2014-03-26 19:41:24

കൂട്ടായ്മ വളര്‍ത്തേണ്ട
നവമാധ്യമ ശൃംഖലകള്‍


Communications Day Message 2014
48-ാമത് സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തോടനുബന്ധിച്ച്
പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം

1. വിസ്മയ ലോകത്തെ വൈരുധ്യം
നാം ജീവിക്കുന്ന ലോകം പൂര്‍വോപരി ചുരുങ്ങിച്ചുരുങ്ങി വരികയും മനുഷ്യര്‍ പരസ്പരം അയല്‍ക്കാരാകുന്ന അനുഭവം വളര്‍ന്നുവരികയും ചെയ്യുന്നു. ആഗോളവത്ക്കരണം പരസ്പര ആശ്രിതത്ത്വം വളര്‍ത്തുമ്പോള്‍, സഞ്ചാരത്തിന്‍റെയും ആശയവിനിമയത്തിന്‍റെയും സാങ്കേതിക മികവ് മനുഷ്യരെ പിന്നെയും തമ്മില്‍ അടുപ്പിക്കുകയും പാരസ്പര്യത്തില്‍ കണ്ണിചേര്‍ക്കുകയും ചെയ്യുന്നു. എന്നിട്ടും വളരെ ആഴമായ വിഭജനത്തിന്‍റെ അന്തരീക്ഷമാണ് മനുഷ്യകുലത്തില്‍ നിലനില്ക്കുന്നത്. സമ്പത്തിന്‍റെ ധൂര്‍ത്തും ഇല്ലായ്മയുടെ കൊടുംദാരിദ്ര്യവും തമ്മിലുള്ള അമ്പരപ്പിക്കുന്ന അന്തരമാണ് ആഗോളതലത്തില്‍ കാണുന്നത്. തെരുവോരങ്ങളില്‍ കഴിയുന്ന പാവങ്ങള്‍ അനുഭവിക്കുന്ന ജീവിതത്തിന്‍റെ ഇരുട്ടും കച്ചവടകേന്ദ്രങ്ങളുടെ കണ്ണാടിക്കൂടിന്‍റെ പ്രകാശവും തമ്മിലുള്ള അന്തരം കാണുവാന്‍ നഗരവീഥിയിലേയ്ക്ക് അല്പനേരം ഇറങ്ങിയാല്‍ മതി. ഈ കാഴ്ച ഏറെ പരിചിതമാകയാല്‍ അവ നമ്മെ സ്പര്‍ശിക്കുന്നതേയില്ല. സാമ്പത്തികവും രാഷ്ട്രീയവും താത്വികവും മതാത്മകവുമായ ഘടകങ്ങളുടെ സമ്മിശ്രണത്തില്‍നിന്നും ഉതിരുന്ന സംഘട്ടനങ്ങള്‍ക്കു പുറമേ, ജനങ്ങള്‍ ഇന്ന് വിവിധ തരത്തിലുള്ള ഒറ്റപ്പെടലും പാര്‍ശ്വവത്ക്കരണവും ദാരിദ്ര്യവും അനുഭവിക്കുന്നുണ്ട്.

