2014-03-26 16:44:06

പാപ്പാ വോയ്ത്തീവ
‘കുടുംബങ്ങളുടെ പാപ്പാ’


26 മാര്‍ച്ച് 2014, റോം
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ ‘കുടുംബങ്ങളുടെ പാപ്പാ’യെന്ന്, റോമില്‍ ചേര്‍ന്ന ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപനത്തിന്‍റെ (John Paul II Institute) സമ്മേളനം പ്രസ്താവിച്ചു. കുടുംബങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും പാപ്പാ വോയ്ത്തീവയ്ക്കുണ്ടായിരുന്ന ആഴമായ ബോധ്യവും സ്നേഹവുമാണ് കാലാതീതമായ പ്രബോധനങ്ങളും അപ്പസ്തോലിക പൈതൃകവുമായി സഭയില്‍ ഇന്നും നിലനില്ക്കുന്നതെന്ന് മാര്‍ച്ച് 20-മുതല്‍ 21-വരെ തിയതികളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിട്യൂട്ടും യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയും സംയുക്തമായി റോമില്‍ സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു.

കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങള്‍ ഇന്നും പ്രസക്തവും പ്രധാനപ്പെട്ടതുമാണെങ്കിലും അതിനെക്കുറിച്ച് ഇന്നും വ്യാപകമായ അജ്ഞതയാണ് നിലനില്ക്കുന്നതെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ കാര്‍ളോ കഫാരെ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ആസന്നമാകുന്ന സിനഡുമായി ബന്ധപ്പെട്ട ചോദ്യാവലിയും അതിന് ലഭിച്ച മറുപടികളും കുടുംബജീവിതത്തെ സംബന്ധിച്ചു സഭപഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത വ്യക്തമാക്കുന്നുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസേരിയും അഭിപ്രായപ്പെട്ടു. മനുഷ്യസനേഹത്തിന്‍റെയും കുടുംബബന്ധത്തിന്‍റെയും മനോഹാരിതയും മൂല്യങ്ങളും കോര്‍ത്തിണക്കിയുണ്ടാക്കിയ Familiaris Consortio, Humanae Vitae പോലുള്ള ആഗോളസഭയുടെ ആധികാരിക പ്രബോധനങ്ങള്‍ ഇനിയും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും, അവ ജീവിക്കാന്‍ അവരെ സഹായിക്കുകയും വേണമെന്നും, കുടുംബങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ചു ഭൂഖണ്ഡങ്ങളുടെയും പ്രതിനിധികള്‍ ഏകകണ്ഠേന അഭിപ്രായപ്പെട്ടു.

ജീവന്‍റെ സമൃദ്ധി പ്രഘോഷിക്കുന്ന ക്രിസ്തുവിന്‍റെ സുവിശേഷം സഭാദൗത്യമാണെന്നും,
അത് ഫലസമൃദ്ധി അണിയണമെങ്കില്‍ കുടുംബങ്ങളുടെ ക്ഷേമവും അന്തസ്സും മാനിക്കുന്ന സാമൂഹ്യ സംവിധാനം ലോകത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരിലുള്ള സ്ഥാപനത്തിന്‍റെ (John Paul II Institute) ഡീന്‍, കര്‍ദ്ദിനാള്‍ കഫാരെയുടെ മഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പുണ്യശ്ലേകനായ പാപ്പായുടെ കുടുംബപ്രേഷിത തീക്ഷ്ണതയ്ക്കും ജീവിതസമര്‍പ്പണത്തിനും സമ്മേളനം ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും സാക്ഷൃംവഹിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.