2014-04-01 15:22:25

ജസ്യൂട്ട് അഭയാർത്ഥി സേവനകേന്ദ്രത്തിന് അന്താരാഷ്ട്ര സമാധാന പുരസ്ക്കാരം


01 ഏപ്രിൽ 2014,
സിറിയയിലെ ജസ്യൂട്ട് അഭയാർത്ഥി സേവനകേന്ദ്രത്തിന് (JRS) അന്താരാഷ്ട്ര സമാധാന പുരസ്ക്കാരം (Pax Christi International). 2011 ൽ സിറിയൻ ആഭ്യന്തര കലാപം ആരംഭിച്ചപ്പോൾ മുതൽ ഈശോസഭാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ സിറിയൻ ജനതയ്ക്കു നൽകിവരുന്ന സഹായ സഹകരണങ്ങൾ പരിഗണിച്ചാണ് ഇക്കൊല്ലത്തെ സമാധാന പുരസ്ക്കാരം ജസ്യൂട്ട് അഭയാർത്ഥി സേവനകേന്ദ്രത്തിന് നൽകുന്നതെന്ന് പാക്സ് ക്രിസ്റ്റി ഇന്‍റർനാഷണിലിസിന്‍റെ പുരസ്ക്കാര നിർണ്ണയ സമിതി പ്രസ്താവിച്ചു. 2008 മുതൽ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സേവനം ആരംഭിച്ച ജസ്യൂട്ട് അഭയാർത്ഥി കേന്ദ്രം, ഇറാക്ക് യുദ്ധത്തിനിരയായവരേയാണ് ആദ്യം സഹായിച്ചിരുന്നത്. തുടർന്ന് ആഭ്യന്തര കലാപത്തിലമർന്ന സിറിയയിലേക്ക് ജെ.ആർ.എസിന്‍റെ സഹായഹസ്തമെത്തി. ദുരിത ബാധിതർക്ക് അടിയന്തര സഹായമെത്തിക്കുന്ന ജെ.ആർ.എസ് സന്നദ്ധ പ്രവർത്തകർ, ഭക്ഷണം, മരുന്ന്, വസ്ത്രം, താമസസൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. കലാപത്തിന്‍റെ മാനസികാഘാതത്തിൽ കഴിയുന്നവരെ സഹായിക്കാൻ മനശാസ്ത്രജ്ഞരും കൗൺസിലേഴ്സും സന്നദ്ധ സംഘത്തിലുണ്ട്. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വിദ്യാഭ്യാസ പദ്ധതികളും ജെ.ആർ.എസ് ഒരുക്കുന്നുണ്ട്. സിറിയയിലെ ഹോംസ്, അലെപ്പോ, ഡമാസ്ക്കസ് എന്നിവിടങ്ങളിലായി പതിനായിരത്തോളം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ജെ.ആർ.എസ് വിദ്യഭ്യാസ പദ്ധതി സഹായമേകുന്നത്. ജെ.ആർ.എസ് ഒരു കത്തോലിക്കാ സംഘടനയാണെങ്കിലും ജാതി മതഭേദമന്യേ വിവിധ രാജ്യക്കാരായ സന്നദ്ധപ്രവർത്തകർ സംഘനയ്ക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും പുരസ്ക്കാര നിർണ്ണയ സമിതി വിലയിരുത്തി. ബോസ്നിയ – ഹെർസെഗോവിനയിലെ സരെജാവോയിൽ ജൂൺ 8നാണ് പുരസ്ക്കാര ദാനചടങ്ങ്.







All the contents on this site are copyrighted ©.