2014-03-24 17:10:12

യേശുവിന്‍റെ പീഡാസഹനം, ആതുരസേവനത്തിന്‍റെ ഗുരുകുലം


24 മാർച്ച്2014, വത്തിക്കാൻ
രോഗീ ശുശ്രൂഷയ്ക്കും ആതുര സേവനത്തിനുമായി ആത്മസമർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഉന്നതമായ ഗുരുകുലം യേശുവിന്‍റെ പീഡാസഹനമാണെന്ന് മാർപാപ്പ. ആരോഗ്യ പ്രവർത്തകരുടെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ വാർഷിക പൊതുസമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ കൗൺസിൽ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമ്മേളനം ചർച്ചാ വിഷയമാക്കിയ ‘സഹനത്തിലും നന്മചെയ്യുക, സഹനത്തിലായിരിക്കുന്നവർക്കുവേണ്ടിയും നന്മചെയ്യുക’ എന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സൂക്തം തദവസരത്തിൽ അനുസ്മരിച്ച പാപ്പ, ഈ വാക്കുകളുടെ നേർസാക്ഷ്യമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതമെന്ന് അഭിപ്രായപ്പെട്ടു. വേദനയിലും സഹനത്തിലും ആരും ഒരിക്കലും ഒറ്റയ്ക്കല്ലെന്നും മാർപാപ്പ പറഞ്ഞു. മനുഷ്യന്‍റെ എല്ലാ വേദനയിലും സഹനത്തിലും ആകുലതയിലും അവനോടൊപ്പമായിരിക്കാനുള്ള ക്രിസ്തുവിന്‍റെ അഭിലാഷമാണ് അവിടുത്തെ പീഡാസഹനത്തിൽ ദൃശ്യമാകുന്നത്. ദരിദ്രരിലും രോഗികളിലും, അശരണരിലും അനാഥരിലും നാം സ്പർശിച്ചറിയുന്നത് ക്രിസ്തുവിന്‍റെ ശരീരമാണ്. ഏതവസ്ഥയിലും, മനുഷ്യാന്തസും മനുഷ്യജീവന്‍റെ മൂല്യവും ആദരിക്കപ്പെടണമെന്നും, ജീവന്‍റെ ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ അത് സംരക്ഷിക്കപ്പെടണമെന്നും മാർപാപ്പ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.