2014-03-24 17:12:07

ബാല സുരക്ഷാ പൊന്തിഫിക്കൽ കമ്മീഷൻ രൂപീകൃതമായി


24 മാർച്ച്2014, വത്തിക്കാൻ
കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ ഫ്രാൻസിസ് പാപ്പ പുതിയ പൊന്തിഫിക്കൽ കമ്മീഷൻ രൂപീകരിച്ചു. കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് തടയാനും, പീഡനത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉചിതമായ അജപാലനശുശ്രൂഷ നല്കുന്നതിനും കൂടുതല്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്നതിന് പുതിയ കമ്മിഷൻ സ്ഥാപിക്കുമെന്ന് 2013 ഡിസംബർ 5ന് നടത്തിയ പ്രഖ്യാപനമാണ് മാർച്ച് 22ന് പൊന്തിഫിക്കൽ കമ്മീഷന്‍റെ ഔദ്യോഗിക സ്ഥാപനത്തിലൂടെ യാഥാർത്ഥ്യമായത്. മാർപാപ്പയുടെ ഉപദേശക സമിതിയായ എട്ടംഗ കർദിനാൾ സംഘത്തിലെ അംഗവും, ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ, കര്‍‍ദ്ദിനാള്‍ ഷോൺ ഓ’മാലിയാണ് കമ്മീഷന്‍റെ അധ്യക്ഷൻ. കമ്മീഷന്‍റെ നിയമാവലിയും കർമ്മശൈലിയും രൂപപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും എട്ട് പേരേയാണ് കമ്മീഷന്‍റെ ആദ്യ അംഗങ്ങളായി മാർപാപ്പ നിയോഗിച്ചിരിക്കുന്നത്. കർദിനാൾ ഷോമാലിക്കു പുറമേ, ഫ്രഞ്ച് മനശാസ്ത്രജ്ഞ കാതറിൻ ബൊനെ, പീഡനത്തിന് ഇരയായ ഐറിഷ് വനിത മാരി കൊളിൻസ്, മാനസികാരോഗ്യ വിദഗ്ദനായ ബ്രിട്ടീഷ് പ്രൊഫസർ ഷൈല ഹോളിൻസ്, ഇറ്റാലിയൻ ജഡ്ജി ക്ലൗദിയോ പാപാലേ, പോളണ്ടിലെ മുൻ പ്രധാന മന്ത്രിയും വത്തിക്കാനിലെ പോളിഷ് അംബാസിഡറുമായ ഡോ.ഹന്ന സുഷോക്ക, കർദിനാൾ ഹോർഹെ ബെർഗോളിയോയുടെ സഹകാരിയും പൂർവ്വവിദ്യാർത്ഥിയുമായ അർജന്‍റീനിയൻ ദൈവശാസ്ത്രജ്ഞനും ഈശോസഭാംഗവുമായ ഫാ.ഉംബെർത്തോ മിഗ്വേൽ യാനെസ്, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ മനഃശ്ശാസ്ത്ര വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ ഹാന്‍സ് സോള്‍നർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.







All the contents on this site are copyrighted ©.