2014-03-19 16:37:54

പാപ്പാ റൊങ്കാലിയുടെ
ഉത്തുംഗമമായ ഡയറിക്കുറിപ്പുകള്‍


19 മാര്‍ച്ച് 2014, ബേര്‍ഗമോ
ജോണ്‍ 23-ാമന്‍ പാപ്പായുടെ വ്യക്തിത്വത്തിലേയ്ക്ക് വെളിച്ചംവീശുന്ന
10 ഡയറികള്‍ കണ്ടെത്തി. 1895-മുതല്‍ 1963-വരെ വര്‍ഷങ്ങളില്‍, യുവാവായിരുന്ന നാള്‍ മുതല്‍ മരിക്കുംവരെ
പാപ്പാ റൊംകാലി സ്വന്തം കൈപ്പടയില്‍ അനുദിനം കുറിച്ചുവച്ച ജീവിതസംഭവങ്ങളാണ് ജന്മനാടായ ഇറ്റലിയിലെ ബേര്‍ഗമോ ഗ്രാമത്തിലുള്ള ജോണ്‍ 23-ാമന്‍ പാപ്പാ ഫൗണ്ടേഷന്‍ കണ്ടെത്തിയിരിക്കുന്നത്.

പാപ്പായുടെ മരണശേഷം റൊംകാലി കുടുംബം സൂക്ഷിച്ചിരുന്ന ഈ ഉത്തുംഗശേഖരം, ജീവിതാനുഭവങ്ങളിലൂടെയാണ് സഭയുടെ കാലികമായ നവീകരണം അനിവാര്യമാണെന്ന ബോധ്യവും വെളിച്ചവും അദ്ദേഹത്തിന് ലഭിച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെന്ന്, ഫൗണ്ടോഷന്‍റെ പ്രസിഡന്‍റ് ഡോണ്‍ ഏസിയോ ബോളിസ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ആഞ്ചെലോ റൊംകാലി വൈദികനായ ശേഷമുള്ള അജപാനശുശ്രൂഷ, പട്ടാള സേവനം, പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രപ്രതിനിധിയായി നല്കിയിട്ടുള്ള സേവനങ്ങള്‍, പിന്നിട് ജോണ്‍ 23-ാമന്‍ പാപ്പാ എന്നീ നിലകളിലുള്ള ജീവിതസംഭവങ്ങളിലൂടെയെല്ലാം അദ്ദേഹത്തിന്‍റെ മാനുഷികവും ആദ്ധ്യാത്മികവും, സാംസ്ക്കാരികവും നയതന്ത്രപരവുമായ സഭാവീക്ഷണം മെല്ലെ ചുരുളഴിയുന്നത് സുവ്യക്തമാണെന്നും ഫൗണ്ടേഷന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍ ലൈബ്രറിയിലേയ്ക്കു മാത്രമല്ല, ലോകത്തെ വത്തിക്കാന്‍ സ്ഥാനപതികളുടെ മന്ദിരങ്ങളിലേയ്ക്കും, വലിയ ദേശീയ ഗ്രന്ഥാലയങ്ങളിലേയ്ക്കും ഡയറികളുടെ പകര്‍പ്പ് എത്തിച്ചുകൊടുക്കുവാനാണ് പദ്ധതിയൊരുക്കുന്നതെന്ന് ഫൗണ്ടേഷനുവേണ്ടി ഫാദര്‍ ബൊളിസ് പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.