2014-04-03 19:14:06

ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികള്‍
കുടുംബങ്ങളെ കേന്ദ്രീകരിച്ച്


4 ഏപ്രില്‍ 2014, ന്യൂയോര്‍ക്ക്
ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികളില്‍ കുടുംബങ്ങളുടെ ഭാഗഭാഗിത്വം അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.

അടുത്ത തലമുറയ്ക്ക് ജന്മംനല്കുകയും, അവരെ ഊട്ടിയുറക്കുകയും, വസ്ത്രവും ഭക്ഷണവും നല്കി വളര്‍ത്തുകയും ചെയ്യുന്ന, സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബത്തിലൂടെയുള്ള സുസ്ഥിതി വികസന പദ്ധതികള്‍ ഫലവത്താകാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് സമര്‍പ്പിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച പ്രബന്ധത്തില്‍ ആമുഖമായി പ്രസ്താവിച്ചു.

ഭാവിതലമുറയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും, സുസ്ഥിതി വികസന പദ്ധതികള്‍ ആഗോളതലത്തില്‍ ആവിഷ്ക്കരിച്ചുകൊണ്ടും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ സാമൂഹ്യക്രമം ചിട്ടപ്പെടുത്തണമെങ്കില്‍ കുടുംബങ്ങളുടെ പങ്കാളിത്തം, അതിനാല്‍ അനിവാര്യമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

ജീവന്‍റെ സ്രോതസ്സ്, ഉല്പാദനം, സുസ്ഥിതി, ഉപഭോഗം, മൂല്യസമ്പത്ത് വളര്‍ത്തല്‍ എന്നിവയുടെ മൂലഘടകവും കുടുംബമാകയാല്‍, കുടുംബങ്ങളെ കേന്ദ്രീകരിച്ചു കുടുംബങ്ങളുടെ സുസ്ഥിതിയിലൂടെയും സമഗ്ര വളര്‍ച്ചയിലൂടെയും ആഗോള ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന്‍റെയും സമഗ്ര വികസനത്തിന്‍റെയും പദ്ധതികല്‍ ആവിഷ്ക്കരിക്കണമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് തന്‍റെ പ്രഭാഷണത്തിലൂടെ രാഷ്ട്രപ്രതിനിധികളോട് ആവശ്യപ്പെട്ടു.

വികസനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളായിരിക്കണമെന്ന, കഴിഞ്ഞ റിയോ 20 സമ്മേളനത്തിന്‍റെ തീരുമാനവും, ദാരിദ്ര്യത്തിന്‍റെ തിക്തഫലങ്ങള്‍ ആദ്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും യുവജനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ ആഗോള വികസന പദ്ധതികള്‍ എത്രത്തോളം കുടുംബങ്ങളെ കേന്ദ്രീകരിച്ചാവണമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പ്രബന്ധത്തില്‍ പരാമര്‍ശിച്ചു.
ധാര്‍മ്മികതയുടെയും ആഗോളഐക്യാദാര്‍ഢ്യത്തിന്‍റെയും നിലപാടുകളില്‍ പാപ്പാ ഫ്രാന്‍സിസ് അവലംബിക്കുന്ന കുടുംബങ്ങളെ കേന്ദ്രീകരിക്കുന്ന വികസനവും, വളര്‍ച്ചയും നവയുഗത്തിലെ സമഗ്രമായ സാമൂഹ്യനിര്‍മ്മിതിക്ക് മാതൃകയായി സ്വീകരിക്കാവുന്ന കര്‍മ്മപദ്ധതിയാണെന്നും വത്തിക്കാന്‍റെ പ്രതിനിധി അവകാശപ്പെട്ടു.









All the contents on this site are copyrighted ©.