2014-04-01 11:35:47

സങ്കീര്‍ത്തനങ്ങള്‍ (1)
വിശുദ്ധഗ്രന്ഥത്തിലെ ഗീതാഞ്ജലി


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ പഠനം ഇന്ന് ആരംഭിക്കുകയാണ്. ‘സങ്കീര്‍ത്തനങ്ങളു’ടെ വളരെ ലളിതമായ വ്യാഖ്യാന പഠനത്തിന് ആമുഖമാണ് ഈ ആദ്യഭാഗം.

Psalm 96
v.1 നവ്യമാമൊരു ഗാനം ഭവ്യനൂതനരാഗം
വിശ്വമണ്ഡലമാകെയൊന്നായ്, പാടുവിന്‍ യശസ്തവം

1. ആമുഖം
ബൈബിള്‍ വലിയൊരു ഗ്രന്ഥമാണെങ്കിലും ഉളളടക്കത്തില്‍ അത് ഗ്രന്ഥ സമാഹാരമാണല്ലോ. പഴയനിയമത്തിലെ 23-ാമത്തെ പുസ്തകമാണ് സങ്കീര്‍ത്തനങ്ങള്‍.
എന്താണ് സങ്കീര്‍ത്തനങ്ങള്‍? എന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ദൈവത്തെ സ്തുതിക്കുന്ന ഹെബ്രായ ഭാഷയില‍ ഉടലെടുത്ത കവിതകളാണ്, ‘സങ്കീര്‍ത്തനങ്ങള്‍’. എല്ലാ ഭാഷകളിലും സംസ്ക്കാരങ്ങളിലും ദൈവസ്തുതിപ്പുകള്‍ സാഹിത്യരൂപമായി വളര്‍ന്നുവന്നിട്ടുണ്ട്. ഭാരതത്തിലെ ഭജന, സഹസ്രനാമം, നാമജപം എന്നിങ്ങനെ സംസ്കൃതത്തില്‍ രൂപംകൊണ്ടിട്ടുള്ള തനിമയാര്‍ന്ന പ്രാര്‍ത്ഥനാരൂപങ്ങള്‍ ഒരുവിധത്തില്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് സമാനമാണെന്നു പറയാം. അങ്ങനെ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ വളര്‍ന്നുവന്ന ഹെബ്രായ കവിതകളാണ് ‘സങ്കീര്‍ത്തനങ്ങള്‍’ . വൈവിധ്യാമാര്‍ന്ന ഭാവപ്പകര്‍പ്പുകള്‍ സങ്കീര്‍ത്തനങ്ങളുടെ സവിശേഷത തന്നെയാണ്. ആകെയുള്ള 150- സങ്കീര്‍ത്തനങ്ങളില്‍ ചിലത് സ്തുതിപ്പുകളാണെങ്കില്‍, മറ്റു ചിലവ നന്ദിപ്രകടനങ്ങളും ചിലവ വിലാപങ്ങളും, ഏതാനും ചിലത് ശരണകീര്‍ത്തനങ്ങളുമാണ്. മറ്റു ചിലവ യാചനാഗാനങ്ങളാണെങ്കില്‍ കുറെയെണ്ണം സാന്ത്വനഗീതങ്ങളാണ്. ദാവീദു രാജാവാണ് ഈ സങ്കീര്‍ത്തനങ്ങളുടെ ഉപജ്ഞാതാവെന്ന് പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിക്കുന്നുണ്ട്.

Psalm 96 v.2 സാനന്ദം വരിക തന്‍ അങ്കണം പൂകു നിങ്ങള്‍
പാവനം പ്രഭുനാമം പീജിത ശ്രീകരമാക്കൂ....
നവ്യമാമൊരു ഗാനം .....

