2014-03-28 09:30:49

അഴലിന്‍റെ
നര്‍ത്തനഭൂമിയിലേയ്ക്കൊരു
അപ്പസ്തോലിക യാത്ര


27 മാര്‍ച്ച് 2014, റോം
അഴലിന്‍റെ നര്‍ത്തനഭൂമിയിലേയ്ക്കാണ് പാപ്പായുടെ അടുത്ത അപ്പസ്തോലിക യാത്രയെന്ന്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു.
മെയ് 24-മുതല്‍ 26-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന അപ്പോസ്തോലിക തീര്‍ത്ഥാടനം വിശുദ്ധനാട്ടിലേയ്ക്കാണെങ്കിലും, അഴലിന്‍റെ നര്‍ത്തനഭൂമിയിലേയ്ക്കു കൂടിയാണ് ഈ യാത്രയെന്ന് terrasanta.net വിശുദ്ധനാട് എന്ന ചാനലിനു നല്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശത്താല്‍ പവിത്രമായ മണ്ണില്‍വച്ച് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാ തലവനും പോള്‍ ആറാമന്‍ പാപ്പായുമായി നടന്ന സാഹോദര്യത്തിന്‍റെ സമാഗമം പാപ്പാ ഫ്രാന്‍സിസ് അവിടെ ആവര്‍ത്തിക്കുമെന്നത് കര്‍ദ്ദിനാള്‍ സാന്ദ്രി സ്ഥിരീകരിച്ചു.

യുദ്ധത്തിന്‍റെയും മതമൗലികതയുടെയും ദുരന്തങ്ങളില്‍പ്പെട്ട് അഭയാര്‍ത്ഥികളും
പരിത്യക്തരുമായി കഴിയുന്ന ആയിരക്കണക്കിന് പാവങ്ങള്‍ക്ക് സാന്ത്വസാമീപ്യമാകുവാനും,
സഭ വേദനിക്കുന്നവരുടെ പക്ഷത്തുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്കുവാനുമാണ് ജരൂസലേമിലും ബെതലഹേമിലും പോകുന്ന പാപ്പാ അമ്മാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേയ്ക്ക് ആദ്യം യാത്രയാകുന്നതെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി വ്യക്തമാക്കി.

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിസ്തുവിന്‍റെ കല്ലറയുടെ സ്ഥാനത്തുവച്ചാണ് പാത്രിയര്‍ക്കിസ് അത്തനാഗോറസ് പോള്‍ ആറാമന്‍ പാപ്പായുമായി ചരിത്രപരമായ കൂടിക്കഴ്ച നടത്തിയത്. ആ പുണ്യസ്ഥാനത്തുവച്ച് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും പാപ്പാ ഫ്രാന്‍സിസുമായി ഇക്കുറി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഉത്ഥിതന്‍റെ സ്നേഹമര്‍മ്മരം വീണ്ടും അവിടെ ആവര്‍ത്തിക്കപ്പെടും, ‘അവര്‍ ഒന്നായിരിക്കേണ്ടതിന്...’
(യോഹ. 17, 21) എന്നും കര്‍ദ്ദിനാള്‍ സാന്ദ്രി ചാനല്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

ക്രൈസ്തവ വിശ്വാസത്തിന് ഏറ്റവും പ്രാധാന്യമുള്ള ജരൂസലേമിലെ ഉത്ഥാനസ്ഥലം, മനുഷ്യകുലം ദൈവിക സമാധാനദൂതിന് കാതോര്‍ത്ത ബെതലേഹം താഴ്വാരം, ഉലയുന്ന കാറ്റിലും കോളിലും ക്രിസ്തുവിന്‍റെ സാന്ത്വനസാമീപ്യം വിളിച്ചോതുന്ന ഗലീലിയാക്കടല്‍, തന്‍റെ ശിഷ്യഗണത്തിന് വിനയത്തിന്‍റെ മാതൃകയും ശുശ്രൂഷയുടെ പാഠവും ഗുരു പഠിപ്പിച്ച സിയോന്‍ കുന്നിലെ വിരുന്നുശാല എന്നിവിടങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു സ്ഥാനങ്ങളാണെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി ചാനലിനു നല്കിയ അഭിമുഖത്തില്‍ വിസ്തരിച്ചു.








All the contents on this site are copyrighted ©.