2. കൂട്ടായ്മ വളര്‍ത്തുന്ന മാധ്യമങ്ങള്‍
വൈരുധ്യങ്ങളുടെ ലോകത്ത് കൂട്ടായ്മയിലൂടെ ഐക്യദാര്‍ഢ്യത്തിന്‍റേയും കൂടുതല്‍ അന്തസ്സുള്ള ജീവിതരീതിയുടേയും സാഹചര്യം വളര്‍ത്തിക്കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. അപരനെ ശ്രവിക്കുവാനും അതില്‍നിന്നു പഠിക്കുവാനുമുള്ള തുറവുണ്ടെങ്കില്‍ മാത്രമേ, ചുറ്റും ഉയര്‍ന്നുനില്ക്കുന്ന വിഭജനത്തിന്‍റെ ഭിത്തികള്‍ നമുക്കു തകര്‍ക്കാനാവൂ. പരസ്പരധാരണയും ബഹുമാനവും വളര്‍ത്തുന്ന സംവേദനത്തിന്‍റെ വിവിധ രൂപങ്ങളിലൂടെ സമൂഹത്തിന്‍റെ ചപലതകള്‍ മാറ്റിയെടുക്കേണ്ടതാണ്. നല്‍കുവാന്‍ മാത്രമല്ല, സ്വീകരിക്കുവാനും കൂട്ടായ്മയുടെ സംസ്ക്കാരം എന്നും തയ്യാറായിരിക്കും. ഇന്ന് ഏറെ അത്യപൂര്‍വ്വമായ പുരോഗതി കൈവരിച്ചിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഈ മേഖലയില്‍ നമ്മെ ഇന്ന് സഹായിക്കുവാനുമാകും. കൂട്ടായ്മയുടേയും ഐക്യദാര്‍ഢ്യത്തിന്‍റേയും സാദ്ധ്യതയാണ് ഇന്‍റര്‍നെറ്റ് ശൃംഖല ഇന്നു നല്കുന്നത്. നമുക്ക് അതിനെ തീര്‍ച്ചയായും ദൈവികനന്മയുടെ സമ്മാനമായി കരുതാം.

3. ഒറ്റപ്പെടുത്തുന്ന ഡിജിറ്റല്‍ ശൃംഖല
കുറ്റമില്ലാത്ത മേഖലയാണ് മാധ്യലോകം എന്നു കരുതരുത്. സ്വാഭിപ്രായം സന്തുലിതമായി പ്രകടമാക്കാന്‍ സാദ്ധ്യമല്ലാത്ത അതിവേഗതയിലാണ് ഇന്ന് അശയവിനിമയം നടക്കുന്നത്. ആധുനിക വിവരസാങ്കേതിക വിദ്യ നല്കുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ ജീവിതത്തില്‍ സഹായകമാണെന്നു തോന്നാമെങ്കിലും, ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളെയും, അവരുടെ ചിന്തകളെയും ആശയങ്ങളെയും സ്ഥിരീകരിക്കുന്ന വിവരസ്രോതസ്സുക്കളുടെ വേലിക്കെട്ടില്‍ മറഞ്ഞിരിക്കാന്‍ അത് ഇടയാക്കുന്നുണ്ട്. ആശയവിനമിയ ലോകം മനുഷ്യന്‍റെ വിജ്ഞാന മേഖലയെ വളര്‍ത്തുകയോ തളര്‍ത്തുകയോ ചെയ്യാം. അതിനാല്‍ വളരെ അടുത്തവരില്‍നിന്നും അയല്‍ക്കാരില്‍നിന്നും നമ്മെ വിവേചിക്കുന്ന അല്ലെങ്കില്‍ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ‘ഡിജിറ്റല്‍ മാധ്യമസമുച്ചയ’ത്തിയുള്ള (Digital Connectivity) ആഗ്രഹം സൃഷ്ടിക്കുന്നത്. എന്നാല്‍ എന്തു കാരണം കൊണ്ടുതന്നെയാണെങ്കിലും ഏതു മേഖലയിലായാലും സാമൂഹ്യമാധ്യമ ശ്രേണിയെ അവഗണിക്കുന്നവര്‍ പിന്‍തള്ളപ്പെടുമെന്നതിലും സംശയമില്ല.

