2014-03-29 09:27:42

ദര്‍ശനസമൃദ്ധിയുടെ തേജസ്വി
(തപസ്സിലെ നാലാം വാരം)


RealAudioMP3
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 9, 1-41
യേശു ആ വഴി കടന്നുപോകുമ്പോള്‍ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. അവിടുന്ന് നിലത്തു തുപ്പി. പിന്നെ തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്‍റെ കണ്ണുകളില്‍ പൂശിയിട്ട്, അവനോടു പറഞ്ഞു. “നീ പോയി സീലോഹാ – അയയ്ക്കപ്പെട്ടവന്‍ - എന്നര്‍ത്ഥം വരുന്ന കുളത്തില്‍ കഴുകുക.” അയാള്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു. അയല്‍ക്കാരും അവനെ മുന്‍പ് യാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു. “ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്.” ചിലര്‍ പറഞ്ഞു. “ഇവന്‍ തന്നെ,” മറ്റു ചിലര്‍ പറഞ്ഞു. ഇല്ല, ഇവന്‍ അവനെപ്പോലിരിക്കുന്നു എന്നേയുള്ളൂ.” എന്നാല്‍ അന്ധനായിരുന്നവന്‍ പറഞ്ഞു. “ഇല്ല, അതു ഞാന്‍തന്നെ.” 6-9.

13-17 മുന്‍പ് അന്ധനായിരുന്ന അയാളെ ജനങ്ങള്‍ ഫരീസേയരുടെ അടുത്തു കൊണ്ടുചെന്നു. ക്രിസ്തു ചെളിയുണ്ടാക്കി അവന്‍റെ കണ്ണുകള്‍ തുറന്നത് സാബത്തു ദിവസമായിരുന്നു.
ഫരീസേയര്‍ അയാളോട്, എങ്ങനെ അവനു കാഴ്ച ലഭിച്ചുവെന്നു ചോദിച്ചു.
അയാള്‍ പറഞ്ഞു. “ആരോ എന്‍റെ കണ്ണുകളില്‍ ചെളി പുരിട്ടി. ഞാന്‍ കഴുകി.
ഞാന്‍ കാണുകയും ചെയ്യുന്നു.” ഫരിസേയരില്‍ ചിലര്‍ പറഞ്ഞു. “ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത് ആചരിക്കുന്നില്ല.”
എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു. “പാപിയായ മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ ‍പ്രവര്‍ത്തിക്കാന്‍ കഴിയും?” അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി. അപ്പോള്‍ ആ അന്ധനോടു വീണ്ടും അവര്‍ ചോദിച്ചു. “അവന്‍ നിന്‍റെ കണ്ണുകള്‍ തുറന്നല്ലോ. അവനെപ്പറ്റി നീ എന്തു പറയുന്നു.” അവന്‍ പറഞ്ഞു. “അയാള്‍ ഒരു പ്രവാചകനാണ്.” അവന്‍ അന്ധനായിരുന്നെന്നും കാഴ്ച പ്രാപിച്ചെന്നും കാഴ്ച ലഭിച്ചവന്‍റെ മാതാപിതാക്കന്മാരെ വിളിച്ചു ചോദിച്ചു. “അന്ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്.”
34-37
അപ്പോള്‍ അവര്‍ പറഞ്ഞു. “തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ?” അവര്‍ അവനെ പുറത്താക്കി.
അവര്‍ അവനെ പുറത്താക്കിയെന്നു ക്രിസ്തു അറിഞ്ഞു. അവനെ കണ്ടപ്പോള്‍ അവിടുന്നു ചോദിച്ചു. “മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?” അവന്‍ ചോദിച്ചു. “കര്‍ത്തവേ, ഞാന്‍ അയാളില്‍ വിശ്വസിക്കേണ്ടതിന് അത് ആരാണ്?” യേശു പറഞ്ഞു. “നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണവന്‍.” “കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു,”
എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.

