2014-04-05 09:48:14

ഹൃദയത്തിന്‍റെ ഭാഷണമായ
പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പാ


5 ഏപ്രില്‍ 2014, വത്തിക്കാന്‍
പ്രാര്‍ത്ഥന സൗഹൃദത്തിന്‍റെ സംഭാഷണമാക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഏപ്രില്‍ 3-ാം തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

പുറപ്പാടു ഗ്രന്ഥത്തിലെ ആദ്യവായനയുടെയും അതിലെ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്.

മോശയുടെ അസാന്നിദ്ധ്യത്തില്‍ ലക്ഷൃബോധം നഷ്ടപ്പെട്ട ജനം സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കാന്‍ തുടങ്ങി. ഇസ്രായേല്യരെ ദൈവം കഠിനമായി ശിക്ഷിക്കുമെന്ന് ഉറപ്പായിരിരുന്നു. എന്നാല്‍ ജനനേതാവായ മോശ ദൈവത്തോടു സ്നേഹിതനെപ്പോലെ നടത്തിയ യാചനകളും കണക്കുപറച്ചിലും ആവലാതിയും വേവലാതിയുമാണ് വീണ്ടും ജനത്തോട് ദൈവം കരണകാണിക്കാന്‍ കാരണമായതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

പൂര്‍വ്വകാലങ്ങളില്‍ ദൈവം തന്‍റെ ജനത്തിനു ചെയ്തിട്ടുള്ള നന്മകള്‍ മോശ അനുസ്മരിച്ചുകൊണ്ടാണ്, ഇനിയും അങ്ങ് കഠിനചിത്തനാകരുത് ദൈവമേ, ഈ ജനത്തോടും തന്നോടും കരുണകാണിക്കണമേ, എന്നു പ്രാര്‍ത്ഥിച്ചത്.

മോശയുടെ പാര്‍ത്ഥനയില്‍ സൗഹൃദവും സ്വാതന്ത്ര്യവും, യുക്തിയും, നിര്‍ബന്ധവും ഉണ്ടായിരുന്നുവെന്ന്
പാപ്പാ ചൂണ്ടിക്കാട്ടി. ദൈവവുമായുള്ള മുഖാമുഖം സംവാദത്തില്‍നിന്നും ലഭിക്കുന്ന ആത്മബലത്തിലാണ് മോശ മലയിറങ്ങിവന്ന് വീണ്ടും ജനത്തെ നയിക്കുന്നതും. പ്രാര്‍ത്ഥനയാണ് അനുദിന ജീവിതത്തിന് വീര്യവും പ്രചോദനവും പകരേണ്ടത്. പ്രാര്‍ത്ഥനയില്‍ ലഭിക്കുന്ന കൃപയുടെ ശക്തി നല്കുന്നത് ദൈവാത്മാവാണ്, പരിശുദ്ധാത്മാവാണെന്ന് പാപ്പാ പ്രസ്താവിച്ചു. നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതും നയിക്കുന്നതും പരിശുദ്ധാത്മാവാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മോശ പഴയനിയമത്തില്‍ നല്കിയ ദൈവിക കാരുണ്യത്തിന്‍റെ സാക്ഷൃമാണ് പുതിയ മോശ, ക്രിസ്തു നല്കുന്നത്, എന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗം (യോഹ. 5, 31-47) ഉദ്ധരിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്.
All the contents on this site are copyrighted ©.