2014-03-28 08:59:24

‘ലീജിയന്‍ ഓഫ് മേരി’യ്ക്ക്
പേപ്പല്‍ അംഗീകാരം


27 മാര്‍ച്ച് 2014, വത്തിക്കാന്‍
Legion of Mary ആഗോള മരിയന്‍ പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് അംഗീകാരം നല്കി.

അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ, Pontifical Council for Laity-യുടെ ഭാഗമായി ഇനി അത് പ്രവര്‍ത്തിക്കും.

മാര്‍ച്ച് 26-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ പ്രസിദ്ധീകരിച്ച് പ്രത്യേക ഡിക്രി പ്രകാരമാണ് ആഗോള ലീജിയന്‍ ഓഫ് മേരി പ്രസ്ഥാനം സഭയിലെ കാനോനിക അന്തസ്സും അസ്തിത്വവുമുള്ള അല്‍മായ സംഘടനയായി ഉയര്‍ത്തപ്പെട്ടത്.

1921-ല്‍, 93 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ഫ്രാങ്ക് ഡഫ്
എന്ന വ്യക്തിക്കു ലഭിച്ച പ്രേഷിത പ്രചോദനമാണ് ‘ലീജിയന്‍ ഓഫ് മേരി’ എന്ന ആഗോള മരിയന്‍ സംഘടനയ്ക്ക് രൂപം നല്കിയത്. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ ആത്മീയ മക്കളായി ജീവിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തിന് ലഭ്യമാക്കുക – ഇതാണ് സംഘടനയുടെ ലക്ഷൃം.

അനുദിന ജീവിതത്തിന്‍റെ ബദ്ധപ്പാടുകളില്‍ മുഴുകുമ്പോഴും നസ്രത്തിലെ മറിയത്തിന്‍റെ മാതൃകയില്‍ ദൈവികൈക്യവും വിശ്വസ്തതയും ജീവിത സമര്‍പ്പണവുംകൊണ്ട് സഹോദരങ്ങള്‍ക്ക് നന്മചെയ്തു ജീവിക്കാമെന്നത് ഫ്രാങ്ക് ഡഫ് പകര്‍ന്നുനല്കിയ സംഘടനയുടെ കറയറ്റതും ലളിതവുമായ ആത്മിയത (spirituality) യാണ്.

ലോകത്തുള്ള കത്തോലിക്കാ രൂപതകള്‍വഴി ഇടവകകളില്‍ പ്രസീദിയങ്ങളും (presidium) അവയുടെ യൂണിറ്റുകളുമായി സംഘട ലോകവ്യാപകമായി പ്രവര്‍ത്തിച്ചുപോരുന്നു. പ്രസീദിയങ്ങള്‍ കേന്ദ്ര കമ്മിറ്റികളായും (curia) അവ സംഘടയുടെ ലോക കൗണ്‍സിലിലേയ്ക്കും കണ്ണിചേര്‍ന്ന് ഇന്നും ലീജിയന്‍ ഓഫ് മേരി ആഗോളതലത്തില്‍ മനോഹരമായി പ്രവര്‍ത്തിക്കുന്നു. ആഗോള ലീജീയന്‍ ഓഫ് മേരി പ്രസ്ഥാനത്തിന് വത്തിക്കാനില്‍ പ്രസിദ്ധീകരിച്ച പ്രത്യേക ഡിക്രിയിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് സഭയുടെ അല്‍മായ സഭാ സംഘടനയായ Pontifical Council for Laity-യുടെ ഭാഗമാക്കിയിരിക്കുന്നത്.









All the contents on this site are copyrighted ©.