2014-03-24 17:11:55

ലോകത്തിനു നഷ്ടമായത് ധീരനും വിവേകിയുമായ ആത്മീയാചാര്യനെ: മാർപാപ്പ


24 മാർച്ച്2014, വത്തിക്കാൻ
പ്രതിസന്ധികളുടെ നടുവിലും പതറാതെ, സ്വന്തം അജഗണത്തെ ധീരതയോടും വിവേകത്തോടും കൂടെ നയിച്ച ആത്മീയ ആചാര്യനായിരുന്നു പാത്രിയാർക്കീസ് ഇഗ്നേഷ്യസ് സഖാ പ്രഥമനെന്ന് ഫ്രാൻസിസ് പാപ്പ. അന്ത്യോക്യായിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് സിറിയൻ ഓർത്തഡോക്സ് സഭയ്ക്ക് അയച്ച സന്ദേശത്തില്‍ പാത്രിയാർക്കീസിന്‍റെ വേർപാടിൽ മാർപാപ്പ അഗാധദുഃഖം രേഖപ്പെടുത്തി. സിറിയൻ ഓർത്തഡോക്സ് സഭാംഗങ്ങളോട് വ്യക്തിപരമായും എല്ലാ കത്തോലിക്കരുടേയും പേരിലും പാപ്പ അനുശോചനം അറിയിച്ചു. സന്ധിസംഭാഷണത്തിനും സമാധാനത്തിനും ഊന്നൽ നൽകിയ പാത്രിയാർക്കീസ് ഇഗ്നേഷ്യസ് സഖാ പ്രഥമൻ, ഇറാക്കിലും സിറിയയിലും സമാധാന പുനഃസ്ഥാപനത്തിനായി അത്യധ്വാനം ചെയ്തു. രണ്ടാം വത്തിക്കാൻ സൂന്നഹദോസിൽ നിരീക്ഷകനായി പങ്കെടുത്തിട്ടുള്ള അദ്ദേഹം, ക്രൈസ്തവ ഐക്യ സംരംഭങ്ങൾക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവാ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മാർപാപ്പ അനുസ്മരിച്ചു.

അന്ത്യോഖ്യൻ സിറിയൻ ഓർത്തഡോക്സ് സഭയുടെ 122 മത് പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവാ മാർച്ച് 21ന് ജർമനിയിൽ വച്ചാണ് കാലം ചെയ്തത്.
യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലംചെയ്തതിനെത്തുടര്‍ന്ന് 1980 ജൂലൈ 11ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ അധ്യക്ഷതയില്‍ കൂടിയ സുന്നഹദോസാണ് പാത്രിയര്‍ക്കീസ് ബാവായായി തിരഞ്ഞെടുത്തത്. 1982, 2000, 2004 വര്‍ഷങ്ങളില്‍ പാത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 2008ലാണ് അദ്ദേഹം ഒടുവിലായി ഇന്ത്യയിലെത്തിയത്.







All the contents on this site are copyrighted ©.