2014-03-26 12:51:05

അനുരജ്ഞന തിരുന്നാൾ ആഘോഷിക്കാം


25 മാർച്ച് 2014, വത്തിക്കാൻ
കര്‍ത്താവിനുവേണ്ടി 24 മണിക്കൂര്‍ ആചരിക്കാൻ പാപ്പായുടെ ക്ഷണം. നോമ്പുകാലത്തെ ആത്മീയ ഒരുക്കത്തിന്‍റെ ഭാഗമായി, നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ആഹ്വാനം ചെയ്ത അനുരജ്ഞന കൂദാശ ദിനത്തെ ‘പാപമോചനത്തിന്‍റെ ഉത്സവം’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. ഞായറാഴ്ച ത്രികാല പ്രാർത്ഥനാവേളയിൽ അനുരജ്ഞന കൂദാശ ദിനാചരണത്തിന്‍റെ പ്രത്യേകതയെക്കുറിച്ച് പാപ്പ വിശദീകരിച്ചിരുന്നു. മാർച്ച് 28,29 (വെള്ളി, ശനി) ദിവസങ്ങളിലാണ് ‘കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍’ എന്ന പേരിൽ അനുതാപ ശുശ്രൂഷയ്ക്കായി പ്രത്യേക അവസരം സഭ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ സെന്‍റ് പീറ്റേഴ്‌സ്‌ ബസിലിക്കായിലെ പ്രാര്‍ത്ഥനയോടെയായിരിക്കും 24 മണിക്കൂര്‍ ആരംഭിക്കുക. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ കുമ്പസാരക്കൂടുകളിലൊന്നിൽ മാർപാപ്പയും കുമ്പസാരിപ്പിക്കാനുണ്ടാകും. അന്നു രാത്രിയില്‍ റോമിലെ പല പള്ളികളും ദിവ്യകാരുണ്യാരാധനയ്ക്കും പ്രാര്‍ത്ഥനയ്‌ക്കും കുമ്പസാരത്തിനുമായി തുറന്നിടും. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സാന്തോ സ്പിരിത്തോ ദി സാസ്സ്യ ദേവാലയത്തിൽ നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ ആർച്ച്ബിഷപ്പ് റിനോ ഫിസിക്കേലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന പ.കുർബ്ബാനയോടെയാണ് ‘കര്‍ത്താവിനു വേണ്ടിയുള്ള 24 മണിക്കൂര്‍’ അവസാനിക്കുന്നത്. ലോകത്തെമ്പാടുമുള്ള മറ്റു രൂപതകളും ഇടവകകളും അനുരജ്ഞനത്തിന്‍റെ ഈ ഉത്സവത്തിൽ പങ്കുചേരുന്നുണ്ട്.







All the contents on this site are copyrighted ©.