4. മനസ്സിലാക്കേണ്ട മാധ്യമസംസ്ക്കാരം
നൂതന മാധ്യശൃംഖലകളുടെ കുറവുകള്‍ യാഥാര്‍ത്ഥ്യമാണെങ്കിലും അവയെ നിസ്സാരീകരിക്കുവാനോ അവഗണിക്കുവാനോ ആവില്ല. ആശയവിനിമയം ആത്യന്തികമായി സാമ്പത്തിക നേട്ടമെന്നതിനെക്കാള്‍ മാനുഷികനേട്ടമായി പരിഗണിക്കണമെന്നാണ് ഈ കുറവുകള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മാനുഷികതയിലും പരസ്പര ധാരണയിലും വളരാന്‍ നമ്മെ സഹായിക്കുന്ന ഏതു ഘടകമാണ് ആധുനിക ഡിജിറ്റല്‍ ലോകത്തുള്ളത്? ഇതു കണ്ടെത്താന്‍ ബോധപൂര്‍വ്വകവും പ്രശാന്തവുമായ മാനുഷികാവസ്ഥ അതിന് അത്യന്താപേക്ഷിതമാണ്. നിശ്ശബ്ദതയും തുറവും നമുക്ക് ആവശ്യമാണ്. തനിമയാര്‍ന്നതും വ്യത്യസ്തവുമായ മാധ്യമ ചുറ്റുപാടില്‍ ഇണങ്ങിച്ചേരണമെങ്കില്‍ ഏറെ ക്ഷമയും നമക്കുണ്ടായിരിക്കണം. മാധ്യമ മേഖലയില്‍ സഹിഷ്ണുതകാട്ടുക മാത്രമല്ല, അവയെ പൂര്‍ണ്ണമായും സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും സാധിച്ചെങ്കില്‍ മാത്രമേ, അവയുടെ ആവിഷ്ക്കരണസാമര്‍ത്ഥ്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനാവൂ. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മറ്റുള്ളവരോട് ശ്രദ്ധയോടെ ഇടപഴകുമ്പോഴാണ് ഇന്നത്തെ ലോകത്തെ വ്യത്യസ്തമായി കാണുവാനും, വിവിധ സാഹചര്യങ്ങളിലും സംസ്ക്കാരങ്ങളിലുമുള്ള മാനുഷികാനുഭവങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുവാനും നമുക്കു സാധിക്കുന്നത്. ക്രൈസ്തവ വീക്ഷണത്തിലെ മാനുഷ്യവ്യക്തി, വിവാഹം, കുടുബം; രാഷ്ട്രീയ-മത മേഖലകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍; ഐക്യദാര്‍ഢ്യത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും മൂല്യങ്ങള്‍ എന്നിവ വിവേചിച്ചറിയുവാനും അവയെ വിലമതിക്കുവാനും മാധ്യമങ്ങള്‍ നമ്മെ സഹായിക്കും.

5. അയല്‍ക്കാരെ സൃഷ്ടിക്കുന്ന മാധ്യമശൃംഖല
ആശയവിനിമയം പിന്നെ എങ്ങനെയാണ് യഥാര്‍ത്ഥ കൂട്ടായ്മയുടെ സംസ്ക്കാരത്തിന് പിന്‍ബലമാകുന്നത്? ക്രൈസ്തവര്‍ മറ്റുള്ളവരെ സുവിശേഷവെളിച്ചത്തില്‍ സമീപിക്കണം എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്തായിരിക്കും? നമ്മുടെ പരിമിതികള്‍ക്കും ബലഹീനതകള്‍ക്കും അതീതമായി എങ്ങനെ കൂട്ടായ്മ വളര്‍ത്താം? നിയമജ്ഞന്‍ യേശുവിനോടു ചോദിച്ച, “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” (ലൂക്കാ 10, 29) എന്ന ചോദ്യത്തില്‍ ഇവയെല്ലാം അടങ്ങിയിരിക്കുന്നു. സാഹോദര്യത്തിന്‍റെ വെളിച്ചത്തില്‍ ആശയവിനിമയത്തെ കാണുന്നതിന് ഈ ചോദ്യം നമ്മെ സഹോയിക്കും. ഈ ചോദ്യം നമുക്കൊന്ന് പുനരാവിഷ്ക്കരിക്കാം : മാധ്യമങ്ങളിലും ഡിജിറ്റള്‍ സാങ്കേതികതയുടെ പുതിയ സാമൂഹ്യ ചുറ്റുപാടുകളിലും നമുക്കെങ്ങനെ സാഹോദര്യം വളര്‍ത്താം?

