2014-03-19 14:02:20

അഖില ലോക സ്വാതന്ത്ര്യ ശൃംഖലയുമായി മതനേതാക്കൾ രംഗത്ത്


18 മാർച്ച് 2014, വത്തിക്കാൻ
മനുഷ്യകടത്ത് നിർമ്മാർജ്ജനം ചെയ്യാൻ അഖില ലോക സ്വാതന്ത്ര്യ ശൃംഖലയുമായി (Global Freedom Network) മതനേതാക്കൾ രംഗത്ത്. മാർച്ച് 17ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്കാ, ആഗ്ലിക്കൻ, മുസ്ലീം മതനേതാക്കൾ അഖില ലോക സ്വാതന്ത്ര്യ ഔപചാരികമായി ഉത്ഘാടനം ചെയ്തു. കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് പൊന്തിഫിക്കൽ സയൻസ് അക്കാഡമിയുടെ പ്രസിഡന്‍റ് ബിഷപ്പ് മാർസെലോ സാൻചെസ് സൊർഡാനോയും ആഗ്ലിക്കൻ സഭയെ പ്രതിനിധീകരിച്ച് കാന്‍റർബറി ആർച്ചുബിഷപ്പിന്‍റെ പ്രതിനിധി ആർച്ച്ബിഷപ്പ് ഡേവിഡ് മോക്സോൻ, മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് ഈജിപ്ഷ്യൻ ഇമാം ഡോ.മൊഹമൂദ് ആസാബ് എന്നിവരും അടിമക്കടത്ത് നിർമ്മാർജ്ജന ശൃംഖലയുടെ സ്ഥാപന രേഖയിൽ ഒപ്പുവച്ചു. പൊന്തിഫിക്കൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 2013 നവംബർ മാസം വത്തിക്കാനിൽ നടന്ന അന്താരാഷ്ട്ര ശിൽപശാലയുടെ ഫലമായാണ് അഖില ലോക സ്വാതന്ത്ര്യ ശൃംഖല എന്ന പേരിൽ മനുഷ്യക്കടത്തിനെതിരേ സർവ്വമത കർമ്മവേദി രൂപം കൊണ്ടത്.
മത നേതാക്കൾക്കു പുറമേ മനുഷ്യക്കടത്തിനെതിരേ ആസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന Walk Free Foundation എന്ന സംഘടനയുടെ സ്ഥാപകൻ ആൻഡ്ര്യൂ ഫോറെസ്റ്റിനും അഖില ലോക സ്വാതന്ത്ര്യ ശൃംഖലാ സ്ഥാപനത്തിൽ പങ്കുചേർന്നു.
മതസമുദായങ്ങൾ ഒറ്റക്കെട്ടായി അണിചേരുന്നതിലൂടെ അടിമത്തത്തിന്‍റെ ആധുനിക രൂപമായ മനുഷ്യക്കടത്ത് നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുമെന്ന് ബിഷപ്പ് മാർസെലോ സാൻചെസ് സൊർഡാനോ പ്രത്യാശ പ്രകടിപ്പിച്ചു. മാനവികതയ്ക്കെതിരായ കുറ്റകൃത്യമെന്നാണ് ഫ്രാൻസിസ് മാർപാപ്പ മനുഷ്യക്കടത്തിനെ വിശേഷപ്പിച്ചത്. മനുഷ്യക്കടത്തിനെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും മതസമുദായങ്ങളെ പ്രേരിപ്പിക്കുന്നതും മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യാൻ ഭരണകൂടങ്ങളുടെ പരസ്യ നടപടികൾ ആവശ്യപ്പെടുന്നതും സ്വാതന്ത്ര്യ ശൃംഖലയുടെ പ്രവർത്തനങ്ങളിലുൾപ്പെടുമെന്നും ബിഷപ്പ് സൊർഡാനോ വിശദീകരിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.