2014-03-23 18:32:13

അധോലോക പ്രവര്‍ത്തകര്‍
അനുതപിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്


22 മാര്‍ച്ച് 2014, റോം
ഇറ്റലിയിലെ മാഫിയ സംഘങ്ങളുടെ ക്രൂരതയ്ക്ക് ഇരയായവരുടെ ബന്ധുമിത്രാദികള്‍ക്കൊപ്പം
നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയിലാണ് അധോലോക പ്രവര്‍ത്തനങ്ങളെ അപലപിച്ചതും അനുതപിക്കണമെന്ന് അവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചതും. മാര്‍ച്ച് 21-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍നിന്നും ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള, വിശുദ്ധ ഗ്രിഗരി ഏഴാമന്‍ പാപ്പായുടെ നാമത്തിലുള്ള ദേവാലയത്തിലായിരുന്നു അധോലോക പ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായവര്‍ക്കുവേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചത്. ഇറ്റലിയിലെ ‘ലീബെരാ’ ഫൗണ്ടേഷനായിരുന്നു (Libera foundation) പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ സംഘാടകര്‍.

കഴിഞ്ഞൊരു ദശകത്തില്‍ ഇറ്റലിയില്‍ മാത്രം മാഫിയ സംഘങ്ങളുടെ കൈകളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള 842 വ്യക്തികളുടെ പേരുകള്‍ പരസ്യമായി വായിച്ചതും, മാഫിയയുടെ ക്രൂരതയ്ക്ക് കീഴപ്പെട്ടവരില്‍ ചിലര്‍ ജീവിതാനുഭവങ്ങള്‍ സാക്ഷൃപ്പെടുത്തിയതും ഹൃദയസ്പര്‍ശിയായിരുന്നു. അധോലോക പ്രവര്‍ത്തകരുടെ കൈയ്കളില്‍ മരണംവരിച്ച ഫാദര്‍ ജുസ്സേപ്പേ ഡയാനയുടെ രക്തക്കറ പുരണ്ട ‘സ്റ്റോള്‍’ അല്ലെങ്കില്‍ ശുശ്രൂഷോത്തരീയം ധരിച്ചുകൊണ്ടാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പാപ്പാ ആശീര്‍വ്വദിച്ചതും, മാഫിയ സംഘത്തോട് അനുതപിക്കാന്‍ മുട്ടുമടക്കി വിനയപൂര്‍വ്വം അപേക്ഷിച്ചതും, പ്രാര്‍ത്ഥനാസായാഹ്നത്തിലെ വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു. പാപ്പാ ഫ്രാന്‍സിസ് പരിപാടിയിലുടനീളം ഏറെ വികാരാധീനനും ദുഃഖിതനുമായി കാണപ്പെട്ടു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
നിങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം അല്പമെങ്കിലും പകരാന്‍ ഈ ചിന്തകള്‍ക്കായാല്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഉത്തരവാദിത്തബോധത്തിനു മാത്രമേ സാവധാനം ലോകത്തുള്ള അഴിമതിയും അനീതിയും ഇല്ലാതാക്കുവാനാകൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. അത് വ്യക്തികളുടെ അന്തഃരംഗത്തില്‍നിന്നും, മനഃസാക്ഷിയില്‍നിന്നും ആരംഭിച്ചെങ്കില്‍ മാത്രമേ നഷ്ടമായവ തിരിച്ചെടുക്കുവാനും സമൂഹത്തിന്‍റെ പൊതുവായ പെരുമാറ്റ ശൈലിയെ പുനരാവഷ്ക്കരിക്കുവാനും, പസ്പരബന്ധങ്ങളും താല്പര്യങ്ങളും സാമൂഹ്യഘടനയെത്തന്നെയും നവീകരിക്കുവാനും, അതുവഴി നമ്മുടെ മദ്ധ്യേയുള്ള അസമത്വമകറ്റി സമൂഹത്തില്‍ നീതി പൂവണിയിക്കുവാനും സാധിക്കുകയുള്ളൂ.

ഭാവി പരിപാടികളില്‍ ശാരീരികമായി സന്നിഹിതനായിരിക്കില്ലെങ്കിലും ആത്മീയമായി പ്രസ്ഥാനത്തോടൊപ്പം താന്‍ ഉണ്ടാകുമെന്ന് പാപ്പാ ഉറപ്പുനല്കി. കാരണം പ്രത്യാശ കൈവെടിയാതിരിക്കാന്‍ പതറാത്ത സ്ഥിരോത്സാഹത്തോടെ ഇനിയും ജീവിതത്തില്‍ മുന്നോട്ടുപോകുവാനും, തളരാതെ പിടിച്ചുനില്കുവാനുമുള്ള കരുത്ത് അവര്‍ക്ക് ആവശ്യമാണെന്ന് അറിയുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

മാഫിയ സംഘങ്ങളുടെ ക്രൂരതയില്‍ തങ്ങളുടെ പ്രിയപ്പട്ടവരെ നഷ്ടമായ സകലരെയും
ഈ അവസരത്തില്‍ ഞാന്‍ അനുസ്മരിക്കുന്നു. നിങ്ങളുടെ സാക്ഷൃത്തിന് പ്രത്യേകം നന്ദിപറയുന്നു. കാരണം, ജീവിതത്തിലെ വേദനയും കദനകഥയും, ആശയും പ്രത്യാശയും നിങ്ങള്‍ ഇവിടെ തുറന്നു പങ്കുവയ്ക്കുകയാണ്. മാത്രമല്ല, അതു മറ്റുള്ളവരോട് പറയുവാന്‍ ക്ലേശങ്ങള്‍ സഹിച്ചാണ് നിങ്ങള്‍ ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു. തീര്‍ച്ചയായും ഇത് അര്‍ത്ഥവത്തും ഫലപ്രദവുമാണ്. അധോലോക പ്രസ്ഥാനങ്ങളില്‍നിന്നും സമൂഹങ്ങളും കുടുംബങ്ങളും രാഷ്ട്രങ്ങളും നേരിടുന്ന തിക്താനുഭവങ്ങള്‍ ഭാവിതലമുറയ്ക്ക് നല്കേണ്ട മുന്‍കരുതലും ജാഗ്രതയുമാണ്. പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് അവ വലിയ പാഠവുമാണ്.

