2014-04-01 15:22:04

വിശുദ്ധപദ പ്രഖ്യാപനങ്ങൾ, വിശ്വാസ മഹോത്സവം


01 ഏപ്രിൽ 2014,വത്തിക്കാൻ
വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺപോൾ രണ്ടാമൻ പാപ്പായുടേയും വിശുദ്ധപദപ്രഖ്യാപനം വിശ്വാസത്തിന്‍റെ മഹോത്സവമാണെന്ന് റോമാ രൂപതയുടെ വികാരി ജനറൽ കർദിനാൾ അഗസ്തീനോ വല്ലീനി. രണ്ട് മാർപാപ്പമാരുടെ വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാൻ മാർച്ച് 31ന് വത്തിക്കാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 27ാം തിയതി ഞായറാഴ്ച്ചയാണ് ഫ്രാൻസിസ് പാപ്പ രണ്ടു മാർപാപ്പമാരേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ ധ്രുതഗതിയിൽ മുന്നേറുകയാണ്. റോമാ രൂപതാധ്യക്ഷൻമാരായിരുന്ന പാപ്പാമാരുടെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന അവിസ്മരണീയ മുഹൂർത്തത്തിനായി റോമ രൂപത അത്യാഹ്ലാദത്തോടെ ഒരുങ്ങുകയാണ്. ആത്മീയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഏപ്രിൽ 22ന് റോമാ രൂപതയുടെ ഭദ്രാസന ദേവാലമായ സാൻ ജൊവാന്നി ലാറ്ററൻ ബസിലിക്കയിൽ യുവജന പ്രാർത്ഥനാ സംഗമവും വിശുദ്ധപദപ്രഖ്യാപനത്തിന്‍റെ തലേ നാൾ വിശുദ്ധപത്രോസിന്‍റെ ബസിലിക്കാങ്കണത്തിൽ ജാഗര പ്രാർത്ഥനാ സംഗമവും നടത്തുന്നുണ്ടെന്ന് കർദിനാൾ വല്ലീനി അറിയിച്ചു.
ഏപ്രിൽ 27ന് രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയില്‍ വച്ചായിരിക്കും വിശുദ്ധപദ പ്രഖ്യാപന ദിവ്യബലി മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുക. കർദിനാൾമാരും, മെത്രാപ്പോലീത്താമാരും മെത്രാൻമാരും ഉൾപ്പെടെ ആയിരത്തോളം സഭാമേലധ്യക്ഷർ പരിശുദ്ധ കുർബ്ബാനയിൽ സഹകാർമ്മികരായിരിക്കും. ദിവ്യകാരുണ്യം നൽകാൻ എഴുന്നൂറിലേറെ വൈദികരുണ്ടായിരിക്കുമെന്നും വത്തിക്കാൻ വാർത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. വിശുദ്ധപദപ്രഖ്യാപന ചടങ്ങിൽ സംബന്ധിക്കാൻ പ്രത്യേക പ്രവേശന പാസുകളൊന്നും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
All the contents on this site are copyrighted ©.