2014-03-31 16:55:55

സലേഷ്യൻ സന്ന്യസ്ത സഭാംഗങ്ങളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


31 മാർച്ച് 2014, വത്തിക്കാൻ
സലേഷ്യൻ സന്ന്യസ്ത സഭാംഗങ്ങളുമായി പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ച്ച നടത്തി. സന്ന്യസ്ത സഭയുടെ 27ാം ജനറൽ ചാപ്റ്ററിനോടനുബന്ധിച്ചാണ് തിങ്കളാഴ്ച്ച (മാർച്ച് 31ന്) ഉച്ചയ്ക്ക് പുതിയ മേജർ റെക്ടറും ജനറൽ കൗൺസിൽ അംഗങ്ങളുമടക്കം ഇരുന്നൂറ്റി അൻപതോളം സലേഷ്യൻ സഭാംഗങ്ങൾക്ക് മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചത്. വി.ഡോൺ ബോസ്ക്കോയുടെ പത്താമത് പിൻഗാമിയായി തിരഞ്ഞടുക്കപ്പെട്ട സ്പെയിൻ സ്വദേശിയായ ഫാ.ആങ്ഗെൽ ഫെർണാണ്ടസ് ആർതിമേ (Fr. Angel Fernandez Artime) ഈയടുത്തകാലം വരെ ദക്ഷിണ അർജ്ജന്‍റീനാ പ്രൊവിൻസ് സുപ്പീരിയറായിരുന്നു. തന്‍റെ മുൻകാല സുഹൃത്തും സഹപ്രവർത്തകനുമായ പുതിയ മേജർ റെക്ടറേയും ജനറൽ കൗൺസിൽ അംഗങ്ങളേയും അനുമോദിച്ച മാർപാപ്പ, വി.ഡോൺ ബോസ്ക്കോ വിഭാവനം ചെയ്ത അപ്പസ്തോലിക ശുശ്രൂഷാ മാർഗത്തിലൂടെ സലേഷ്യൻ സമൂഹത്തെ നയിക്കാൻ അവർക്ക് പ്രോത്സാഹനം പകർന്നു. പ്രഷിത ശുശ്രൂഷയിൽ ‘അദ്ധ്വാനത്തിനും, ആത്മ നിയന്ത്രണത്തിനും’ ഊന്നൽ നൽകിയിരുന്ന വി.ഡോൺ ബോസ്ക്കോ, അത് സന്ന്യസ്ത സമൂഹത്തിന്‍റെ വളർച്ചയ്ക്ക് അനിവാര്യ ഘടകങ്ങളായി പരിഗണിച്ചിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ആത്മാക്കളുടെ രക്ഷയ്ക്കായി കഠിനാദ്ധ്വാനം ചെയ്യുന്നവർ ദൈവ രാജ്യമല്ലാതെ മറ്റൊന്നും അന്വേഷിക്കുകയില്ല. ലൗകികാരൂപിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ അവർക്ക് എളുപ്പം സാധിക്കും. ആത്മനിയന്ത്രണം ജീവിത ലാളിത്യത്തിന് നിദാനമാണ്. വി.ഡോൺ ബോസ്ക്കോയുടേയും അമ്മ മാർഗരീത്തയുടേയും ദാരിദ്ര്യാരൂപി മാതൃകയും മാർഗദർശനവുമായി സ്വീകരിച്ചുകൊണ്ട്, വ്രതനിഷ്ഠയോടെ ജീവിക്കാനും, ദരിദ്രരെ സഹായിക്കാനും, സത്യസന്ധതയോടും സുതാര്യതയോടും കൂടി ധനം വിനിയോഗിക്കാനും സലേഷ്യൻ മിഷനറിമാരേയും കൂട്ടായ്മകളേയും പാപ്പ ക്ഷണിച്ചു.

സലേഷ്യൻ സഭയുടെ പ്രേഷിത ശുശ്രൂഷകളിൽ, വിശിഷ്യാ യുവജന പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ശുശ്രൂഷയിൽ കാലഘട്ടത്തിന്‍റെ വെല്ലുവിളികളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പരിശുദ്ധാത്മാവ് അവരെ സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. ആനുകാലിക വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളോട് പ്രതികരിക്കുമ്പോൾ, കുട്ടികളോടുള്ള സ്നേഹത്തിലും വാത്സല്യത്തിലും അടിത്തറയിട്ട ‘പ്രതിരോധ വ്യവസ്ഥ’യ്ക്കാണ് വി.ഡോൺ ബോസ്ക്കോ മുൻതൂക്കം നൽകിയതെന്ന് ഓർക്കണം. യുവജന വിദ്യാഭ്യാസവും പ്രേഷിതത്വവും തമ്മിൽ അഭേദ്യബന്ധമുണ്ട്. ബഹുമുഖ പ്രതിസന്ധികൾ നേരിടുന്നവരാണ് സമകാലീന യുവത്വം. തൊഴിലില്ലായ്മയും അതിന്‍റെ പരിണിത ഫലങ്ങളും യുവജനങ്ങളെ വല്ലാതെ അലട്ടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ്. യഥാർത്ഥ സ്നേഹത്തിന്‍റെ അഭാവം മൂലം നിരവധി യുവജനങ്ങൾ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്നു. ഇപ്രകാരം പാർശ്വവത്കരിക്കപ്പെടുന്ന യുവജനങ്ങളെ വീണ്ടെടുക്കാൻ ധൈര്യവും, പക്വതയും, ശക്തമായ പ്രാർത്ഥനയും അനിവാര്യമാണ്. സമർപ്പിത – വൈദിക ജീവിതാന്തസിലേക്ക് അർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും മിഷൻ കേന്ദ്രങ്ങളിലേക്ക് പ്രഷിതരെ അയക്കുന്നതിലും സൂക്ഷ്മ ശ്രദ്ധ വേണമെന്ന് പാപ്പ സഭാ മേലധികാരികളെ ഉത്ബോധിപ്പിച്ചു. സന്ന്യസ്ത സമൂഹം നയിക്കുന്ന കൂട്ടായ്മയിലുള്ള ജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ തന്‍റെ പ്രഭാഷണത്തിൽ പരാമർശിച്ചു. സാഹോദര്യ മനോഭാവവും, പരസ്പര സഹായവും, സ്നേഹവും ആദരവും, ക്ഷമയും, ആനന്ദവുമുള്ള കൂട്ടായ്മകളിൽ സുവിശേഷത്തിന്‍റെ മാനുഷിക മുഖമാണ് ദൃശ്യമാകുന്നത്. കൂട്ടായ്മയുടെ ജീവിതത്തിന് വി.ഡോൺ ബോസ്ക്കോ വിഭാവനം ചെയ്ത ‘കുടുംബാന്തരീക്ഷം’, സ്ഥിരോത്സാഹത്തോടെ സമർപ്പിത ജീവിതം നയിക്കാൻ മിഷനറിമാർക്ക് പ്രചോദനവും പ്രോത്സാഹനവുമേകുമെന്ന് മാർപാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.