2014-04-05 10:00:24

ജീവരസത്തിന്‍റെ പുഴയൊഴുകുന്നു
(തപസ്സിലെ അഞ്ചാം ഞായര്‍)


RealAudioMP3
വി. യോഹന്നാന്‍ 11, 1-42
യേശു മാര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
അപ്പോള്‍ യേശു അവരോട് വ്യക്തമായി പറഞ്ഞു. “ലാസര്‍ മരിച്ചുപോയി. നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്‍റെ അവിടുത്തേയ്ക്കു പോകാം.”

മാര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ അനേകം യഹൂദര്‍ ബഥനിയില്‍ എത്തിയിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മാര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു. മാര്‍ത്താ യേശുവിനോടു പറഞ്ഞു. “കര്‍ത്താവേ, നീ ഇവിടയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം.” യേശുപറഞ്ഞു. “നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.” മാര്‍ത്താ പറഞ്ഞു. “അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.” യേശു അവളോടു പറഞ്ഞു. “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുയില്ല്. ഇതു നീ വിശ്വസിക്കുന്നുവോ?” അവള്‍ പറഞ്ഞു, “ഉവ്വ്, കര്‍ത്തവേ, നീ ലോകത്തിലേയ്ക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വിസിക്കുന്നു.”
യേശു പറഞ്ഞു. “ആ കല്ലെടുത്തു മാറ്റുവിന്‍.” ഇതു പറഞ്ഞിട്ട് അവിടുത്ത് ഉറക്കെ വിളിച്ചുപറഞ്ഞു. “ലാസറേ, പുറത്തു വരുക!”
അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു. മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു. “അവന്‍റെ കെട്ടുകളഴിക്കുവിന്‍.
അവന്‍ സ്വതന്ത്രനാകട്ടെ.”

ഒരിക്കല്‍ ഒരു വിധവ ശ്രീബുദ്ധനെ സമീപിച്ചു പറഞ്ഞു. “ഗുരോ എനിക്ക് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ.
ദാ, അവന്‍ മരണമടഞ്ഞു. അങ്ങു വിചാരിച്ചാല്‍ എന്‍റെ മകന് ജീവന്‍നല്കാനാകും.” ബുദ്ധന്‍ പറഞ്ഞു.
“സഹോദരീ, പോയി കുറച്ചു കടുകുമായി വരൂ. ഞാനവന് ജീവന്‍നല്കാം. എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കണം... നിങ്ങള്‍ കൊണ്ടുവരുന്ന കടുക് നാളിതുവരെ ആരും മരിച്ചിട്ടില്ലാത്ത വീട്ടില്‍ നിന്നായിരിക്കണം.”
ബുദ്ധദേവന്‍റെ വാക്കുകേട്ട വിധവ കടുകുതേടി നാടെങ്ങും നടന്നു. അന്ന് സന്ധ്യയാവോളം അലഞ്ഞു തിരിഞ്ഞിട്ടും ആരും മരിച്ചിട്ടില്ലാത്ത വീട് അവള്‍ക്ക് കണ്ടെത്താനായില്ല. നിരാശയായി തിരിച്ചെത്തിയ വിധവയോട് ബുദ്ധന്‍ പറഞ്ഞു. “മകളേ, മരണമെന്നത് മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം മറികടക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.
അതിനാല്‍ മരിച്ചവരെയോര്‍ത്ത് വ്യാകുലപ്പെട്ട് സമയം കളയാതെ, മരണമെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. അനുദിനമുള്ള പുതിയ ജീവിതത്തിനായി പരിശ്രമിക്കുക.”