2. ചരിത്രത്തിലെ ഭാവപ്പകിട്ടാര്‍ന്ന പ്രാര്‍ത്ഥനകള്‍

ഇസ്രായേല്‍ അവരുടെ ആരാധനയില്‍ സങ്കീര്‍ത്തനങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത്, പുതിയ നിയമത്തില്‍ അപ്പസ്തോലന്മാരും ആദിമ ക്രിസ്ത്യാനികളും സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. എന്തിന് അന്ത്യത്താഴ വിരുന്നില്‍ ക്രിസ്തുവും ശിഷ്യന്മാരും ചേര്‍ന്ന് സങ്കീര്‍ത്തനം പാടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നടപടിപ്പുസ്തകത്തില്‍ വിവരിക്കുന്നതുപോലെ, പത്രോസും യോഹന്നാനും ജരൂസലേം ദേവാലയത്തിലേയ്ക്ക് പലേയാവര്‍ത്തി പോയത് സങ്കീര്‍ത്തനാലാപന ശുശ്രൂഷയില്‍ പങ്കെടുക്കാനായിരുന്നെന്ന് നടപടി പുസ്തകത്തല്‍ വായിക്കുന്നുണ്ട്. (നടപടി 3).
നൂറ്റാണ്ടുകളായി രചിക്കപ്പെട്ടിട്ടുള്ള ക്രിസ്തീയ ആരാധനക്രമ ഗീതങ്ങളും ഗാനങ്ങളും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല.


ഇന്നും വ്യക്തിയുടെയും സമൂഹത്തിന്‍റെയും മതാത്മക ജീവിതത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു എന്നത് അവയുടെ വളരെ പ്രായോഗികമായ പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കുന്നു. വ്യക്തിയുടെ വിലാപ-ശരണ-കൃതജ്ഞതാ ഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങളെന്ന് പരിശോധനയില്‍ മനസ്സിലാക്കാം. ‘ദൈവമാണ് എന്‍റെ ആശ്രയവും ശരണവും... എന്‍റെ അഭയവും കോട്ടയും തണലും കര്‍ത്താവാണ്,’ ‘അവിടുന്നെന്‍റെ അഭയശിലയാണ്, എന്‍റെ രക്ഷാകവചമാണ്,’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വ്യക്തിഗതമായ സങ്കീര്‍ത്തനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങളാണ് (91, 1.., 123, 1).

ആശ്വാസത്തിന്‍റെയും ആനന്ദത്തിന്‍റെയും പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് സങ്കീര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ ഇതു വ്യക്തിയുടെ ആത്മീയതയെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും, അനുദിന ജീവിതത്തിന് നവമായ ഊര്‍ജ്ജവും രൂപവും ഭാവവും നല്കുകയും ചെയ്യുന്നു. ‘ലോകത്തില്‍ ഒരു ഗ്രന്ഥത്തിനും നല്കാന്‍ സാധിക്കാത്ത ആശ്വാസവും ശക്തിയുമാണ് സങ്കീര്‍ത്തനങ്ങള്‍ നല്കുന്നത്,’ എന്ന് വിഖ്യാതനായ ദൈവശാസ്ത്ര പണ്ഡിതന്‍,
ഇമ്മാനുവല്‍ കാന്‍റ് പ്രസ്താവിച്ചിരിക്കുന്നു. ‘മരണത്തിന്‍റെ നിഴല്‍ വീശിയ താഴ്വാരത്തിലൂടെ നടന്നാലും യാതൊരു അനര്‍ത്ഥവും എനിക്കുണ്ടാകില്ല. കാരണം, കര്‍ത്താവ് എന്‍റെ കൂടെയുണ്ട്.’
(22, 4) അതുപോലെ, ദൈവത്തിനുവേണ്ടി ദാഹിക്കുന്ന മനുഷ്യാത്മാവിന്‍റെ ചിത്രങ്ങളും സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നു. “നീര്‍ച്ചാലിനായ് ദാഹിക്കുന്ന മാന്‍പേട പോലെ ദൈവമേ, അങ്ങേയ്ക്കായ് എന്‍റെ ആത്മാവു ദാഹിക്കുന്നു” (42, 1). എന്നിങ്ങനെയുള്ള ഈരടികള്‍ മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ സംരക്ഷണയും പരിപാലനയും,
അതു നല്കുന്ന ഉത്തേജനവും ആനന്ദവും മനോഹരമായി ചിത്രീകരിക്കുന്നു.

മാര്‍ട്ടിന്‍ ലൂതര്‍ കിങിന്‍റെ വാക്കുകളും ഇവിടെ സ്മരണീയമാണ്. “സങ്കീര്‍ത്തനങ്ങള്‍ മനോഹരമായ ഉദ്യാനംപോലെയാണ്, സ്വര്‍ഗ്ഗ സമാനമാണത്. ദൈവത്തെയും അവിടുത്തെ കാരുണ്യത്തെയും അനന്തമായ സ്നേഹത്തെയും സംബന്ധിക്കുന്ന ശ്രേഷ്ഠവും സന്തോഷദായകവുമായ ചിന്തകളുടെ വര്‍ണ്ണപ്പൂക്കളാണ് സങ്കീര്‍ത്തകന്‍ വിരിയിക്കുന്നത്....,”
എന്ന് അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നു.

