2014-04-04 16:56:50

സഭാ ചരിത്രത്തിലെ
അജപാലന ഇതിഹാസം


4 ഏപ്രില്‍ 2014, ക്രാക്കോ
സഭാ ചരിത്രത്തിലെ ആജപാലന ഇതിഹാസമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെന്ന് പോളണ്ടിലെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് ഡിവിസ് പ്രസ്താവിച്ചു. 39 വര്‍ഷക്കാലം പാപ്പാ വോയ്ത്തീവയുടെ സെക്രട്ടറിയും സഹകാരിയുമായി പ്രവര്‍ത്തിച്ച് ഇപ്പോള്‍ പോളണ്ടിലെ ക്രാക്കോയുടെ മെത്രാപ്പോലീത്തയായി സേവനംചെയ്യുന്ന കര്‍ദ്ദിനാള്‍ ഡിവിസ്, വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് ‘അജപാലന ഇതിഹാസ’മെന്ന് പാപ്പായെ വിശേഷിപ്പിച്ചത്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്രാക്കോയുടെ മെത്രാപ്പോലീത്തയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സെക്രട്ടറിയായും പിന്നീട് പാപ്പാ സ്ഥാനത്തേയ്ക്ക് ആരോഹിതനായപ്പോഴും പേര്‍സണല്‍ സെക്രട്ടറി എന്ന നിലയില്‍ 27 വര്‍ഷക്കാലവും കര്‍ദ്ദിനാല്‍ ഡിവിസ് കൂടെയുണ്ടായിരുന്നു.

ലോകത്തിന്‍റെ മനംകവര്‍ന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യത്തെ പാപ്പാ, ഇന്നും നിഗൂഢമായ അദ്ദേഹത്തിന്‍റെ വധശ്രമം, ഭൂഗോളം മുഴുവന്‍ നിറഞ്ഞുനിന്ന അജപാലന സന്ദര്‍ശനങ്ങള്‍, യുവജനമദ്ധ്യത്തിലെ ഇടയസാന്നിദ്ധ്യം, കലങ്ങിമറഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലും അദ്ദേഹത്തിന്‍റെ ഇടപെടല്‍മൂലം ആര്‍ജ്ജിച്ച ഭാവമാറ്റങ്ങള്‍ എന്നിവയാണ് വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെ ചരിത്രത്തിലെ ഐതിഹാസിക പുരുഷനാക്കിയതെന്ന് കര്‍ദ്ദിനാള്‍ ഡിവിസ് അനുസ്മരിച്ചു.

പാപ്പായുടെ ജീവിതവും ത്യാഗപൂര്‍വ്വകമായ ജീവിതാന്ത്യവും മരണവും മനുഷ്യമനസ്സാക്ഷിയില്‍ നന്മയുടെ മായാത്ത ബിംബങ്ങള്‍ വരച്ചിട്ടുണ്ടെന്നും മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ടെന്നും, പാപ്പായുടെ 27 വര്‍ഷക്കാലം നീണ്ട സഭാ സേവനകാലത്ത് സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ ഡിവിസ് ചൂണ്ടിക്കാട്ടി. അങ്ങനെ തന്‍റെ സഹനത്തിലൂടെയും അവസാനം മരണത്തിലൂടെയും സഭയെയും ലോകത്തെയും പാപ്പാ വോയ്ത്തീവ ദൈവിക കാരുണ്യത്തിലേയ്ക്ക് നയിക്കുകയും, ലോകത്ത് സമാധാനം ഉണ്ടാകണമെങ്കില്‍ ദൈവിക കാരുണ്യത്തില്‍ മനുഷ്യന്‍ ആശ്രയിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുവെന്ന് കര്‍ദ്ദിനാള്‍ ഡിവിസ് ചൂണ്ടിക്കാട്ടി.

ക്രിസ്തുജയന്തി മഹോത്സവത്തിലൂടെ പാപ്പാ വോയ്ത്തീവ ലോകത്ത് ഉയര്‍ത്തിയ ആത്മീയചലനങ്ങള്‍ സഭയെ പുതുസഹസ്രാബ്ദത്തിന്‍റെ പൂമുഖപ്പുലരിയില്‍ ക്രിസ്തുവിന്‍റെ പ്രഭയോടെ ഉണരുവാന്‍ വഴിയൊരുക്കിയെന്നും കര്‍ദ്ദിനാള്‍ ഡിവിസ് ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവജനങ്ങള്‍ തങ്ങള്‍ക്കൊരു നല്ല മാതൃകയായ സഹചാരിയെയും അദ്ധ്യാപകനെയും പിതാവിനെയുമാണ് പാപ്പാ വോയ്ത്തീവയില്‍ കണ്ടതെന്നും, അവര്‍ അദ്ദേഹത്തോടു കാണിച്ച വാത്സല്യവും അര്‍പ്പിച്ച വിശ്വാസവും പ്രത്യാശയുമാണ് ആഗോള യുവജന സംഗമങ്ങള്‍ക്ക് രൂപംനല്കിയതെന്നും കര്‍ദ്ദിനാള്‍ ഡിവിസ് വ്യക്തമാക്കി. സഭയുടെ ആഗോള യുവജന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടായ ക്രാക്കോയില്‍ 2016 ജൂലൈ-25 മുതല്‍ ആഗസ്റ്റ്-1 വരെ തിയതികളില്‍ അരങ്ങേറുന്ന സംഗമത്തിലേയ്ക്ക് ലോകയുവത ആവേശത്തോടെ അണയുമ്പോള്‍ യുവമനസ്സുകളില്‍ യുവാക്കളെ ഏറെ സ്നേഹിച്ച വിശുദ്ധനായ പാപ്പായുടെ മുഖഭാവമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 27-ാം തിയതി വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന വാഴ്ത്തപ്പെട്ടവരായ ജോണ്‍ പോള്‍ രണ്ടാമന്‍ ജോണ്‍ 23-ാമന്‍ പാപ്പാമാരുടെ വിശുദ്ധപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോയുമായി നടത്തിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഡിവിസ് ഇങ്ങനെ പ്രസ്താവിച്ചത്.
All the contents on this site are copyrighted ©.