പ്രാര്‍ത്ഥിക്കുവാനും ഹൃദയുംതുറന്നു പങ്കുവയ്ക്കുവാനുമായി ഇവിടെ എത്തിയവര്‍ക്കുവേണ്ടി മാത്രമല്ല,
മഫിയകളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുള്ള സകലര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഇറ്റലിയിലെ തരാന്തോയില്‍ Taranto ഒരാഴ്യ്ക്കു മുന്‍പു നടന്ന സംഭവത്തില്‍ മാതാപിതാക്കളെ വകവരുത്തിയതോടൊപ്പം കൂടെയുണ്ടായിരുന്ന കുഞ്ഞിനെയും കൊല്ലാന്‍ മടിക്കാതിരുന്ന അധോലോക നായകരുടെ മനസ്സാക്ഷിയില്ലാത്ത പ്രവൃത്തി വേദയോടെ ഓര്‍മ്മിക്കുകയാണ്.

സഹോദരങ്ങളേ, ഭഗ്നാശരാവാതെ ദൈവത്തിലാശ്രയിക്കാം. അധോലോക പീഡനങ്ങള്‍ക്കും ക്രൂരതയ്ക്കും ഇരായാകുന്നവര്‍ക്കുവേണ്ടി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. ജീവിതത്തില്‍ ഇനിയും മുന്നോട്ടു പോകാനുള്ള കരുത്തു ലഭിക്കുന്നതിന് ദൈവസഹായം ആവശ്യമാണ്. ഒപ്പം അധോലോക തിന്മകള്‍ക്കും അഴിമതിക്കും അനീതിക്കുമെതിരെ നമുക്കൊരുമിച്ച് പോരാടാം.

ഇവിടെ സന്നിഹിതരല്ലാത്ത, ഈ തിന്മയുടെ പ്രായോക്താക്കളായ മാഫിയായുടെ വന്‍സമൂഹത്തെ അഭിസംബോധനചെയ്യാതെ എന്‍റെ പ്രഭാഷണം ഉപസംഹരിക്കുന്നത് അപ്രസക്തമാണെന്നറിയാം.
നിങ്ങള്‍ അനുതപിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിയണം. കൊലയുടെ തിന്മയും മൃഗീയതയും ദയവായി അവസാനിപ്പിക്കൂ! നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ മുന്നില്‍ മുട്ടുമടക്കി, വിനയാന്വതനായി ഞാന്‍ അപേക്ഷിക്കുകയാണ് - മാനസാന്തരപ്പെടുവിന്‍! ഇന്നിന്‍റെ നിങ്ങളുടെ ജീവിതശൈലി നിങ്ങള്‍ക്ക് സുഖലോലുപത നല്കുന്നുണ്ടാകാം. എന്നാല്‍ അത് ജീവിതത്തില്‍ നിങ്ങളെ ഒരിക്കലും സന്തുഷ്ടരോ, സന്തോഷഭരിതരോ ആക്കുകയില്ല. ഇന്ന് നിങ്ങള്‍ക്കുള്ള അധികാരവും പണവും പ്രതാപവും ഹീനമായ പ്രവര്‍ത്തനങ്ങളില്‍നിന്നു നേടിയതല്ലേ. അത് രക്തത്തിന്‍റെ വിലയാണ്. രക്തത്തിന്‍റെ കറപുരണ്ട അധികാരക്കസേരയിലാണ് നിങ്ങള്‍ ഇരിക്കുന്നത്. അത് ശാശ്വതമല്ലെന്നോര്‍ക്കണം. അതുകൊണ്ട് മാനസാന്തരപ്പെടുവിന്‍!! നിങ്ങള്‍ നിത്യനാശത്തില്‍ നിപതിക്കാതിരിക്കാന്‍ അനുതപിക്കുവിന്‍...!! മനസ്സുണ്ടെങ്കില്‍ അതിന് സമയവുമുണ്ടാകും. നീചമായ ഈ ജീവിതശൈലി നിങ്ങള്‍ തുടരുകയാണെങ്കില്‍, ഓര്‍ക്കുവിന്‍ നരകമായിരിക്കും നിങ്ങളുടെ അന്ത്യമെന്ന്! അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും നിങ്ങള്‍ക്കും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവരെപ്പറ്റി ഓര്‍മ്മയുണ്ടെങ്കില്‍.... നിങ്ങള്‍ അല്പം സങ്കടപ്പെടണം, അനുതപിക്കണം!

മനുഷ്യരുടെ ജീവിതപ്രതിസന്ധികളില്‍ എപ്പോഴും തുണയായെത്തിയ പരിശുദ്ധ ദൈവമാതാവിന്‍റെ സഹായം നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നന്മനിറഞ്ഞ മരിയമേ, സ്വസ്തീ....!

അങ്ങനെ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. ഡോണ്‍ ഡയാനയുടെ രക്തക്കറപുരണ്ട ഉത്തരീയം ധരിച്ചുകൊണ്ട് പാപ്പാ ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.

Photo : Pope blessed the relatives of the victims. On the left is the president of Libera Foundation Don Luigi Ciotti.








All the contents on this site are copyrighted ©.