2014-04-04 17:16:05

സുവിശേഷം പോക്കറ്റ് പതിപ്പ്
പാപ്പായുടെ സമ്മാനം


4 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 6-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് വിശുദ്ധ ഗ്രന്ഥം സുവിശേഷങ്ങളുടെ പോക്കറ്റ് പതിപ്പ് പാപ്പാ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
‘ക്രിസ്തുവിനെ കണ്ടെത്തുന്നവരുടെ ഹൃദയങ്ങളും ജീവിതങ്ങളും സുവിശേഷ സന്തോഷത്താല്‍ നിറയും...’ (Evangelium Gaudii) എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടതടവില്ലാത്ത സന്ദേശമാണ്. സാധിക്കുമ്പോഴൊക്കെ തിരുവചനം വായിക്കാവുന്ന വിധത്തില്‍ കൈയ്യില്‍ കരുതണമെന്നത്, തന്‍റെ പ്രഭാഷണങ്ങളില്‍ പലവട്ടം പാപ്പാ ഫ്രാന്‍സിസ് ജനങ്ങളെ അനുസ്മരിപ്പിക്കാറുണ്ട്. മാര്‍ച്ചു 30-ാം തിയതി ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിലും അതിന്‍റെ അന്ത്യത്തില്‍ ജനങ്ങളോട് വിടവാങ്ങും മുന്‍പും പാപ്പാ യാത്രയില്‍ ചെറിയ ബൈബിള്‍ സൂക്ഷിക്കുന്ന കാര്യം ജനങ്ങളെ അനുസ്മരിപ്പിക്കുകയുണ്ടായി. പാപ്പായുടെ പ്രബോധനം പ്രാവര്‍ത്തികമാക്കാന്‍ എന്നപോലെ വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തന വിഭാഗവും പ്രസ്സും ചേര്‍ന്നാണ് സുവിശേഷങ്ങളും അപ്പസ്തോല നടപിടി പുസ്തകവും ഉള്‍ക്കൊള്ളുന്ന ബൈബിളിന്‍റെ പോക്കറ്റ് പതിപ്പ് ഞായറാഴ്ച, ഏപ്രില്‍ 6-ാം തിയതി സൗജന്യമായി വത്തിക്കാനില്‍ വിതരണംചെയ്യുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥന സന്ദേശം ശ്രവിക്കുന്നതിനും അപ്പസ്തോലിക ആശീര്‍വ്വാദം സ്വീകരിക്കുന്നതിനും റോമാക്കാരും, ഇറ്റലിയുടെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍നിന്നുമായി എത്തുന്നവര്‍ ഇപ്പോള്‍ ശരാശരി ഇരുപതിനായിരം പേരാണെന്ന് വത്തിക്കാന്‍റെ കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്.

റോമിലെ വൈദിക വിദ്യാര്‍ത്ഥികളും, സ്കൗട്ടുകളും, മദര്‍ തെരേസായുടെ സഭാംഗങ്ങളായ സഹോദരിമാരും, മറ്റു സന്ന്യസ്തരും ചേര്‍ന്ന് ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ
സുവിശേഷസമ്മാനം വിതരണംചെയ്യും.

സമ്മാനത്തിന്‍റെ പുറംചട്ടയുടെ രണ്ടാം പുറത്ത് ദൈവികകാരുണ്യത്തിന്‍റെ സുകൃതങ്ങളും, മൂന്നാം പുറത്ത് വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ പ്രാര്‍ത്ഥനയും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. തീര്‍ച്ചയായും പാപ്പാതന്നെ അടുത്ത ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ സുവിശേഷത്തിന്‍റെ പോക്കറ്റ് പ്രതിയെക്കുറിച്ചുള്ള വാര്‍ത്ത ലോകം മുഴുവന്‍ എത്തിക്കുമെന്നതില്‍ സംശയമില്ല!
All the contents on this site are copyrighted ©.