ആശയവിനിമയ ശക്തിയുള്ള സുവിശേഷത്തിലെ ‘നല്ല സമറിയക്കാര’ന്‍റെ ഉപമയ്ക്ക് സാഹോദര്യത്തിന്‍റെ സംവേദനശേഷിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ ആശയവിനിമയം ചെയ്യുവന്നവര്‍ ഫലത്തില്‍ അയല്‍ക്കാരായിത്തീരുന്നു. മാര്‍ഗ്ഗമദ്ധ്യേ കണ്ട മൃതപ്രായനായ മനുഷ്യന്‍റെപക്കല്‍ ‘നല്ല സറിയക്കാരന്‍’ ചെല്ലുക മാത്രമല്ല, അയാളെ പരിചരിക്കുകയും, അയാളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്യുന്നു. അപരനെ എന്നെപ്പോലെ ഒരുവനായി കാണക മാത്രമല്ല, അപരന്‍റെ സ്ഥാനത്തു തന്നെത്തന്നെ കാണുവാനുള്ള കഴിവാണ് ഇവിടെ പ്രകടമാകുന്നത്. നമ്മുടെ ധാരണയില്‍ ക്രിസ്തു കൊണ്ടുവരുന്ന മാറ്റമാണിത്. അങ്ങനെ ക്രിസ്തു പറഞ്ഞ ഉപമയുടെ പശ്ചാത്തലത്തില്‍ എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന തിരിച്ചറിവാണ് പ്രസരിക്കുന്നത്. ഇതുപോലെ സംവേദനശൃംഖലയിലെ സാഹോദര്യത്തിന്‍റെ ശക്തി എല്ലാവരും തിരിച്ചറിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

6. അതിരുകടന്ന ഇന്നിന്‍റെ സംവേദനരീതി
കച്ചവടത്തിനായും അതിന്‍റെ ലാഭത്തിനായും ജനങ്ങളില്‍ ഏറെ സമ്മര്‍ദ്ദംചെലുത്തുന്ന ഘടകമായി ആശയവിനിമയം മാറുമ്പോള്‍, കൊള്ളക്കാരാല്‍ മര്‍ദ്ദിതനായി വലിച്ചെറിയപ്പെട്ട മനുഷ്യനെപ്പോലെ, പകിട്ടുള്ള മാധ്യമലോകത്ത് അരങ്ങേറുന്ന ക്രൂരവുമായ ജനപീഡനമാണ് ആധുനിക മാധ്യമങ്ങളിലൂടെ ഇന്ന് സംവേദനംചെയ്യപ്പെടുന്നത്. സഹായിക്കേണ്ട അയല്‍ക്കാരനായിട്ടല്ല, അകറ്റിനിറുത്തേണ്ട അന്യനായിട്ടാണ് ഉപമയിലെ ലേവ്യനും പുരോഹിതനും വഴിയില്‍ വീണുകിടക്കുന്ന മുറിപ്പെട്ടവനെ കണ്ടത്. അന്നത്തെ മതപരമായ ശുചിത്വനിഷ്ഠയാണ് (ritual purity) ഇങ്ങനെയൊരു പ്രതികരണത്തിന് അവരെ പ്രേരിപ്പിച്ചത്. ആധുനിക മാധ്യമങ്ങള്‍ മനസ്സുകളേയും പ്രതികരണങ്ങളേയും തമസ്ക്കരിക്കുന്നതിനാല്‍ സാഹോദര്യത്തിന്‍റെ വീക്ഷണം നമ്മില്‍ നഷ്ടപ്പെട്ടുപോകുവാന്‍ ഏറെ സാദ്ധ്യതയുണ്ട്.