ജീവന്‍റെ, നിത്യജീവന്‍റെ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നല്കുന്നത്. സാധാരണചിന്താ ഗതിയില്‍ മരണം മനുഷ്യര്‍ക്ക് ലോകത്തില്‍നിന്നുള്ള അന്ത്യവിരാമമാണ്. അതിനാല്‍ത്തന്നെ അത് ദുഃഖകരാണവുമാണ്. എന്നാല്‍ മരണമടയുന്നവര്‍ ദൈവത്തിന്‍റെ മുന്നില്‍ നിത്യത പുല്‍കുകയാണ്. ദൈവികജീവനില്‍ അവര്‍ പങ്കുചേരുകയാണ്. അതുകൊണ്ടായിരിക്കാം, ലാസര്‍ മരണാസന്നനായി കിടക്കുന്നു എന്നറിഞ്ഞിട്ടും യേശുവിനെ അത് തെല്ലും പരിഭ്രാന്തനാകാതിരുന്നത്. മാത്രമല്ല യേശുവും ശിഷ്യന്മാരും അപ്പോള്‍ നിന്നിരുന്ന സ്ഥലത്തുനിന്ന് ബഥനി രണ്ടു ദിവസത്തെ യാത്ര അകലെയായിരുന്നു. അതിനാല്‍ എത്ര തത്രപ്പെട്ട് യാത്രചെയ്താലും അതിനു മുന്‍പായി തന്‍റെ സ്നേഹിതന്‍ ലാസര്‍ മരിച്ചിരിക്കുമെന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു. അതിനാലായിരിക്കണം അവിടേയ്ക്ക് പുറപ്പെടാന്‍ ക്രിസ്തു കൂട്ടാക്കാതിരുന്നത്.

ലാസറിനെ ഉയിര്‍പ്പിച്ച സംഭവം ക്രിസ്തുവിന്‍റെ മഹത്വീകരണത്തിന്‍റെ ഭാഗമാണ്. അവിടുന്ന് ജീവന്‍റെയും മരണത്തിന്‍റെയും അതിനാഥനാണെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. ‘താന്‍ പുനരുത്ഥാനവും ജീവനുമാണെന്ന്,’ (യോഹ.11, 25) ക്രിസ്തു ഇതുവഴി സമര്‍ത്ഥിക്കുകയാണ്. സംഭവത്തിന് ദൃക്സാക്ഷിയായ സുവിശേഷകന്‍ യോഹന്നാന്‍ രേഖപ്പെടുത്തുന്നത്, ‘മരണത്തിന്മേല്‍ അധികാരമുള്ള ദൈവത്തെ’യാണ് ക്രിസ്തുവില്‍ ലോകം കണ്ടത്, എന്നാണ്. ഒപ്പം, സ്വര്‍ഗ്ഗീയപിതാവും ക്രിസ്തുവും തമ്മിലുള്ള ഗാഢമായ ബന്ധവും ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. തന്നെ ലോകത്തിലേയ്ക്ക് അയച്ചത് പിതാവാണെന്ന് സകലര്‍ക്കും വെളിപ്പെടുത്തി കൊടുക്കുന്ന സുവിശേഷ സംഭവവും ഇതുതന്നെയാണ്.

സൗരയൂഥങ്ങളും ക്ഷീരപദങ്ങളുമുള്ള ഈ പ്രപഞ്ചത്തില്‍ ജീവനുണ്ടെന്ന് ഉറപ്പുള്ളത് നീലഗ്രഹത്തില്‍ മാത്രമാണ്. ജീവന്‍ അഗാധമായ ധ്യാനവും പ്രണാമവും കരുതലും അര്‍ഹിക്കുന്നുണ്ട്. ജീവന്‍റെ അതിനാഥന്‍ ഈശ്വരനാണ്, ദൈവമാണ് എന്ന സത്യം അതുകൊണ്ട്, ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം നാം അനുദിനം ഏറ്റുപറയേണ്ടിയിരിക്കുന്നു. ദൈവം മണ്ണിനെ ചുംബിച്ചപ്പോഴാണ് ജീവന്‍റെ ആഘോഷം ലോകത്ത് ആരംഭിച്ചതുതന്നെ. മനുഷ്യന്‍റെ സൃഷ്ടികഥ അതാണ് വെളിപ്പെടുത്തുന്നത്. മണ്ണുകൊണ്ടാണ് ദൈവം മനുഷ്യനെ മെനഞ്ഞെടുത്തത്.
അചേതനമായ മനുഷ്യരൂപത്തില്‍ ദൈവത്തിന്‍റെ നിശ്വാസം തട്ടിയപ്പോഴാണ് ജീവന്‍ ഉതിര്‍ന്നത്, നാമ്പെടുക്കുന്നത്. ദൈവിക സ്നേഹസാമീപ്യത്തില്‍ നിന്നാണ് ജീവന്‍ ഉണ്ടായതെന്ന് ഉല്പത്തിപ്പുസ്തകം പഠിപ്പിക്കുന്നു. ഭൂമിയുടെ മീതെ ദൈവത്തിന്‍റെ ഊഷ്മളശ്വാസം വീഴുമ്പോള്‍ അസ്ഥികളുടെ താഴ്വാരത്തില്‍ ജീവന്‍റെ ചടുലനൃത്തം ആരംഭിക്കുന്നു.
പുതിയ നിമയത്തിലും ദൈവിക നിശ്വാസത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളുണ്ട്. ഉത്ഥാനാനന്തരം പ്രത്യക്ഷപ്പെട്ട് അവരുടെമേല്‍ ഊതിക്കൊണ്ടവന്‍ പറഞ്ഞു. “ആത്മാവിനെ സ്വീകരിക്കുക!”