Psalm 96 V.3 മോടിയില്‍ പുതുവസ്ത്രം അമിയുവിനങ്കണേറാന്‍
പാരെല്ലാം പ്രഭുവിനെ വ്ഴ്ത്തുവിലന്‍ പുളകാന്വിതം
നവ്യമാമൊരുഗാനം....

3. ഉത്ഭവത്തെക്കുറിച്ച്
സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ഹ്രസ്വമായി പ്രതിപാദിച്ചുകൊണ്ട്
ഇന്നത്തെ ആമുഖഭാഗം ആവസാനിപ്പിക്കാം. ഉത്ഭവം സംബന്ധിച്ച് ശ്രദ്ധേയമായ മൂന്ന് അഭിപ്രായങ്ങളാണുള്ളത്.

ആരാധനാസമൂഹത്തില്‍, പ്രാര്‍ത്ഥിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയില്‍ ഉത്ഭവിച്ചതാണ് സങ്കീര്‍ത്തനങ്ങള്‍, എന്നതാണ് ആദ്യത്തെ അനുമാനം. അതിനെ ‘സമൂഹപരമായ ഉത്ഭവം’
A community origin എന്നു പറയാം. അതായത്, സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും സങ്കീര്‍ത്തനങ്ങള്‍ക്ക് രൂപംനല്കിയെന്നതാണ് സമൂഹപരമായ ഉത്ഭവം സൂചിപ്പിക്കുന്നത്.

വ്യക്തികളുടെ ഭക്താനുഷ്ഠാനപരമായ ജീവിതത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ഭാഗമാണ് സങ്കീര്‍ത്തനങ്ങള്‍ എന്നതാണ് ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടാമത്തെ കാഴ്ചപ്പാട് - The theory of personal Origin. സങ്കീര്‍ത്തനം 50, ദാവീദിന്‍റെ വിലാപം... miserere mei Deo…കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ... വ്യക്തിഗത ഉത്ഭവമായ സങ്കീര്‍ത്തനത്തിന് ഉദാഹരണമാണിത്.
മൂന്നാമത്തെ രീതി, വ്യക്തികളുടെ പ്രാര്‍ത്ഥന, സമൂഹപ്രാര്‍ത്ഥനയായി പരിണമിച്ചു, വളര്‍ന്നു എന്നുള്ളതാണ്. അങ്ങനെ വ്യക്തിഗത സങ്കീര്‍ത്തനങ്ങളില്‍നിന്നും വാക്കുകളും ശൈലിയും സമൂഹത്തിനു ചേരുന്ന വിധമായി പരിണമിച്ചുണ്ടായ സാഹിത്യ-സംഗീതരൂപമാണ് സങ്കീര്‍ത്തനങ്ങള്‍, എന്നത് ഉത്ഭവത്തെക്കുറിച്ചുള്ള മൂന്നാമത്തെ അഭിപ്രായമാണ്.

ദേവാലയത്തിലെ തിരുനാളുകള്‍, തിരുക്കര്‍മ്മങ്ങള്‍, തിരുക്കര്‍മ്മഗീതികള്‍, നൃത്തനൃത്യങ്ങള്‍, പ്രഘോഷണങ്ങള്‍ തുടങ്ങിയവയും സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവവുമായി ബന്ധപ്പെട്ട പ്രായോഗിക രൂപങ്ങളായിരുന്നു, ക്രമങ്ങളായിരുന്നെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ, പഴയനിയമത്തില്‍ രാജാവിന്‍റെ അഭിഷേകം, രാജകീയ ആഘോഷങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ചിരുന്നത്രേ. കൂടാതെ ഇസ്രായേല്യരുടെ അയല്‍ഗോത്രങ്ങളായ കാനാന്യര്‍, ബാബിലോണിയര്‍, അസ്സീറിയക്കാര്‍ എന്നിവരുടെ കര്‍മ്മാനുഷ്ഠനങ്ങളിലും സങ്കീര്‍ത്തനങ്ങളുടെ പ്രാക് രൂപം കണ്ടെത്തിയിട്ടുണ്ട്.

