2014-03-26 18:56:50

കുടുംബങ്ങളുടെ ആഗോളസംഗമം
ഫിലാഡെല്‍ഫിയ ഒരുങ്ങുന്നു


26 മാര്‍ച്ച് 2014, വത്തിക്കാന്‍
കുടുംബങ്ങളുടെ ആഗോള സംഗമം സമകാലീന പ്രശ്നങ്ങള്‍ പഠനവിഷയമാക്കുമെന്ന്, ഫിലാഡെല്‍ഫിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ജോസഫ് കാപ്പുത്ത് പ്രസ്താവിച്ചു.
മാര്‍ച്ച് 25-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന അമേരിക്കിയിലെ ഫിലാഡേല്‍ഫിയായില്‍ അരങ്ങേറുന്ന ആഗോള കുടുബംസംഗമത്തിന്‍റെ വിവരങ്ങള്‍ ആര്‍ച്ചുബിഷപ്പ് കാപ്പുത്ത് പങ്കുവച്ചത്.

ലോകത്ത് കുടുംബങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍, പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന സംഗമത്തില്‍ ചര്‍ച്ചാ വിഷയമാക്കിക്കൊണ്ട്, അവയുടെ അജപാലനപരവും, സാമൂഹ്യവും സാമ്പത്തികവും സാംസ്ക്കാരികവുമായ വെല്ലുവിളികളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനുള്ള കരുത്ത് കുടുംബങ്ങള്‍ക്ക് നല്കുകയാണ് സംഗമ ലക്ഷൃമെന്നും ആര്‍ച്ചുബിഷപ്പ് കപ്പൂത്ത് വ്യക്തമാക്കി.

കുടുംബ ജീവിതത്തിന്‍റെ മനോഹാരിതയും, സത്യവും ജീവനും പഠനവിഷയമാക്കുന്ന സംഗമം, കത്തോലിക്കാ കുടുംബങ്ങളെ മാത്രമല്ല, സന്മനസ്സുള്ള ലോകത്തെ സകല കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും, അത് സ്നേഹത്തിന്‍റെയും മനുഷ്യബന്ധത്തിന്‍റെയും അന്യൂനമായ ബലതന്ത്രം പ്രസരിക്കുന്ന സവിശേഷ വേദിയായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് കാപ്പുത്ത് സംഘാടകരായ അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി റോമില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കുടുംബക്ഷേമമാണ് സമൂഹത്തിന്‍റെ ഭദ്രത. കുടുംബങ്ങളുടെ ശാക്തീകരണം മാനവസമൂഹത്തിന്‍റെ നന്മയുടെയും അന്തസ്സിന്‍റെയും ശാക്തീകരണമാണെന്ന ‘സുവിശേഷസന്തോഷം’ Evangelii Gaudium മെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാനപരവും നവവുമായ പ്രബോധനം വ്യക്തമാക്കുന്ന വീക്ഷണം സമ്മേളനത്തിന് പ്രചോദനവും, ലോകത്തുള്ള കുടുംബങ്ങളെ കൂടുതല്‍ പ്രസരിപ്പുള്ളതാക്കാന്‍ പോരുന്നതുമാണെന്നും ആര്‍ച്ചുബിഷപ്പ് കാപ്പുത്ത് ചൂണ്ടിക്കാട്ടി.

കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ, ഫിലാഡെല്‍ഫിയയുടെ ഗവര്‍ണ്ണര്‍ ടോം കോര്‍ബെറ്റും പത്നിയും, അവിടത്തെ നഗരസഭാ പിതാവ് എവറൈറ്റ് ഗില്‍സണും പത്നിയും, മറ്റു സഹപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

2015 സെപ്റ്റംബറില്‍ അരങ്ങേറുന്ന കുടുംബ സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്നാണ് അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രത്യാശ. പാപ്പായുടെ അമേരിക്ക സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫിലാഡെല്‍ഫിയ അതിരൂപതാംഗം, ഫാദര്‍ വില്യം ഡൊനോവന്‍ ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്കായി വത്തിക്കാനില്‍ പ്രവര്‍ത്തനം ആരംഭച്ചുകഴിഞ്ഞുവെന്നും, ആര്‍ച്ചുബിഷപ്പ് കാപ്പുത്ത് മാധ്യമസമ്മേളനത്തില്‍ വെളിപ്പെടുത്തി.

Photo: Pope greets the Mayor Michael Nutter and Archbishop Joseph Chaput of Philadelphia as Msgr. William Donovan of the archdiocese of Philadelphia looks on.








All the contents on this site are copyrighted ©.