7. ഡിജിറ്റല്‍ വീഥിയിലെ വ്യക്തിസാന്നിദ്ധ്യം
ഡിജിറ്റല്‍ ശൃംഖലയുടെ രാജവീഥിയില്‍ പ്രവേശിച്ചതുകൊണ്ടോ, ‘കണക്റ്റഡ്’ (connected) ആയതുകൊണ്ടോ മാത്രമായില്ല, അത് യഥാര്‍ത്ഥമായ കൂട്ടായ്മയുടെ കണ്ണിചേരലാവണം. ഒറ്റപ്പെട്ടും തമ്മിലകന്നും ജീവിക്കാന്‍ മനുഷ്യന് സാദ്ധ്യമല്ല. നാം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും വേണം. ലാളിത്യവും പരസ്പരസ്നേഹവും ഇന്നിന്‍റെ ആവശ്യങ്ങളാണ്. ആശയവിനിമയ ലോകത്ത് മാധ്യമങ്ങള്‍ മെനയുന്ന തന്ത്രങ്ങള്‍ ഇന്ന് യഥാര്‍ത്ഥമായ നന്മയോ, സൗന്ദര്യമോ, സത്യമോ പങ്കുവയ്ക്കുന്നില്ല. മാധ്യമങ്ങള്‍ മനുഷ്യരോട് പരിഗണനയുള്ളവയായിരിക്കണം. മനുഷ്യന്‍റെ ജിവിതനന്മയും ലാളിത്യവും മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റല്‍ ലോകം മാനവികതയുടെ സമൃദ്ധിയുള്ള ഭാവുകത്വ പരിസരമാകേണ്ടതാണ്. അത് കെയ്ബിള്‍ കൂട്ടങ്ങളുടെ (cable network) കെട്ടുപിണയലല്ല, മറിച്ച് മനുഷ്യന്‍റെ സ്നേഹക്കൂട്ടായ്മയുടെ ശൃംഖലയായി മാറണം. മാധ്യമങ്ങളുടെ നിഷ്പക്ഷത വെറും മിഥ്യയാണ്. ആശയവിനിമയ രീതിയില്‍ തങ്ങളില്‍നിന്നും നിസ്വാര്‍ത്ഥമായി പുറത്തിറങ്ങുന്നവര്‍ക്ക് മാത്രമേ ജീവിതപരിസരങ്ങളില്‍ സാഹോദര്യത്തിന്‍റെ ചലനങ്ങള്‍ സൃഷ്ടിക്കാനാവൂ. വ്യക്തിഗത ബന്ധമാണ് മാധ്യമപ്രവര്‍ത്തകന്‍റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം. ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നാം നന്ദിപറയണം, കാരണം മനുഷ്യാസ്ഥിത്വത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും ക്രൈസ്തവസാക്ഷൃം എത്തിക്കാന്‍ അവയക്ക് കരുത്തുണ്ട്.

