2014-03-19 14:02:09

‘അവർ ഒന്നായിരിക്കാൻ വേണ്ടി’ – പേപ്പൽ പര്യടനത്തിന്‍റെ ആപ്തവാക്യം


18 മാർച്ച് 2014, ജറുസലേം
‘അവരെല്ലാം ഒന്നായിരിക്കാൻ വേണ്ടി’ (വി.യോഹന്നാൻ17:20) എന്ന ക്രിസ്തുവചനം മാർപാപ്പയുടെ വിശുദ്ധനാട് സന്ദർശനത്തിന്‍റെ ആപ്തവാക്യമായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധനാട്ടിൽ പ്രേഷിത ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്ക്കൻ സന്ന്യാസിമാരുടെ ഔദ്യോഗിക വെബ്സൈറ്റാണ് (Terrasanta.net) ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഗലീലി കടൽക്കരയിൽ വച്ച് ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ച വി.പത്രോസപ്പസ്തോലനും വി.അന്ത്രയോസ് അപ്പസ്തോലനും, കടലിലൊഴുകുന്ന ഒരു വഞ്ചിയിൽ പരസ്പരം ആശ്ലേഷിച്ചു നിൽക്കുന്ന ഛായാചിത്രമാണ് പേപ്പൽ പര്യടനത്തിന്‍റെ ഔദ്യോഗിക മുദ്ര. റോമൻ സഭയുടേയും കോൺസ്റ്റാന്‍റ്നോപ്പിളിലെ പൗരസ്ത്യ സഭയുടേയും പരമാധ്യക്ഷൻമാരെ പ്രതിനിധീകരിക്കുന്ന വി.പത്രോസും വി.അന്ത്രയോസും, നിൽക്കുന്ന വഞ്ചി കത്തോലിക്കാ സഭയുടെ, സഭാ മാതാവിന്‍റെ പ്രതീകമാണ്. ക്രിസ്തുവിന്‍റെ കുരിശുമരമാകുന്ന തടികൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ വഞ്ചി, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം സൂചിപ്പിക്കുന്ന പായ്മരത്താൽ നിയന്ത്രിക്കപ്പെട്ട് ലോകമാകുന്ന സമുദ്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഔദ്യോഗിക മുദ്രയിൽ വെളിപ്പെടുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധനാട് സന്ദർശനത്തിന്‍റെ പ്രാധാന മുഹൂർത്തങ്ങളിലൊന്ന് ജറുസലേമിൽ വച്ച് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ബെർത്തലോമെയോ പ്രഥമനുമായുള്ള കൂടിക്കാഴ്ച്ചയാണ്. പോൾ ആറാമൻ പാപ്പായുടേയും കോൺസ്റ്റാന്‍റിനോപ്പിളിലെ അത്താനാഗോറസ് പാത്രിയാർക്കീസിന്‍റേയും കൂടിക്കാഴ്ച്ചയുടെ സുവർണ്ണജൂബിലിവേളയിലാണ് ഫ്രാൻസിസ് പാപ്പായും ഓർത്തഡോക്സ് പാത്രിയാർക്കീസും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ജറുസലേം വേദിയാകുന്നത്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.