2014-04-02 20:34:48

സഭയുടെ മാധ്യമ കൗണ്‍സിലിന്
അന്‍പതു വയസ്സ്


2 ഏപ്രില്‍ 2014, വത്തിക്കാന്‍
രക്ഷയുടെയും മാനവപുരോഗതിയുടെയും സന്ദേശം പങ്കുവയ്ക്കുവാന്‍
സഭ എപ്പോഴും വെമ്പല്‍കൊള്ളുന്നവെന്ന്, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരിയച്ചേലി പ്രസ്താവിച്ചു.

സഭയുടെ ആശയവിനിമയത്തിനായുള്ള കമ്മിഷന്‍ (Pontifical Council for Social Communications) സ്ഥാപനത്തിന്‍റെ 50-ാം വാര്‍ഷികം ഏപ്രില്‍ 2-ാം തിയതി ബുധനാഴ്ച അനുസ്മരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് സുവിശേഷവത്ക്കരണ പദ്ധതിയില്‍ സഭയ്ക്കുള്ള രക്ഷയുടെയും മാനവപുരോഗതിയുടെയും മാധ്യമ പദ്ധതിയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ചേലി പരാമര്‍ശിച്ചത്.

വിദ്യാഭ്യാസ പുരോഗതിയും ആത്മീയസ്വഭാവവും ലക്ഷൃമിടുന്ന സിനിമകള്‍ പ്രചരിപ്പിക്കുന്നതിന് 1948-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പാ തുടക്കമിട്ട കമ്മിഷനാണ്, 1964 ഏപ്രില്‍ 2-ാം തിയതി, സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പദവിയിലേയ്ക്ക് പോള്‍ ആറാമന്‍ പാപ്പാ ഉയര്‍ത്തിയതെന്ന്, ഇപ്പോള്‍ സഭയുടെ മാധ്യമ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കുന്ന ആര്‍ച്ചുബിഷപ്പ് ചേലി ചൂണ്ടിക്കാട്ടി.

പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് Pastor Bonus ‘നല്ലിടയന്‍’ എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തിലൂടെ സഭയുടെ മാധ്യമ കമ്മിഷന് ആഗോളസഭയുടെ പ്രേഷിതദൗത്യത്തില്‍ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെയുള്ള നവമായ പ്രവര്‍ത്തന ശൈലിക്ക് സമഗ്രരൂപം നല്കിയതെന്ന് ആര്‍ച്ചുബിഷപ്പ് ചേലി വ്യക്തമാക്കി.

2007-ല്‍ മുന്‍പാപ്പാ ബനഡിക്ട് നിയമിച്ച ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരിയ ചേലിയാണ് ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രഥമ പ്രസിഡന്‍റാണ്. ഡബ്ലിന്‍ അതിരൂപതാംഗമായ മോണ്‍സീഞ്ഞോര്‍ പോള്‍ തീഗെ കമ്മിഷന്‍റെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. വത്തിക്കാന്‍റെ പ്രസ്സ്, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ശൃംഖലകള്‍ എന്നിങ്ങനെയുള്ള എല്ലാ മാധ്യമ പ്രവര്‍ത്തനങ്ങളുടെയും, സഭയുടെ കീഴില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രസ്ഥാനങ്ങളുടെയും കര്‍മ്മപദ്ധതികള്‍ ഏകോപിപ്പിക്കുന്നത് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്.
All the contents on this site are copyrighted ©.