8. ദൈവസ്നേഹത്തിന്‍റെ സംവാദകര്‍
തെരുവിലിറങ്ങുമ്പോള്‍ മുറിപ്പെടുന്ന സഭയും, സ്വാര്‍ത്ഥതയില്‍ മുഴുകുമ്പോള്‍ വേദനിക്കുന്ന സഭയും തമ്മില്‍ വിവേചിക്കേണ്ടിവന്നാല്‍ ഞാന്‍ ആദ്യഭാഗമായിരിക്കും തിരഞ്ഞെടുക്കുകയെന്ന് പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതാണ്. കാരണം, ജനങ്ങള്‍ ജീവിക്കുകയും അവരെ കണ്ടെത്താവുന്നതുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ പരിസരമാണ് തെരുവുകള്‍. മനുഷ്യര്‍ പരസ്പരം മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും, രക്ഷയ്ക്കും പ്രത്യാശയ്ക്കുമായി കേഴുകയും ചെയ്യുന്ന തിരക്കേറിയ തെരുവാണ് നവയുഗത്തിന്‍റെ ഡിജിറ്റല്‍ ശൃംഖല. ഇന്‍റര്‍നെറ്റിലൂടെ സുവിശേഷസന്ദേശം ഭൂമിയുടെ സകല അതിര്‍ത്തികള്‍വരെയും എത്തിക്കാവുന്നതാണ് (നടപടി 1, 8).
ചുറ്റുപാടുകള്‍ എന്തുതന്നെയായാലും, ജനങ്ങളുടെ ജീവിതമേഖലകളിലേയ്ക്ക് സഭ പ്രവേശിച്ചെങ്കില്‍ മാത്രമേ സുവിശേഷം സകലര്‍ക്കും ലഭ്യമാവുകയുള്ളൂ. അതിനാല്‍ നവമായ ഡിജിറ്റല്‍ ശൃംഖലയിലേയ്ക്കും സഭയുടെ വാതിലുകള്‍ തുറന്നിടേണ്ടതാണ്. അങ്ങനെ സകലര്‍ക്കും സാന്ത്വനമാകുന്ന ഗേഹമാണ് സഭയെന്ന് നാം തെളിയിക്കേണ്ടതുമാണ്. സഭയുടെ അങ്ങനെയുള്ളൊരു പ്രതീതൂപം വെളിപ്പെടുത്താന്‍ നമുക്കിന്ന് സാധിക്കുന്നുണ്ടോ? സഭ മുഴുവന്‍റെയും പ്രേഷിതദൗത്യം പ്രകടമാക്കാനുള്ള വേദിയാണ് ഇന്ന് ആശയവിനിമയം. വിശ്വാസത്തിന്‍റെ മനോഹാരിത, അതായത് ക്രിസ്തുവിന്‍റേയും സുവിശേഷത്തിന്‍റേയും മികവ് ജനങ്ങള്‍ കണ്ടെത്തേണ്ട മേഖലയുമാണ് ഇന്നിന്‍റെ സാമഹൂഹ്യ സമ്പര്‍ക്കശൃംഖലകള്‍. അങ്ങനെ ആശയവിനിമയ മേഖലയിലും മനുഷ്യഹൃദയങ്ങളെ ഊഷ്മളമായി ചലിപ്പിക്കുവാന്‍ പോരുന്നൊരു സഭയാണ് ഇന്നിന്‍റെ ആവശ്യം.

9. സംവേദനത്തിലെ സാന്ത്വന സാമീപ്യം
സുവിശേഷസന്ദേശം അടിച്ചേല്പിക്കേണ്ട ഒന്നല്ല, മറിച്ച് സത്യത്തിനും അസ്ഥിത്വത്തിന്‍റെ അര്‍ത്ഥത്തിനുംവേണ്ടിയുള്ള മനുഷ്യന്‍റെ അന്വേഷണത്തില്‍ ആദരപൂര്‍വ്വവും ക്ഷമയോടുംകൂടെ മനുഷ്യര്‍ക്ക് ലഭ്യമാകേണ്ട ക്രിസ്തുസാക്ഷൃമാണത് (Benedict XVI, Message of 47th World Day of Communicatios, 2013). എമാവൂസിലേയ്ക്ക് പുറപ്പെട്ടുപോയ ശിഷ്യന്മാരുടെ അനുഭവം ഇവിടെ അനുസ്മരണീയമാണ്. ഇന്നത്തെ തലമുറയുടെ ആശകളും പ്രത്യാശകളും മനസ്സിലാക്കി, പാപത്തില്‍നിന്നും മരണത്തില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ മനുഷ്യാവതാരംചെയ്ത ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ സുവിശേഷത്തെക്കുറിച്ചും അവരോട് പ്രഘോഷിക്കുവാന്‍ സഭയിന്ന് സംവാദത്തിന്‍റെ പാത സ്വീകരിക്കേണ്ടിയിരിക്കുന്നു. ആത്മീയ ഉണര്‍വും ചുറ്റുമുള്ള സംഭവങ്ങളെക്കുറിച്ച് അവബോധവും, ആഴമുള്ള വ്യക്തിത്വത്തിന്‍റെ ഉടമകളുംമായിരിക്കുക എന്നത് നമ്മുടെ ഇന്നത്തെ വെല്ലുവിളിയാണ്. അപരന്‍റെ നന്മ അംഗീകരിക്കുക, അവരുടെ ചിന്തകളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളുക എന്നതാണ് സംവാദം. നമ്മുടെ ചിന്താഗതിയും പാരമ്പര്യവും പാടേ ഉപേക്ഷിക്കുന്നതും, എന്നാല്‍ അവ മാത്രമാണ് പരമവും പ്രധാനവും എന്നു ചിന്തിച്ച് ബലംപ്രയോഗിക്കുന്നതും സംവാദമല്ല.

