2014-04-03 19:36:54

ചിലിയിലെ ജനങ്ങള്‍ക്ക്
പാപ്പായുടെ സാന്ത്വനവചസ്സുകള്‍


3 ഏപ്രില്‍ 2014, വത്തിക്കാന്‍
ക്രിസ്ത്യന്‍ സമൂഹങ്ങളും പൊതുസ്ഥാപനങ്ങളും ദുരന്തത്തില്‍പ്പെട്ടവരുടെ സഹായത്തിനെത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ഏപ്രില്‍ 1-ാം തിയതി ചൊവ്വാഴ്ച രാത്രിയില്‍ ലാറ്റിനമേരിക്കന്‍ രാജ്യാമായ ചിലിയുടെ വടക്കന്‍ തീരങ്ങളില്‍ ശാന്തസമുദ്രത്തിലുണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലും അകപ്പട്ടവര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പരസഹായത്തിന്‍റെയും ആഹ്വാനം പാപ്പാ നല്കിയത്.

പലരുടെ മരണത്തിനും ഭവനനാശത്തിനും കെടുതികള്‍ക്കും കാരണമാക്കിയ ദുരന്തത്തില്‍ താന്‍ വേദനിക്കുന്നതായും, ആത്മീയ സാമീപ്യവും പ്രാര്‍ത്ഥനയും നേരുന്നതായും, ചിലിയിലെ സാന്തിയാഗോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ റിക്കാര്‍ദോ എസ്സാത്തി വഴി അയച്ചസന്ദേശത്തിലൂടെ പാപ്പാ ജനങ്ങളെ സാന്ത്വനപ്പെടുത്തി.

മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും, വേദനയുടെ നിമിഷങ്ങളില്‍ സാഹോദര്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും അരൂപിയില്‍ പരസ്പരം തുണയായിനിന്നുകൊണ്ട് പ്രതിസന്ധിയെ നേരിടണമെന്നും പാപ്പാ കത്തിലൂടെ ആഹ്വാനംചെയ്തു.

ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ പിന്‍തുണ വാഗ്ദാനംചെയ്തുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് ഏപ്രില്‍ രണ്ടാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും അയച്ച ഹ്രസ്വസന്ദേശം പാപ്പാ ഉപസംഹരിച്ചത്.

ചിലിയുടെ വടക്കന്‍ തീരങ്ങളില്‍ ശാന്തസമുദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ 8.2 റിക്ടര്‍ സ്കെയില്‍ ഭൂമികുലുക്കം മൂലമാണ് സുനാമിയും പേമാരിയും ഉണ്ടായത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും പ്രതീകൂലമായ കാലാവസ്ഥയിലും 20-ഓളം പേര്‍ മരണമടഞ്ഞതായും, അനേകര്‍ ഭവനരഹിതരാക്കപ്പെടുകയും മുറിപ്പെടുകയും ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും പ്രസിഡന്‍റ്, മിഷേല്‍ ബാച്ചെലെ വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തില്‍ വ്യാഴാഴ്ച രാവിലെ സ്ഥിരീകരിച്ചു.

All the contents on this site are copyrighted ©.