2014-04-02 20:02:30

വേദനിക്കുന്നവരോടു കാണിക്കേണ്ട
ധാര്‍മ്മിക ഐക്യദാര്‍ഢ്യം


4 ഏപ്രില്‍ 2014, വത്തിക്കാന്‍
സമൂഹത്തിലെ വേദനിക്കുന്നവരിലും വൈകല്യമുള്ളവരിലും പീഡിതനായ ക്രിസ്തുവിനെ ദര്‍ശിക്കണമെന്ന്, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

ഏപ്രില്‍ 2-ാം തിയതി ചൊവ്വാഴ്ച ആചരിച്ച ‘ലോക ഓട്ടിസം ദിന’ത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.

‘ഓട്ടിസ’ത്തിന്‍റെ രോഗാതുരതയാല്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ന് ലോകത്ത് നിരവധിയാണെന്നും, രോഗത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അനുദിനം അനുഭവിക്കുന്ന വ്യക്തികളോടും കുടുംബങ്ങളോടും സാമീപ്യവും അനുഭാവവും സമൂഹം പ്രകടമാക്കണമെന്നാണ് ‘ലോക ഓട്ടിസം ദിനം’ അനുസ്മരിപ്പിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

അസുഖത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളുടെയും മുന്‍വിധിയുടെയും ഫലമായി സമൂഹത്തില്‍ രോഗഗ്രസ്ഥരായവര്‍ അനുഭവിക്കുന്ന ഏകാന്തതയും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും കുറക്കണമെങ്കില്‍ അവരുമായി വ്യക്തബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ – ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും, രോഗിയോടുള്ള പരിചരണമനോഭാവവും, അവരുമായുള്ള ആത്മാര്‍ത്ഥമായ പരസ്പരബന്ധവും, അവര്‍ക്ക് നല്കേണ്ട ശരിയായ വൈദ്യസഹായവുമാണ് വൈകല്യങ്ങളുടെ വസ്തൃത വലയം വരിഞ്ഞിരിക്കുന്ന അവരുടെ ജീവിതത്തെ സാന്ത്വനപ്പെടുത്താനുള്ള മാര്‍ഗ്ഗമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വ്യക്തികളും കുടുംബങ്ങളും സമൂഹവും നല്കുന്ന ആദരപൂര്‍വ്വകമായ സാമീപ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പിന്‍തുണയോടെ മാത്രമേ രോഗം വളര്‍ത്തുന്ന നിരാശയുടെയും മനോവ്യഥയുടെയും കയത്തില്‍നിന്നും അവരെ കരകയറ്റി പ്രത്യാശയുടെ പ്രകാശത്തിലേയ്ക്ക് നിയിക്കാനാവൂ എന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

‘ഈ മേഖലയില്‍ വേദനിക്കുന്ന സഹോദരങ്ങളില്‍നിന്നും പ്രത്യക്ഷമായതും പ്രകടമായതുമായ നേട്ടങ്ങള്‍ ഒന്നുംതന്നെ നമുക്കു കിട്ടിയില്ലെങ്കിലും, വേദനിക്കുന്നവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പിന്‍തുണച്ചുകൊണ്ട് സമൂഹത്തില്‍ വളര്‍ത്തുന്ന ധാര്‍മ്മികതയുടെ ഐക്യദാര്‍ഢ്യത്തിലൂടെ’യാണ് അതിന്‍റെ ഫലം കൊയ്യേണ്ടതെന്ന്
പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രസ്താവിച്ചു.

All the contents on this site are copyrighted ©.