഇതിന് പിന്‍ബലമായുണട്. തന്നെയുമല്ല, ദാവീദ് സങ്കീര്‍ത്തനങ്ങള്‍ രചിച്ചുവെന്ന് ചില പുതിയനിയമ ഗ്രന്ഥകര്‍ത്താക്കളും സാക്ഷൃപ്പടുത്തുന്നുണ്ട്. ‘ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ കര്‍ത്താവ് എപ്പോഴും എന്‍റെ കൂടെയുണ്ട്. ജീവന്‍റെ വഴികള്‍ അവിടുന്ന് എന്നിക്കു കാണിച്ചു തരുന്നു’ (നടപടി 2, 25-34). സങ്കര്‍ത്തനങ്ങള്‍ ദാവീദിന്‍റേതാണ് എന്ന ധാരണയിലാണ് മേല്‍ വരികള്‍ നപടിപ്പുസ്തകത്തിന്‍റെ രചയിതാവ് സമര്‍ത്ഥിക്കുന്നത്. എങ്കിലും വിപരീതാഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്.

വിശുദ്ധരും ബൈബിള്‍ പരിഭാഷകരുമായ ജെറോമും ഹിലാരിയും എല്ലാ സങ്കീര്‍ത്തനങ്ങളും ദാവീദാണ് രചിച്ചതെന്ന് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ത്രെന്തോസ് സൂനഹദോസും (The Council of Trent) 150 സങ്കീര്‍ത്തനങ്ങളും ദാവീദിന്‍റേതാണെന്ന് മനസ്സിലാക്കേണ്ടതില്ല, എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. അതുകൊണ്ട്, ഓരോ സങ്കീര്‍ത്തനത്തെയും സംബന്ധിച്ചുള്ള വിശദമായ ഗവേഷണവും പഠനവും മാത്രമേ അന്തിമതീരുമാനത്തില്‍ എത്താന്‍ നമ്മെ സഹായിക്കുകയുള്ളൂ. എങ്കിലും പൊതുവായി പറഞ്ഞാല്‍, ദാവീദ് രാജാവ് സങ്കീര്‍ത്തനങ്ങളുടെ കര്‍ത്താവെന്ന് പണ്ഡിതാന്മാര്‍ സ്ഥാപിക്കുന്നു.

Psalm 22 v.3 സുപഥേ നയിക്കുന്ന ദണ്ഡും നീയേകും ഊന്നുവടിയും
ധീരാത്മഭാവനാക്കാന്‍ എന്നെയനുഗമിക്കുന്നു
നാഥന്‍ കൃപാലു ഇടയന്‍
നവതൈലലേപ സുധയാല്‍ എന്‍മേനി പൂശുന്നിടയന്‍
പാനീയ ഭോജനങ്ങള്‍ സമ്പല്‍ വിധേനതരുന്നു,
സമ്പല്‍ വിധേനതരുന്നു
നാഥന്‍ കൃപാലുഇടയന്‍.

സങ്കീര്‍ത്തനങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച്
മനുഷ്യന്‍റെ മതാത്മകാനുഭവത്തിന്‍റെ ശക്തമായ ഭാവങ്ങള്‍ പ്രകടമാക്കുന്ന ഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍ എന്നു പറയാം. അതായത് പ്രാര്‍ത്ഥന, സ്തുതി-സ്തോത്രം, നന്ദിപ്രകടനം, ശരണം, വിലാപം തുടങ്ങിയ അനുഭവങ്ങളുടെ പ്രകടമായ പ്രകാശനമാണ് സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. അതുകൊണ്ടുതന്നെ, സങ്കീര്‍ത്തനങ്ങളെ വിശുദ്ധഗ്രന്ഥത്തിന്‍റെ ആദ്ധ്യാത്മികതയുടെ ദര്‍പ്പണം... കണ്ണാടിയായും, പ്രചോദനമായും പണ്ഡിതന്മാരും സഭാ പിതാക്കന്മാരും വിശേഷിപ്പിക്കാറുണ്ട്. ഇസ്രായേലിന്‍റെ മതാത്മക ജീവിതത്തിന്‍റെ ആത്മാവിനെയാണ് നാം സങ്കീര്‍ത്തനത്തിന്‍റെ ഏടുകളില്‍ കണ്ടെത്തുന്നത്. ഇവിടെ ഭക്തിയും ദൈവശാസ്ത്രവും, ധാര്‍മ്മികതയും പ്രാമാണികമായ സിദ്ധാന്തങ്ങളും വേര്‍തിരിച്ച് കാണേണ്ടതില്ല. മതാത്മക തത്ത്വങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന വേദിയായിട്ടും സങ്കീര്‍ത്തനങ്ങളെ കണക്കാക്കേണ്ടതില്ല. ആകെയുള്ള 150 സങ്കീര്‍ത്തനങ്ങളില്‍ ഭക്തിയുടെ വൈവിധ്യമാര്‍ന്ന രൂപത്തിലും ഭാവത്തിലുമാണ് ദൈവശാസ്ത്ര ചിന്തകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും മനസ്സിലാക്കാം, എന്നത് സങ്കീര്‍ത്തനങ്ങളുടെ സവിശേഷതയാണെന്നും പഠിക്കാം.

