2014-04-05 09:27:49

ലോക യുവജനസംഗമം
സംഘാടക സമിതിയോഗം റോമില്‍


5 ഏപ്രില്‍ 2014, റോം
‘2016-ല്‍ ക്രാക്കോയിലേയ്ക്ക്...’ എന്ന ശീര്‍ഷകത്തില്‍ അടുത്ത ലോക യുവജനമേളയുടെ കമ്മിറ്റി റോമില്‍ സംഗമിക്കും. ഏപ്രില്‍ 10-മുതല്‍ 13-വരെ തിയതികളിലാണ് അടുത്ത ലോക യുവജനമേളയ്ക്ക് ഒരുക്കമായുള്ള സംഘാടക സമിതി അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ റോമില്‍ സംഗമിക്കുന്നത്.

ആഗോളതലത്തിലുള്ള വിവിധ ദേശീയ മെത്രാന്‍ സമിതികളുടെ യുവജന പ്രതിനിധികളും കേന്ദ്രകമ്മറ്റിയും,
2013-ല്‍ റിയോ മേള സംഘടിപ്പിച്ച ബ്രസീല്‍ കമ്മറ്റിയും, 2016 മേള സംഘടിപ്പിക്കാന്‍ പോകുന്ന പോളിഷ് സംഘവും വത്തിക്കാന്‍ വിളിച്ചുകൂട്ടിയിരിക്കുന്ന ആസൂത്രണ സമിതിയുടെ യോഗത്തിലും ചര്‍ച്ചകളിലും പങ്കെടുക്കും.
2013-ലെ ബ്രസീല്‍ മേളയുടെ വിലയിരുത്തല്‍, 5 ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടെ മേളയിലെ വിശ്വാസ അനുഭവവും സാക്ഷൃവും, പോളണ്ടിലെ ഒരുക്കങ്ങള്‍, പുതിയ പദ്ധതികള്‍, മേളയുടെ നവമായ അജപാലന ബലതന്ത്രം എന്നിവ വിവിധ ദിവസങ്ങളിലായി ചര്‍ച്ചചെയ്യപ്പെടും.

ഏപ്രില്‍ 13-ാം തിയതി സമ്മേളിച്ച യുവജന പ്രതിനിധികളും സമിതി അംഗങ്ങളും വത്തിക്കാനില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ഓശാന ഞായര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
അന്ന് റോമാ രൂപത 29-ാം യുവജനദിനം ആഘോഷിക്കുന്ന അവസരംകൂടിയാണ്. മേളയുടെ ഉത്തരവാദിത്വം വഹിക്കുന്ന അല്‍മായുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ, ക്രാക്കോ മേളയുടെ സംഘാടക സമിതി പ്രസിഡന്‍റും ക്രാക്കോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് ഡിവിസ്, റിയോ മേളുടെ സംഘാടകനും റിയോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഒറാനി ടെംപെസ്റ്റാ എന്നവര്‍ യുവിജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്ക്കുമെന്ന് Pontifial Council for Laity-യുടെ പ്രസ്താവന വ്യക്തമാക്കി.

2016 ജൂലൈ 25-മുതല്‍ ആഗസ്റ്റ് 1-വരെ തിയതികളിലാണ് പോളണ്ടിലെ ക്രാക്കോയില്‍ മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ലോകയുവജനമേള സമ്മേളിക്കാന്‍ പോകുന്നത്.









All the contents on this site are copyrighted ©.