2014-03-17 17:08:32

മാഫിയ വധിച്ചവരുടെ കുടുംബങ്ങളോടൊപ്പം മാർപാപ്പ


17 മാർച്ച് 2014, വത്തിക്കാൻ
മാഫിയാ ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകാൻ മാർപാപ്പയെത്തുന്നു. ഇറ്റാലിയൻ മാഫിയ വിരുദ്ധ സംഘടനയായ ലിബെര ഫൗണ്ടേഷന്‍റെ (Libera Foundation) ആഭിമുഖ്യത്തിൽ മാർച്ച് 21ന് നടക്കുന്ന പ്രാർത്ഥനാ യോഗം മാർപാപ്പ നയിക്കുമെന്ന് സംഘടനയുടെ പ്രസിഡന്‍റ് ഫാ.ലൂയീജി ച്യോത്തി അറിയിച്ചു. ഇറ്റലിയില്‍ അധോലോക സംഘങ്ങളാൽ വധിക്കപ്പെട്ടവരുടെ ദേശീയ അനുസ്മരണ ദിനം മാർച്ച് 22ന്, ആചരിക്കുന്നതോടനുബന്ധിച്ചാണ് പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
വത്തിക്കാനു സമീപത്തുള്ള സാൻ ഗ്രിഗോറിയോ സെത്തിമോ ദേവാലയത്തിൽ മാർച്ച് 21ന് (വെള്ളിയാഴ്ച്ച) വൈകീട്ട് 5.30 മുതൽ 7 മണി വരെയാണ് പ്രാർത്ഥനാ സംഗമം നടക്കുക. അധോലോക സംഘങ്ങളുടെ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ എഴുനൂറിലേറെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തി അഞ്ഞൂറോളം പേർ പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുമെന്ന് ഫാ. ച്യോത്തി പ്രസ്താവിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.