2014-03-24 17:11:27

ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ പാപ്പായുടെ അഭ്യർത്ഥന


24 മാർച്ച്2014, വത്തിക്കാൻ
ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന. അക്രമം അവസാനിപ്പിച്ച്, ദുരിതബാധിത മേഖലകളിൽ അടിയന്തര സഹായമെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്ന പാപ്പായുടെ സന്ദേശം, ദക്ഷിണ സുഡാൻ സന്ദർശിക്കുന്ന നീതി സമാധാന കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ പീറ്റർ കെ.ടർക്സൺ തലസ്ഥാനമായ ജുബയിലെ കത്തീഡ്രലിൽ ഞായറാഴ്ച പ.കുർബ്ബാന മധ്യേ വായിച്ചു. സംഘർഷത്തിൽ കഴിയുന്ന വിഭാഗങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾ വെടിഞ്ഞ്, ഒരുമയോടെ സമാധാന പുനഃസ്ഥാപനത്തിനുവേണ്ടി പ്രയത്നിക്കണമെന്ന് സന്ദേശത്തിൽ മാർപാപ്പ അഭ്യർത്ഥിച്ചു. സായുധ സംഘർഷങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്കും, പട്ടിണിലേക്കുമാണ് ജനത്തെ നയിക്കുന്നത്. രോഗങ്ങൾക്കും മരണത്തിനും അതു കാരണമാകുന്നു. സംഘർഷം മൂലം സ്വദേശത്തു നിന്ന് പലായനം ചെയ്ത് അന്യനാട്ടിൽ അഭയാർത്ഥികളായി കഴിയുന്നവരുടെ അവസ്ഥയും ദയനീയമാണ്. പരിതാപകരമായ ഈ വസ്തുതകൾ നിസംഗമായി വീക്ഷിക്കാൻ സഭയ്ക്കു സാധിക്കില്ലെന്ന് പാപ്പ പ്രസ്താവിച്ചു. അക്രമം അവസാനിപ്പിക്കാൻ എല്ലാവരേയും ക്ഷണിച്ച പാപ്പ, ദുരിതത്തിൽ കഴിയുന്ന ദക്ഷിണ സുഡാൻ ജനതയ്ക്ക് അന്താരാഷ്ട്ര സഹായം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സമാധാനം കൂടാതെ വികസനം സാധ്യമല്ല. സാഹോദര്യത്തിൽ അടിയുറച്ച ‘സമാഗമ സംസ്ക്കാരം’ സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ് ദക്ഷിണ സുഡാനിലെ ജൂബാ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് പൗളിനോ ലുക്കൂഡു ലോറോയ്ക്ക് പാപ്പായുടെ സന്ദേശം അയച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.