2014-03-26 12:50:42

ലെബനോണിലെ മതാന്തര പ്രാർത്ഥനാ സംഗമത്തിന് പാപ്പായുടെ ആശംസകൾ


25 മാർച്ച് 2014, ഹരീസ
ലെബനോണിൽ നടക്കുന്ന ഇസ്ലാം – ക്രൈസ്തവ സംയുക്ത പ്രാർത്ഥനാ യോഗത്തിന് പാപ്പാ ഫ്രാൻസിസിന്‍റെ സ്നേഹാശംസകൾ. ഷാമോറിലെ നോട്ടർ ഡാം വിദ്യാപീഠത്തിലെ (Collège Notre-Dame de Jamhour) പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത പ്രാർത്ഥനാ സംഗമത്തിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ചുബിഷപ്പ് പിയത്രോ പരോളിൻ അയച്ച പേപ്പൽ സന്ദേശം, ലെബനോണിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ചയാണ് പ്രാർത്ഥനാ യോഗത്തിൽ വായിച്ചത്. മംഗലവാർത്താ തിരുന്നാൾ ദിനത്തിൽ ഷാമോറിലെ നോട്ടർ ഡാം ദേവാലയത്തിൽ നടന്ന ഇസ്ലാം – ക്രൈസ്തവ സംയുക്ത പ്രാർത്ഥനാ യോഗത്തിൽ, മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ സെക്രട്ടറി മോൺ.മിഗ്വേൽ ആങ്ഗേൽ അയൂസോ ക്വിസോട് വിശിഷ്ടാതിഥിയായിരുന്നു.
മതസൗഹാർദത്തിലും, സമുദായ മൈത്രിയിലും, സാഹോദര്യ മനോഭാവത്തിലും ലെബനോൺ ജനതയ്ക്കുള്ള പാരമ്പര്യം അമൂല്യമായി കാത്തു സൂക്ഷിക്കണമെന്ന് മാർപാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. രാഷ്ട്രത്തിന്‍റെ ശാന്തിക്കും സമാധാനത്തിനും വേണ്ടിയും, പൊതുക്ഷേമ പ്രവർത്തികളിലൂടെ വ്യക്തികളുടേയും സാമൂഹത്തിന്‍റേയും സമഗ്ര വികസനം ആർജ്ജിക്കാനും ക്രൈസ്തവരും ഇസ്ലാം സഹോദരങ്ങളും കൈകോർത്തു പ്രവർത്തിക്കണമെന്നും പാപ്പാ ഫ്രാൻസിസ് ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.