Ann Sullivan എന്ന അദ്ധ്യാപികയെക്കുറിച്ച് കേട്ടിട്ടുണ്ടാകാം. 1936-ലാണ് അവര്‍ അന്തരിച്ചത്. അവരുടെ അറിയപ്പെട്ട ശിഷ്യയായിരുന്നു ഹെലന്‍ കെല്ലര്‍. ഹെലന് രണ്ടു വയസ്സുള്ളപ്പോള്‍ മാരകമായ രോഗം പിടിപെട്ടു. അവളുടെ കാഴ്ച-കേള്‍വി ശക്തികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പിന്നെ അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോഴാണ്
ആന്‍ സളിവന്‍ എന്ന ടീച്ചര്‍ അവളെ സഹായിക്കാനെത്തുന്നത്. സ്പര്‍ശനത്തിലൂടെ ഹെലന്‍റെ മനസ്സിനെ സ്വാധീനിക്കുവാനുള്ള ശ്രമമാരംഭിച്ചു. Impossible അസാദ്ധ്യം, എന്നു പറഞ്ഞ് പലരും നെറ്റിചുളിച്ചു. എന്നാല്‍
ആന്‍ പിന്മാറിയില്ല. ഹെലന്‍റെ വിരല്‍സ്പര്‍ശനത്തില്‍ അവള്‍ക്ക് മനസ്സിലാക്കാവുന്ന ഒരക്ഷരമാല ആന്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. മെല്ലെ വസ്തുക്കളും വാക്കുകളുമായി ബന്ധമുണ്ടാക്കാന്‍ ഹെലനെ അത് സഹായിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ ‘ബ്രെയില്‍’ (braille) എന്നറിയപ്പെടുന്ന സവിശേഷമായ അന്ധര്‍ക്കുള്ള അക്ഷരമാലക്രം ആന്‍ തയ്യാറാക്കി. പ്രദലത്തില്‍നിന്നും എഴുന്നുനില്ക്കുന്ന അക്ഷരമാല സ്പര്‍ശത്തിന്‍റെ സഹായത്തോടെ വായിക്കുവാനും എഴുതുവാനും ഹെലനെ അഭ്യസിപ്പിച്ചു. 16-ാം വയസ്സില്‍ അമേരിക്കയിലെ Radcliffe യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ഹെലന്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. അത് 1904-ായിരുന്നു. ഹെലന്‍റെ ജീവിതവളര്‍ച്ചയിലും വലിയ ഉയര്‍ച്ചയിലും മരണംവരെ കൂടെനിന്ന സ്നേഹസമ്പന്നയായ അദ്ധ്യാപികയാണ് Ann Sullivan. സ്നേഹത്തിന്‍റെയും തീരാകാരുണ്യത്തിന്‍റെയും അത്ഭുതമാണ് ആന്‍ ചെയ്തത്. ആന്‍ ഇല്ലായിരുന്നെങ്കില്‍ ചരിത്രത്തിലെ ഹെലന്‍ കെല്ലര്‍ എന്ന വ്യക്തിയും, ഇന്ന് ലോകത്ത് അന്ധരും ബധിരരുമായവര്‍ക്ക് ആശയവിനിമയ സാദ്ധ്യത പകര്‍ന്ന ‘ബ്രെയില്‍’ സംവിധാനവും ഉണ്ടാകുമായിരുന്നില്ല.

ജന്മനാ അന്ധനായ മനുഷ്യന് കാഴ്ചനല്കിയ യേശുവിനെയാണ് നാമിന്ന് സുവിശേഷത്തില്‍ കാണുന്നത്. മനുഷ്യനെ നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നതും, ലോകത്തിനു രക്ഷയുടെ മാര്‍ഗ്ഗം തെളിയിച്ചുതരുന്നതിനും അവതരിച്ച വിശ്വപ്രകാശമാണ് താന്‍ എന്ന സത്യമാണ്, ഈ സുവിശേഷഭാഗത്ത് ചുരുളഴിയുന്നത്. മാത്രമല്ല, യഥാര്‍ത്ഥമായ അന്ധത കണ്ണിന്‍റെ കാഴ്ച എന്നതിനെക്കാള്‍ ആത്മീയാന്ധതയാണെന്നും, അത് ശാരീരികമല്ലെന്നും
ഈ സംഭവത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

നന്മചെയ്തിട്ടും സമൂഹം ക്രിസ്തുവിനെ വിമര്‍ശിക്കുന്നു, വിചാരണചെയ്യുന്നു. വിശുദ്ധ യോഹന്നാന്‍ നാടകംപോലെ വര്‍ണ്ണിച്ചിരിക്കുന്ന സംഭവത്തിന്‍റെ ആദ്യരംഗത്തും അവസാനരംഗത്തും മാത്രമാണ് മുഖ്യകഥാപാത്രമായ ക്രിസ്തു പ്രത്യക്ഷപ്പെടുന്നത്. പാപത്തിന്‍റെ ഫലമാണ് രോഗം എന്ന പഴയ ചിന്താഗതിയെ ക്രിസ്തു ഇവിടെ നിരാകരിക്കുകയാണ്. രോഗകാരണങ്ങള്‍ പലതായിരിക്കാം. പാപം അതിലൊന്നാകാം. ദൈവത്തിന്‍റെ പ്രവൃത്തികള്‍ ലോകത്ത് പ്രകടമാകാനും ദൈവമഹത്വവും, അവിടുത്തെ രക്ഷാസാന്നിദ്ധ്യവും വെളിപ്പെടുത്തുവാനും രോഗം സഹായകമാകാമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. ഒരാള്‍ക്കു ലഭിക്കുന്ന ശാപമല്ല രോഗം. ‘അയ്യോ, അയാള്‍ക്കിത് സംഭവിച്ചല്ലോ,’എന്നു പറഞ്ഞ് നാം രോഗിയെ ഭയപ്പെടുത്തുന്നത്, പരിഹസിക്കുന്നത് ദൈവികപദ്ധതിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