10. ആശയവിനമയ ലോകത്തെ സഭയുടെ സ്നേഹസാന്നിധ്യം
മുറിപ്പെട്ട മനുഷ്യനെ വീഞ്ഞൊഴിച്ചും എണ്ണപുരട്ടിയും പരിചരിച്ച ‘നല്ല സമറിയക്കാരന്‍’ നമുക്കു പ്രചോദനമാവട്ടെ. അതുപോലെ അനുദിനജീവിതത്തിലെ നമ്മുടെ ആശയവിനിമയം സഹോദരങ്ങളുടെ വേദനശമിപ്പിക്കുന്ന സാന്ത്വനതൈലവും, ആനന്ദംപകരുന്ന നല്ല വീഞ്ഞുമാവട്ടെ. മുറിപ്പെട്ട് തെരുവോരങ്ങളില്‍ തള്ളപ്പെട്ട മനുഷ്യജീവിതങ്ങളെ പ്രകാശിപ്പിക്കേണ്ടത് പുറംമോടികൊണ്ടോ, ബാഹികമായ ഉത്തേജനംകൊണ്ടോ അല്ല, മറിച്ച് സ്നേഹവും കാരുണ്യവുമുള്ള ‘നല്ല അയല്‍ക്കാര’നായിക്കൊണ്ടാണ്. ഇന്നത്തെ തലമുറയോട് സംവദിക്കുന്നതിനും, ക്രിസ്തുവിനെ കണ്ടെത്താന്‍ അവരെ സാഹയിക്കുന്നതിനും സഭ ഇന്നിന്‍റെ ആശയവിനിമയ ലോകത്ത് പ്രവേശിച്ച്, അതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകേണ്ടിയിരിക്കുന്നു. ജീവിതവീഥിയില്‍ സഭ സ്നേഹസാന്നിദ്ധ്യത്തിന്‍റെ സഹയാത്രികയാവണം. ആധുനിക വിവരസാങ്കേതികതയുടെയും ആശയവിനിമയത്തിന്‍റേയും ലോകത്ത് വിപ്ളവകരമായ മാറ്റങ്ങളും വെല്ലുവിളിയുമാണ് ഉയരുന്നത്. ദൈവികാനന്ദവും വിശ്വാസത്തിന്‍റെ മനോഹാരിതയും പങ്കുവയ്ക്കാന്‍ ശ്രമിക്കുന്ന നമുക്ക് നവമായ ശക്തിയോടും ഭാവനയോടുംകൂടെ ഇന്നിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാം.

വത്തിക്കാനില്‍നിന്നും
+ പാപ്പാ ഫ്രാന്‍സിസ്

____________________________________________________________
Published by Archbishop Claudio Maria Celli
for the Pontifical Council for Social Communcations, Vatican
Translated by fr. William Nellikal, Vatican Radio








All the contents on this site are copyrighted ©.