കാറ്റു വീശുമ്പോഴാണ് അല്‍മോണ്ട് വൃക്ഷം പൂവിടുന്നത്, അതുപോലെ, ക്രിസ്തുവിന്‍റെ ദൈവികവചനത്താലും നിശ്വാസത്താലും സാമീപ്യത്താലുമാണ് ലാസറിന് ജീവന്‍റെ ആഘോഷമുണ്ടായതെന്ന് സുവിശേഷത്തില്‍നിന്നും നാം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു തെളിമയോടെ സമര്‍ത്ഥിക്കുന്നത്, “ഞാന്‍ വന്നിരിക്കുന്നത് ജീവന്‍ നല്കുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ്.” (യോഹ. 10, 10).

അപ്പംകൊണ്ടുമാത്രം ജീവിക്കാന്‍ ശ്രമിച്ചവരോട് വചനംകൊണ്ടും ബദല്‍ ജീവിതം സാദ്ധ്യമാണെന്ന് ക്രിസ്തു മന്ത്രിക്കുന്നുണ്ട്. വാക്കിനെ, അല്ലെങ്കില്‍ വചനത്തെ അവിടുന്നു ‘വിത്ത്’എന്നു വിളിച്ചത് അതുകൊണ്ടാണ് – ‘വിതക്കാരന്‍ വിതയ്ക്കാന്‍ പോയ’ (മത്തായി 13) കഥ നാം വായിക്കുന്നുണ്ടല്ലോ – അവിടുത്തെ അത്ഭുതങ്ങളൊക്കെ ജീവന്‍റെ സ്ഥിരതയുമായി ബന്ധപ്പെട്ട അടയാളങ്ങളായിരുന്നു. ഒരൊറ്റ പദം കൊണ്ടാണ് യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ പൊരുള്‍ ഏതൊരാള്‍ക്കും കണ്ടെത്താനാകുന്നത് – ജീവന്‍, ദൈവികജീവന്‍! ഒന്നിനും ഏറെനാള്‍ ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല, എന്നതാണ് ജീവന്‍റെ അടിസ്ഥാന വിചാരങ്ങളിലൊന്ന്. കൊണ്ടും കൊടുത്തും വേണം അതിന്‍റെ ആധികാരികത, പ്രാമാണികത നിലനിര്‍ത്തുവാന്‍, അതിന് നിലനല്ക്കുവാന്‍.

