2014-03-20 20:35:31

‘പേരും പ്രൗഢിയുമുള്ളവര്‍ക്ക്
അവിടെ അതു നഷ്ടമാകുന്നു’


20 മാര്‍ച്ച് 2014, വത്തിക്കാന്‍
ഈ ലോകത്ത് പേരും വിലാസവും സമ്പത്തുമുള്ളവര്‍ ദൈവതിരുമുന്‍പില്‍
ഒന്നുമില്ലാത്തവരായി മാറുവാനിടയുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

മാര്‍ച്ച് 20-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ, വി. ലൂക്കായുടെ സുവിശേഷത്തിലെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമയെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ആദ്യ വായനയിലെ പ്രവാചകവാക്യം പാപ്പാ സമൂഹത്തെ അനുസ്മരിപ്പിച്ചു,
കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ ആറ്റുതീരത്തു നട്ട വൃക്ഷംപോലെയാണ്. വരള്‍ച്ചുയുടെ കാലത്തും അത് സമൃദ്ധമായി ഫലമണിയുന്നു. അതില്‍ നമ്മുടെ ഉറച്ച പ്രത്യാശ കര്‍ത്താവിലായിരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. മറ്റ് ഉപരിപ്ലവമായ കാര്യങ്ങളിലും വ്യക്തികളിലുമുള്ള ആശ്രയം നമ്മുക്ക് രക്ഷയോ, ജീവനോ, സന്തോഷമോ തരില്ലെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ഇതൊക്കെ അറിഞ്ഞിട്ടും നാം നമ്മിലേയ്ക്കു തന്നെ ഒതുങ്ങി സ്വാര്‍ത്ഥതയുടെ വലയം കെട്ടിയുയര്‍ത്തുന്നു. നമുക്കിഷ്ഠമുള്ളവരിലും അവരുടെ ചിന്താശൈലികളിലും കെട്ടുപിണയുന്നു. അതോടെ ദൈവത്തില്‍നിന്ന് അകലുവാനും ഇടയാകുന്നു. രക്ഷയുടെ വാതായനങ്ങള്‍ മെല്ലെ നാം കൊട്ടിയടയ്ക്കുകയാണ്. ഇതാണ് വി. ലൂക്കാ വരച്ചുകാട്ടുന്ന ധനികനായ മനുഷ്യന് സംഭവിച്ചത്. അയാള്‍ പട്ടാംബരവും സ്വര്‍ണ്ണമാലയും ധരിച്ച്, വിരുന്നാഘോഷിച്ചു ജീവിച്ചു. അയാള്‍ സ്വയം മതിമറന്നു. തന്‍റെ ഉമ്മറത്തുള്ള പാവം മനുഷ്യനെ മറക്കുകയും അവഗണിക്കുകയും ചെയ്തു. സുവിശേഷത്തിലെ പാവം മനുഷ്യന് പേരുണ്ടെന്നും, ധനികന് പേരില്ലാതെ പോയെന്നും പാപ്പാ സുക്ഷ്മമായി വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി.
ഉള്ള സ്വത്തിലും സമൃദ്ധിയിലും വലിയ വില്ലകളിലും സുഖസൗകര്യങ്ങളിലും മാത്രം വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്നവര്‍ ദൈവസമക്ഷം നന്ദിതരായിത്തീരുന്നു.

ഈ ലോകത്ത് സഹോദരങ്ങളെ മറന്ന് ആഡംഭരത്തിലും ആര്‍ഭാടത്തിലും, സ്വന്തം സാമര്‍ത്ഥ്യത്തിലും തങ്ങള്‍ക്ക് നല്ല ‘അഡ്രസ്സുണ്ടെന്നു ധരിച്ചു’ ജീവിക്കുന്നവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ പേരുപോലുമില്ലാത്ത അപ്രസക്തരായി തീരുമെന്ന് പാപ്പാ ഉപമയുടെ പശ്ചാത്തലത്തില്‍ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ജീവിതഗര്‍ത്തത്തില്‍ വലയുമ്പോഴും ‘പിതാവെ’ന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം ‘മക്കളെ’പ്പോലെ ശ്രവിക്കുന്നു എന്ന പ്രത്യാശയാണ്, തപസ്സുകാലം നമുക്കു തരുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മാനുഷിക ശക്തിയിലോ, കരുത്തുലോ അല്ല, കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാനുള്ള വിവേകവും വിശ്വാസവും ഞങ്ങള്‍ക്കു തരണമേ, എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.