ക്രിസ്തുവിന്‍റെ പുതിയ വാദമുഖം ഇതാണ് – ‘കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യുന്ന ന്യായവിധിക്കായിട്ടാണ് താന്‍ ഈ ലോകത്തിലേയ്ക്കു വന്നത്’ (യോഹ. 9, 39). ന്യായവിധി എന്നതിനുള്ള ഗ്രീക്കുപദം ക്രീസിസ് എന്നാണ്. ‘വേര്‍തിരിക്കുക’ എന്നാണര്‍ത്ഥം. നന്മ-തിന്മയുടെ വേര്‍തിരിവുണ്ടാക്കാനാണ് ക്രിസ്തു വന്നിരിക്കുന്നത്. തങ്ങള്‍ക്ക് കാഴ്ചയുണ്ട്, എന്നു കരുതിയ മതനേതാക്കള്‍ക്ക് അല്ലെങ്കില്‍ വേദപ്രമാണികള്‍ക്ക് സത്യത്തില്‍ കാഴ്ചയില്ലെന്നും, അവര്‍ വേദപ്രമാണങ്ങളാല്‍ അന്ധരാണെന്നും ക്രിസ്തു സമര്‍ത്ഥിക്കുന്നു. ശാരീരികമായി കാഴ്ചയില്ലാത്ത മനുഷ്യര്‍ സത്യത്തില്‍ ഉള്‍ക്കാഴ്ചയുള്ളവരാണ്. ആന്തരിക കാഴ്ചയാണത്. മനസ്സും മനഃസ്ഥിതിയുമാണ് യഥാര്‍ത്ഥത്തില്‍ ഒരാളുടെ കാഴ്ചശക്തി വെളിപ്പെടുത്തുന്നത്.

വിശ്വാസമുള്ളതുകൊണ്ട് രക്ഷപ്പെടണമെന്നില്ല. കണ്ണുള്ളതുകൊണ്ട് കാണണമെന്നുമില്ല, എന്നു പറയുമ്പോള്‍,
എന്‍റെ സ്വാര്‍ത്ഥതയും അതുമായ ബന്ധപ്പെട്ട രീതകളും, അഹന്തയുമായിരിക്കാം എന്നെ അന്ധനാക്കുന്നത്. ഉള്‍ക്കണ്ണ്, ഒരുമൂന്നാം കണ്ണ് തുറക്കുന്നില്ലെങ്കില്‍ ഞാന്‍ അന്ധനാണ്. സത്യത്തിന്‍റെയും നീതിയുടെയും, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും കാഴ്ച, പ്രകാശം ക്രിസ്തുവില്‍നിന്നും എനിക്കും ലഭിക്കേണ്ടിയിരിക്കുന്നു. അന്ധത ഒരുവിധത്തില്‍ അടിമത്തമാണ്. ക്രിസ്തു ആ അടിമത്തം നീക്കാനാണ് വന്നത്. മനുഷ്യരെ അന്ധരാക്കുന്ന വിധത്തിലാണ് ഇന്ന് മതങ്ങള്‍ മത്സരിക്കുന്നതും, പരസ്പരം ആക്രമിക്കുന്നതും. ഇന്ന് ലോകത്തുള്ള ഏറെ അധിക്രമങ്ങള്‍ക്കും അസമാധാനത്തിനും കാരണമാകുന്നത് മതങ്ങള്‍, അല്ലെങ്കില്‍ മതമൗലികവാദമാണെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനും ആത്മ വിമോചനത്തിനും വേണ്ടിയാണോ മതങ്ങള്‍ ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്ന് ചിന്തിച്ചു പോകും. എന്തിനാണ് ഈ മതമാത്സര്യമെന്ന് ചോദിച്ചുപോകും!


