2014-04-02 19:46:06

നവയുഗത്തിലെ വിശുദ്ധരും
സമാധാനദൂതരും


4 ഏപ്രില്‍ 2014, വത്തിക്കാന്‍
വിശ്വശാന്തിയുടെ ദൂതന്മാരായിരുന്നു വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന ജോണ്‍ 23-ാമന്‍
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാമാരെന്ന് വത്തിക്കാന്‍ റേഡിയോ വക്താവ്, ഷോണ്‍ ലെവറ്റ് പ്രസ്താവിച്ചു.

രണ്ടു പാപ്പാമാരുടെയും ആസന്നമാകുന്ന വിശുദ്ധപദപ്രഖ്യാപനത്തിന് ഒരുക്കമായി ഏപ്രില്‍ 1-ാം തിയതി ചെവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് വത്തിക്കാന്‍ റേഡിയോയുടെ ഇംഗ്ലിഷ് വിഭാഗം മേധാവി ഷോണ്‍ ലെവറ്റ് ഇങ്ങനെ പ്രസ്താവിച്ചത്. രണ്ടു മഹായുദ്ധങ്ങളുടെ കെടുതിയില്‍ ഒടുങ്ങിയ ലോകത്തിന്
തന്‍റെ പ്രബോധനങ്ങളും ലാളിത്യമാര്‍ന്ന വ്യക്തിത്വവുംകൊണ്ട് സമാധാനത്തിന്‍റെ പ്രത്യാശപകര്‍ന്ന വിശുദ്ധാത്മാവാണ് ഇറ്റലിക്കാര്‍ സ്നേഹപൂര്‍വ്വം ‘പാപ്പാ റങ്കോലി’യെന്ന് വിളിച്ചിരുന്ന ജോണ്‍ 23-ാമന്‍ പാപ്പായെന്ന് ഷോണ്‍ അഭിപ്രായപ്പെട്ടു. Pacem in Terris, Humanae Salutis എന്നിങ്ങനെയുള്ള ശക്തമായ പ്രബോധനങ്ങളിലൂടെ ‘യുദ്ധമില്ലായ്മയല്ല സമാധാനം, മനുഷ്യാന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന മാനവകുലത്തിന്‍റെ ജീവിതാവസ്ഥയാണ് യഥാര്‍ത്ഥ സമാധാന’മെന്ന് ലോകത്തെ പഠിപ്പിച്ച മഹാമനസ്ക്കനായിരുന്നു പാപ്പാ റൊങ്കാലിയെന്നും ഷോണ്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

ലോകമഹായുദ്ധങ്ങളുടെ ക്രൂരതയ്ക്കു നടുവില്‍ പോളണ്ടിലെ ക്രോക്കോയില്‍ ജീവിച്ച പാപ്പാ വോയ്ത്തീവ വിശ്വശാന്തിയുടെ സന്ദേശവുമായിട്ടാണ് ലോകം മുഴവന്‍ സഞ്ചരിച്ചതെന്ന്, പാപ്പായ്ക്കൊപ്പം രണ്ടുവട്ടവും ഇന്ത്യയിലെത്തിയിട്ടുള്ള ഷോണ്‍ പങ്കുവച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ എല്ലാ പ്രബോധനങ്ങളും മാനവികതയില്‍ ഊന്നിയ ദൈവികതയും, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കപ്പെടുന്ന മനുഷ്യാന്തസ്സിന്‍റെ ബലതന്ത്രം ഉള്‍ച്ചേര്‍ന്നതായിരുന്നുവെന്നും, ആശയവിനിമയ ശാസ്ത്രമേഖലയിലെ പ്രഫസര്‍ കൂടിയായ ലെവറ്റ് പ്രസ്താവിച്ചു.

മടക്കമില്ലാത്ത സാഹസിക യാത്രയാണ് യുദ്ധമെന്നും, അതിനാല്‍ ‘യുദ്ധമരുത്, യുദ്ധമരുത്’ എന്ന് നിരന്തരമായി തന്‍റെ ജീവിതാനുഭവത്തില്‍നിന്നും യുവജനങ്ങളോടും ലോകത്തോടും പാപ്പാ പറയുകയും, വിശ്വസമാധാനം സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ നാം കലവറയില്ലാതെ പരിശ്രമിക്കണമെന്നും ഇടതടവില്ലാതെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന സമാധനദൂതനായിരുന്നു പാപ്പാ വോയ്ത്തീവയെന്നും ഷോണ്‍ ലെവറ്റ് പ്രസ്താവനയിലൂടെ വിശദീകരിച്ചു.
All the contents on this site are copyrighted ©.