Psalm 96
v.4 നീതിപാലകനീശാ വിശ്വവിധായക നാഥാ
ഏകുന്നു ജയാരവം അംബുധിയാഗാധമാകവേ....

സങ്കീര്‍ത്തനം 96
‘കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍
ഭൂമിമുഴുവന്‍ അവിടുത്തെ പാടി സ്തുതിക്കട്ടെ ’

എന്ന, 96-ാമത്തെ സങ്കീര്‍ത്തനമാണ് ഇന്നത്തെ പഠനപരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത്.

1. നവ്യമാമൊരു ഗാനം ഭവ്യനൂതനരാഗം
വിശ്വമണ്ഡലമാകെയൊന്നായ്, പാടുവിന്‍ യശസ്തവം

2. സാനന്ദം വരിക തന്‍ അങ്കണം പൂകു നിങ്ങള്‍
പാവനം പ്രഭുനാമം പീജിത ശ്രീകരമാക്കൂ....

3. മോടിയില‍ പുതുവസ്ത്രം അമിയുവിനങ്കണേറാന്‍
പാരെല്ലാം പ്രഭുവിനെ വ്ഴ്ത്തുവിലന്‍ പുളകാന്വിതം

4. ഭൂമിയെ ദൃഢതരം സ്ഥാപിച്ചോരധി നാഥന്‍
ലോകശാസനം ചെയ്വൂ ഇന്നുമെന്നുമധീശന്‍

5. നീതിപാലകനീശാ വിശ്വവിധായക നാഥാ
ഏകുന്നു ജയാരവം അംബുധിയാഗാധമാകവേ....

6. അംബരമവനി സമേതം താഴ്വര ഗിരനിര പോലെ
ആടുന്നു പിളിനങ്ങള്‍ ആനന്ദ നര്‍ത്തനങ്ങള‍

7. പാരിതില്‍ വിധിപോലെ നീതിചെയ്യുവതിന്നായ്
ന്യായപാലകനീശന്‍ വന്നിടും ഇനി ഭൂവില്‍

8. ന്യായസത്യസമേതം നീതിഭാവനധീശന്‍
രാജശാസനം ചെയ്യും ഭൂതലേ പ്രഭൂവീശന്‍

9. ആദരാഞ്ജലിയോടേ സാര്‍വ്വലൗകിക ജനമേ
പാടുവിന്‍ യശോഗാനം പാവനമീശ്വര നാം


1962-ല്‍ ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവും ചേര്‍ന്നാണ് ഈ സങ്കീര്‍ത്തനം ചിട്ടപ്പെടുത്തിയത്. ഗാനാവിഷ്ക്കാരത്തില്‍ ഫാദര്‍ മുളവന മണിപ്രവാള ശൈലിയിലുള്ള മലായാള പദപ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത് മനഃപൂര്‍വ്വമായിരിക്കണം, ഗീതത്തിന്‍റെ പൗരാണികതയും പ്രതിപാദ്യവിഷയത്തിന്‍റെ ഗാംഭീര്യവും പ്രകടമാക്കാനായിരിക്കണം എന്നു വിചാരിക്കുന്നു.

ജെറി അമല്‍ദേവ്, വളരെ വേറിട്ടതും അല്ലെങ്കില്‍ തനിമയാര്‍ന്നതുമായ ശൈലിയില്‍ ഈണംപകര്‍ന്നിരിക്കുന്നത് സങ്കീര്‍ത്തനത്തെ സാധാരണ ഭക്തിഗാനങ്ങലില‍നിന്നും ദേവാലയഗീതങ്ങളി‍ല്‍നിന്നും വ്യത്യസ്തമാക്കിയിരിക്കുന്നു.


വില്‍സണ്‍ പിറവവും സംഘവും ചേര്‍ന്നാണ് ഇത് ആലപിച്ചിരിക്കുന്നത്.


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ ഒരുക്കിയ വത്തിക്കാന്‍ റേഡിയോയുടെ -സങ്കീര്‍ത്തനങ്ങള്‍- എന്ന ബൈബിള്‍ പഠനപരിപാടിയാണ്. സങ്കീര്‍ത്തനങ്ങളുടെ പരമ്പര വീണ്ടും അടുത്തയാഴ്ചയില്‍....

All the contents on this site are copyrighted ©.