ക്രിസ്തുധര്‍മ്മം ഇതില്‍നിന്നും ഏറെ വിഭിന്നമാണ്. ക്രൈസ്തവജീവിതത്തില്‍ മതമൗലികതയുടെ തിമിരവും അന്ധതയും ബാധിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. സുവിശേഷമൂല്യങ്ങള്‍ ജീവിക്കാനും അതു പ്രഘോഷിക്കുവാനും ബാധ്യസ്ഥരായ ക്രൈസ്തവര്‍ തിന്മയുടെ അന്ധതവെടിഞ്ഞ്, ക്രിസ്തുവില്‍നിന്നും കാഴ്ച ലഭിച്ചവനെപ്പോലെ ദൈവസ്നേഹത്തിന്‍റെ വെളിച്ചം പ്രസരിപ്പിക്കേണ്ടവരാണ്.
കാഴ്ച ഒരിക്കലും കണ്ണിന്‍റെ മാത്രം പ്രശ്നമല്ല. അതെപ്പോഴും മനസ്സിന്‍റേതുകൂടെയാണ്.. അതുകൊണ്ടാണ് ക്രിസ്തു വ്യാകുലതയോടെ ആവര്‍ത്തിക്കുന്നത്, ‘കണ്ണുണ്ടായിട്ടും കാണാതെ പോകുന്നല്ലോ?’ (മാര്‍ക്ക് 8, 18) എന്ന്. തന്‍റെ പ്രഭാഷണങ്ങള്‍ അവിടുന്ന് പലപ്പോഴും ആരംഭിച്ചിരുന്നത്, ‘കണ്ണുകളുയര്‍ത്തി നോക്കുവിന്‍.’ എന്നായിരുന്നില്ലേ.. (യോഹ. 4, 35). നമ്മുടെ കാഴ്ചയെല്ലാം കാല്‍വട്ടത്തിലേയ്ക്ക് കുരുങ്ങി പ്പോകുന്നതുപോലെയാണ്. പിന്നെയും ഓരോ നിമിഷത്തിലും അതിന്‍റെ വ്യാസം, കൂടിവരികയല്ല... ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ഉള്‍ക്കാഴ്ചയുടെ അപൂര്‍ണ്ണതയാണ് ഒരാള്‍ അനുഭവിക്കുന്ന ഏറ്റവും വിലയ ആന്തരിക പ്രതിസന്ധി.

‘മിഴികള്‍ കത്തുന്ന വിളക്കുകളാണെ’ന്ന് ഗുരു മൊഴിയുമ്പോള്‍ (മത്തായി 6, 26)
അത് തീര്‍ച്ചയായും ബാഹ്യചക്ഷുസ്സുക്കളെക്കുറിച്ചല്ല, ഉള്‍ക്കണ്ണിനെക്കുറിച്ചും ആന്തരിക ദര്‍ശനത്തെക്കുറിച്ചുമാണ് അവിടുന്നു അരുള്‍ച്ചെയ്യുന്നത്.

വ്യക്തമായ കാഴ്ചയെ വേദം വിളിക്കുന്ന പേരാണ് ദര്‍ശനം. അഭിഷേകംനിറഞ്ഞ ഈ കാഴ്ചയെക്കുറിച്ച് ജോവേല്‍ പ്രവാചകന്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ‘ദൈവത്തിന്‍റെ ആത്മാവ് ഭൂമിയില്‍ വര്‍ഷിക്കപ്പെടുമ്പോള്‍ ചെറുപ്പാക്കാര്‍ക്ക് ദര്‍ശനവും വൃദ്ധര്‍ക്ക് സ്വപ്നങ്ങളുമുണ്ടാകും’ (ജോയേല്‍ 17..). ദര്‍ശനങ്ങളുടെ സമൃദ്ധിയാണ് നമ്മുടെ ദൈവാനുഭവത്തിന്‍റെ അളവുകോലാകേണ്ടത്. കാഴ്ചകളുടെ തമ്പുരാനോട് പ്രാര്‍ത്ഥിക്കാം, ക്രിസ്തുവേ, ദൈവമേ... അങ്ങ് എന്‍റെ മിഴികളെ രണ്ടാംവട്ടം സ്പര്‍ശിക്കണമേ. ഞാനെല്ലാം വ്യക്തമായി കണ്ടുതുടങ്ങട്ടെ. അതിന്, യേശുവേ, മിശിഹായേ.... ദര്‍ശനം നല്കണേ, അങ്ങേ ദര്‍ശനം നല്കണേ....









All the contents on this site are copyrighted ©.