Psalm 22 v.4
കൃപയും നല്ലാശിസ്സുമെല്ലാം ഏകീടുവോനെന്നിടയാ
വാഴും സൗഭാഗ്യമോടെ ഞാന്‍ നിന്‍ ഗൃഹാന്തികത്തില്‍
നാഥന്‍ കൃപാലു ഇടയന്‍. fine

അനശ്വരതയുടെ പരിവേഷം പൂണ്ട സങ്കീര്‍ത്തനമാണ് 22, ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു...,’ ‘The Lord is my shepherd…’ പയോഗത്തിന്‍റെ സാര്‍വ്വലൗകീകതയും ഉള്ളടക്കത്തിന്‍റെ സാധാരണത്വവും ഹൃദ്യതയുംകൊണ്ട് ‘സങ്കീര്‍ത്തനങ്ങളുടെ സങ്കീര്‍ത്തനം’എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ദൈവസ്നേഹത്തില്‍ ശരണം ഗമിക്കുന്ന ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്.
സങ്കീര്‍ത്തനം ആലപിച്ചിരിക്കുന്നത് ഡോക്ടര്‍ സതീഷ് ഭട്ടും സംഘവുമാണ്.

Psalm 22 1. നാഥന്‍ കൃപാലു ഇടയന്‍ മമ ജീവരക്ഷതരുവോന്‍
പൂവോലും പുല്‍ത്തകിടികള്‍ മേച്ചില്‍ വിരിച്ചവയല്ലോ –
നാഥന്‍ കൃപാലുഇടന്‍
തെളിവാര്‍ന്ന തീര്‍ത്ഥം പാനംചെയ്തു വിശ്രാന്തിയണയാന്‍
പീയൂഷശീതളമാകും ആരമ്യനിലയം പൂകും
ആരമ്യനിലയം പൂകും – നാഥന്‍ കൃപാലുഇടയന്‍

2. കുറവേതുമേ എനിക്കില്ല സുഖമോലുമെന്‍റെ വാസം
നാഥന്‍റെ മേട്ടിലെന്നും ആനന്ദമേളനമല്ലോ, ആനന്ദമേളനമല്ലോ
നാഥന്‍ കൃപാലുഇടന്‍
പുകപോലെ മൃത്യു നിഴലോ ചൂഴ്ന്നാലുമാകെവിരവില്‍
നൈരാശ്യമേന്തി ഭീരു ആകില്ല ഞാനൊരുതെല്ലും ആകില്ല ഞാനൊരുതെല്ലും
നാഥന്‍ കൃപാലു ഇടയന്‍.

3. സുപഥേ നയിക്കുന്ന ദണ്ഡും നീയേകും ഊന്നുവടിയും
ധീരാത്മഭാവനാക്കാന്‍ എന്നെയനുഗമിക്കുന്നു
നാഥന്‍ കൃപാലു ഇടയന്‍
നവതൈലലേപ സുധയാല്‍ എന്‍മേനി പൂശുന്നിടയന്‍
പാനീയഭോജനങ്ങള്‍ സമ്പല്‍ വിധേനതരുന്നു
സമ്പല്‍ വിധേനതരുന്നു
നാഥന്‍ കൃപാലുഇടയന്‍.
4. കൃപയും നല്ലാശിസ്സുമെല്ലാം ഏകീടുവോന്‍ എന്നിടയാ
വാഴും സൗഭാഗ്യമോടെ ഞാന്‍ നിന്‍ ഗൃഹാന്തികത്തില്‍
നാഥന്‍ കൃപാലു ഇടയന്‍.
fineAll the contents on this site are copyrighted ©.