ക്രിസ്തുവിന്‍റെ നാട്ടിലെ രണ്ടു തടാകങ്ങളെ തീര്‍ത്ഥാടകര്‍ എപ്പോഴും താരതമ്യപ്പെടുത്തി നോക്കാറുണ്ട്.
ഒന്ന് ഗലീലിയ തടാകമാണ്. അതിന്‍റെ അലകള്‍ക്കുമീതെ ഇപ്പോഴും അവിടെ ഗുരുസാന്നിദ്ധ്യമുണ്ടെന്ന് തോന്നിക്കുന്ന മട്ടില്‍ ചില പ്രസാദങ്ങളുണ്ട് ഇപ്പോഴും.. അവിടെ ജീവനുണ്ട്...ജീവല്‍സമൃദ്ധിയുണ്ട്....! മറ്റേത് ചാവുകടലാണ്. അതിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, അവിടെ ജീവന്‍ വിരിയാനാവാത്ത വിധത്തില്‍ ശാപത്തിന്‍റെ ഓര്‍മ്മയും മരണത്തിന്‍റെ മണവുമാണ് വീശുന്നത്. കൊടുക്കല്‍ വാങ്ങലുകളുടെ കൈവഴികള്‍ ജീവിതത്തില്‍ ഇല്ലാതെ പോകുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണിത് – പാപത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ഫലമായ മരണം അവിടെ സംഭവിക്കുന്നു. ജീവജാലങ്ങള്‍ക്കിടയില്‍ പലപ്പോഴും അറ്റുപോകുന്ന പാരസ്പര്യത്തിന്‍റെ കണ്ണിയെക്കുറിച്ചാണ് ക്രിസ്തു ഓര്‍പ്പിക്കുന്നത്.
“ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണ്,” എന്ന് പറയുമ്പോള്‍, (യോഹ. 15, 5) വീണ്ടും ജീവന്‍റെ പ്രതിബിംബമാണ് ക്രിസ്തു ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. തായ്ത്തണ്ടിനോടു ചേര്‍ന്നുനിന്നു തളിര്‍ക്കുകയും, പുഷ്പിക്കുകയും, ഫലമണിയുകയും ചെയ്യുന്ന ദൈവികജീവന്‍റെ ഫലസമൃദ്ധിയെക്കുറിച്ചാണ് ക്രിസ്തു ഇവിടെ ഉപമിക്കുന്നത്, പരാമര്‍ശിക്കുന്നത്.
ക്രിസ്തു വിഭാവനംചെയ്യുന്ന മുന്തിരിച്ചെടിയുടെ കൂട്ടായ്മയിലൂടെ ജീവരസത്തിന്‍റെ കൈപ്പുഴയാണ് ഒഴുകുന്നത്. അത് ദൈവിക ജീവന്‍റെ നീരുറവയാണ്, കൃപയുടെ വറ്റാത്ത നീര്‍ച്ചാലാണ്.

പൊന്‍മണിയാണെന്നു വിചാരിച്ച് തന്നെ വിഴുങ്ങിയ വാനമ്പാടിപക്ഷിയോട് മിന്നാമിനുങ്ങു പറഞ്ഞു,
‘ചങ്ങാതീ, നിനക്കു പാട്ടുനല്കിയ അതേ കരങ്ങളാണ്, ദൈവമാണ് എനിക്കും വെളിച്ചംതന്നത്’!
എന്നു പറയാന്‍ കാരണം... സകല ജീവജാലങ്ങള‍ക്കിടയിലും ദൈവിക ജീവരസത്തിന്‍റെ പുഴ ഒഴുകുന്നതുകൊണ്ടാണ്. അനുദിനജീവിതത്തില്‍ പാരസ്പര്യവും കൂട്ടായ്മയും വളരണം. ഒരിലയില്‍ പുഴുക്കുത്തുണ്ടാകുന്നത് മുഴുവന്‍ വൃക്ഷവും രോഗാതുരമാകുന്നതിനു തുല്യമാണ്. ദൈവം നമ്മെ സന്ദര്‍ശിക്കുന്ന സമയമാണ് തപസ്സുകാലം. അവിടുത്തെ സ്നേഹപ്രവാഹം, ജീവല്‍പ്രകാശം നമ്മില്‍ വര്‍ഷിക്കുന്ന സമയമാണിത്. അനുതാപത്തോടെ നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയില്‍ തുറക്കാം അവിടുന്നു തന്‍റെ സ്നേഹിതന്‍ ലാസറിനെന്നപോലെ നമുക്കും പുതുജീവന്‍ പകരട്ടെ.

All the contents on this site are copyrighted ©.