2014-03-20 20:29:42

തൊഴിലില്ലായ്മയുടെ കാരണം
ലാഭത്തിനുള്ള അമിതാസക്തി


20 മാര്‍ച്ച് 2014, വത്തിക്കാന്‍
ലാഭത്തിനായുള്ള അമിതാസക്തിയാണ് തൊഴിലില്ലായ്മയുടെ മൂലകാരണമെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

മാര്‍ച്ച് 20-ാം തിയതി വ്യാഴാഴ്ച രാവിലെ മദ്ധ്യ ഇറ്റലിയിലെ തേര്‍ണിയില്‍നിന്നും എത്തിയ
സ്റ്റീല്‍ കമ്പനികളിലെ തൊഴിലാളികളെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

തേര്‍ണി, നാര്‍ണി, അമേലിയ എന്നീ വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ക്കൊപ്പം കമ്പനി ഉദ്യോഗസ്ഥരും, നഗരാധിപന്മാരും രൂപതാ മെത്രാന്‍, വൈദികര്‍ അല്‍മായ പ്രമുഖര്‍ എന്നിവരും പാപ്പായെ കാണുവാന്‍ എത്തിയിരുന്നു. തേര്‍ണി വ്യവസായ മേഖലയുടെ 130-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് അവിടത്തെ തൊഴിലാളികളും അവരുടെ നേതാക്കന്മാരും കുടുംബങ്ങളും പാപ്പാ ഫ്രാന്‍സിസിനെ കാണുവാനെത്തിയത്.

ബുദ്ധിയും സാമര്‍ത്ഥ്യവും കായികബലവും ഉപയോഗിച്ച് ക്രിയാത്മകമായ ജോലിയില്‍ വ്യാപൃതരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും നീതിയുടെയും മനോഭാവം സമൂഹത്തിന് നഷ്ടമാകുന്നതാണ് വ്യാവസായ മേഖലകള്‍ അധഃപതിക്കുന്നതിനും ലോകത്ത തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
തൊഴിലിന്‍റെ പരമമായ ലക്ഷൃം ലാഭമായിരിക്കരുത്, മറിച്ച് മനുഷ്യന്തസ്സും അവന്‍റെ ഉപജീവനവുമാണ്.
ഇത് സത്യം സമൂഹം മറക്കുന്നതാണ് തൊഴില്‍ മേഖലയുടെ ഇന്നത്തെ തളര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും കാരണമായിരിക്കുന്നതെന്ന് പാപ്പാ തന്‍റെ ഹ്രസ്വസന്ദേശത്തില്‍ അടിവരയിട്ടു പ്രസ്താവിച്ചു.

ഇക്കാലഘട്ടത്തിന്‍റെ ശാപമായി മാറിയിരിക്കുന്ന തൊഴിലില്ലായ്മയെ നിരാശകൊണ്ടോ,
ആലസ്യം കൊണ്ടോ അല്ല, ഐക്യാദാര്‍ഢ്യവും ക്രിയാത്മകതയുംകൊണ്ടാണ് നേരിടേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കാലഘട്ടത്തിന്‍റെ പ്രതിസന്ധി ഉയര്‍ത്തുന്ന വൈഷമ്യങ്ങളില്‍പ്പെട്ട് നിരാശരാവാതെ, തൊഴിലാളികളും മുതലാളികളും കൈകോര്‍ത്ത് ക്രിയാത്മകതയോടും ഉണര്‍വ്വോടുംകൂടെ തൊഴിലില്ലായ്മയുടെ പ്രതിസന്ധിയെ പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ നേരിടണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

തളരുന്ന മാനവശേഷിയെ ബലപ്പെടുത്താനും ഉണര്‍ത്തുവാനും ക്രിസ്തീയ വിശ്വാസവും സുവിശേഷമൂല്യങ്ങളും പിന്‍ബലമാക്കണമെന്നും പാപ്പാ തൊഴിലാളി സമൂഹത്തോടും അവരുടെ കൂട്ടായ്മയോടും ആവശ്യപ്പെട്ടു. സജീവമായ വിശ്വാസത്തിന്‍റെയും ക്രൈസ്തവ സമര്‍പ്പണത്തിന്‍റെയും ഓജസ്സ് സമൂഹത്തിന് പകര്‍ന്നുനല്കേണ്ട സമയമാണിതെന്നും, നിഷേധാത്മകതയുടെ നീര്‍ക്കയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, നല്ലൊരു ഭാവിക്കായി പ്രത്യാശയോടെ മുന്നേറാന്‍ സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സുവിശേഷമൂല്യങ്ങള്‍ കലര്‍ത്തിയ പ്രത്യശ ശാസ്ത്രം ജീവിതത്തില്‍ വളര്‍ത്തിയെടുക്കണമെന്നും, അങ്ങനെ സുവിശേഷാധിഷ്ഠിത ജീവിതം ഒരിക്കലും കൈവെടിയാതെ മുന്നേറണമെന്നും പാപ്പാ തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉദ്ബോധിപ്പിച്ചു.

ഇന്നിന്‍റെ സാമ്പത്തികഛ്യൂതിയില്‍ കുടുംബങ്ങളും കുഞ്ഞുമക്കളും ഭാവിയുടെ പ്രത്യാശയായ യുവജനങ്ങളും പ്രായമായവരും തൊഴിലാളി ലോകവും ജീവിതവ്യഥയില്‍ നിരാശരായി വീണുപോകാതിരിക്കാനും താണുപോകാതിരിക്കാനും തിരുക്കുടുംബ പാലകിയായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ഏവരെയും സമര്‍പ്പിച്ചുകൊണ്ടും, തന്നെ കാണാന്‍ ബുദ്ധിമുട്ടി വത്തിക്കാനിലെത്തിയതിന് നന്ദിപറഞ്ഞ ശേഷം, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.