2014-03-28 09:11:47

‘ലീജിയന്‍ ഓഫ് മേരി’
ആഗോള അല്‍മായ പ്രേഷിതപ്രസ്ഥാനം


27 മാര്‍ച്ച് 2014, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണ പാതയില്‍ ‘ലീജിയന്‍ ഓഫ് മേരി’ വന്‍ശക്തിയാണെന്ന് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു.

മരിയഭക്തിയിലൂടെ വ്യക്തിജീവിത വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും ലക്ഷൃമിടുന്ന അല്‍മായ സംഘട സഭയുടെ നവസുവിശേഷവത്ക്കരണ പാതയില്‍ വന്‍ശക്തിയായി മാറുമെന്ന് പ്രസ്ഥാനത്തിന്‍റെ അംഗീകരാവുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കര്‍ദ്ദിനാള്‍ റയില്‍ക്കോ അഭിപ്രായപ്പെട്ടു.

കുടുംബത്തിലും സമൂഹത്തിലുമുള്ള അനുദിന ജീവിത പരിപാടികള്‍ക്കിടയിലും ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച വിശുദ്ധിയിലേയ്ക്കുള്ള വിളി ബലപ്പെടുത്തുന്നതിന് ഉപയുക്തമാകുന്ന വളരെ പ്രായോഗികമായ ആത്മീയ ജീവിതശൈലിയാണ് ‘ലീജിയന്‍ ഓഫ് മേരി’ നിര്‍ദ്ദേശിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ റയില്‍ക്കോ ചൂണ്ടിക്കാട്ടി.

ഡബ്ലിനിലെ ഫ്രാന്‍സിസ് സ്ട്രീറ്റില്‍ 1921, സെപ്റ്റംബര്‍ 7-ന് ഫ്രാങ്ക് ഡഫിന്‍റെ നേതൃത്വത്തില്‍ അല്‍മായരുടെ ചെറുസംഖ്യം തുടങ്ങിവച്ച Legion of Mary എന്ന മരിയന്‍ ഭക്തസംഘടനയ്ക്കാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക അംഗീകാരം മാര്‍ച്ച് 27-ന് ലഭിച്ചത്. മരിയ ഭക്തിയിലൂടെ സഭയുടെ അല്‍മായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ തുറക്കപ്പെടുമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മറിയത്തെപ്പോലെ എങ്ങനെ എളിയവരിലൂടെ ദൈവം വന്‍കാര്യങ്ങള്‍ ഈ ഭൂമിയില്‍ നിര്‍വ്വഹിക്കുന്നു എന്നതിന് നല്ല തെളിവാണ് ഫ്രാങ്ക് ഡഫിന്‍റെ ‘ലീജിയന്‍ ഓഫ് മേരി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗലവാര്‍ത്തയില്‍ ദൈവത്തിന്‍റെ വിളി ശ്രവിച്ച മറിയം, വിശ്വാസപൂര്‍വ്വം വിനയാന്വിതയായി പ്രത്യുത്തരിച്ചു, ‘ഇതാ, കര്‍ത്താവിന്‍റെ ദാസി’. അങ്ങനെ മറിയം തന്‍റെ അനുദിന ജീവിതം കൊണ്ടാണ് ദൈവത്തെ സ്തുതിച്ചത്. തുടര്‍ന്ന് മടിച്ചുനില്ക്കാതെ ധൈര്യപൂര്‍വ്വം തന്‍റെ ചാര്‍ച്ചക്കാരി എലിസബത്തിനെ സഹായിക്കാനായി അവള്‍ ഇറങ്ങിപ്പുറപ്പെടുന്നു. മറിയത്തിന്‍റെ പ്രായോഗികതയുള്ളതും സഹോദര ബന്ധിയുമായ ഈ വിശ്വാസചൈതന്യമാണ് ലീജിയന്‍ ഓഫ് മേരി, പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ ചൂണ്ടിക്കാട്ടി.

മറിയത്തിന്‍റെ വിശ്വാസവും, ദൈവഹിതത്തോടുള്ള വിധേയത്വവും ഉപവിയും പരസഹായത്തിന്‍റെ മനോഭാവവും ജീവിതത്തില്‍ സ്വായത്തമാക്കിയിട്ടുള്ള സംഘടയിലെ ധാരാളം മരിയഭക്തര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ആത്മീയതയുടെ ഉയര്‍ന്നപടവുകള്‍ കയറിയിട്ടുണ്ടെന്ന വസ്തുതയും പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്നതും, എന്നും അംഗീകരിക്കേണ്ടതുമായ വസ്തുതയാണെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.