2014-03-15 09:38:36

താബോറും കാല്‍വരിയും
ദൈവിക സാമീപ്യത്തിന്‍റെ മലകള്‍ (രണ്ടാം വാരം)


RealAudioMP3
വിശുദ്ധ മത്തായി 17, 1-13
യേശു, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്‍റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഉയര്‍ന്ന മലയിലേയ്ക്കു പോയി. അവരുടെ മുമ്പില്‍വച്ചു അവിടുന്ന് രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവിടുത്തെ വസ്ത്രം പ്രകാശംപോലെ ധവളാഭമായി. മോശയും ഏലിയായും അവിടുത്തോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. പത്രോസ് ക്രിസ്തുവിനോടു പറഞ്ഞു.
“കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്ന് അങ്ങേയ്ക്കും, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.” അവിടുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍റെ വാക്കുകള്‍ ശ്രവിക്കുവിന്‍!”
ഇതു കേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നുവീണു. അവര്‍ ഭയവിഹ്വലരായി. യേശു അവരെ സമീപിച്ച് സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു. “എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ!”
അവര്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ക്രിസ്തുവിനെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല.
മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ ക്രിസ്തു അവരോട് ആജ്ഞാപിച്ചു. മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുംവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.

മൂന്നു സ്നേഹിതന്മാര്‍ ദൈവത്തെ തേടിയിറങ്ങി. അവര്‍ മെല്ലെ ഒരു മല കയറി. അവിടെ ധ്യാനത്തില്‍
മുഴുകി അവര്‍ ജീവിച്ചു. ഒടുവില്‍ മൂന്നുപേര്‍ക്കും ദൈവിക വെളിപാടുണ്ടായി. ഒന്നാമന്‍ തനിക്കു ലഭിച്ച വെളിപാടിനെ കേന്ദ്രീകരിച്ച് പിന്നെയും ആ മലയില്‍ത്തന്നെ തപസ്സില്‍ മുഴുകി കഴിഞ്ഞുകൂടി. രണ്ടാമനാകട്ടെ, തൊട്ടടുത്ത വനത്തിലേയ്ക്കു പോയി, എന്നിട്ട് അവിടെ തപസ്സാരംഭിച്ചു. മൂന്നാമനാവട്ടെ മലയിറങ്ങി, താഴ്വാരത്തിലെ വനത്തിലെത്തി. പിന്നെ കാടുംമേടും കടന്ന്, ഗ്രാമാന്തരങ്ങളിലേയ്ക്കു പോയി. തനിക്കു ലഭിച്ച ദൈവിക
വെളിപാട് അയാള്‍ ഗ്രാമത്തിലെ ജനങ്ങളുമായി പങ്കുവച്ചു. നാളിതുവരെ വഴക്കിലും വക്കാണത്തിലും ജീവിച്ചിരുന്ന അവിടത്തെ മനുഷ്യരാകട്ടെ അയാളെ തങ്ങളുടെ ഗുരുവായി സ്വീകരിച്ചു. പിന്നെ, നാളേറെ ചെല്ലുംമുമ്പ് ഗ്രാമങ്ങളിലെങ്ങും സന്തോഷവും സമാധാനവും ഐശ്വര്യവും വിളയാടി.

കാലം പിന്നെയും കടന്നുപോയി. ദൈവത്തെ തേടിയിറങ്ങിയവര്‍ മൂന്നു സ്നേഹിതനമാരും മരണമടഞ്ഞു. വനത്തിലും മലയിലും തപസ്സില്‍ മുഴുകി ജീവിതം അവസാനിപ്പിച്ചവര്‍ ജനിച്ചതും, ജീവിച്ചതും, മരിച്ചതും
ആരും അറിഞ്ഞില്ല. എന്നാല്‍ ജനമദ്ധ്യത്തില്‍ നന്മചെയ്ത് കടന്നുപോയവന്‍, കാലമേറെ പിന്നിട്ടിട്ടും ജനഹൃദയങ്ങളില്‍ മരണമില്ലാത്തവനായി ജീവിക്കുന്നു, ഇന്നും ജീവിക്കുന്നു. ദൈവനാമത്തില്‍ ജനങ്ങളെ നന്മയിലേയ്ക്ക് ആനയിക്കാന്‍ അയാള്‍ക്കു സാധിച്ചു. ജനങ്ങളെ സംബന്ധിച്ചിടത്തോളം അയാള്‍ കേവലം മനുഷ്യനായിരുന്നില്ല. അയാളൊരു പ്രവാചകനായിരുന്നു. ലോകത്ത് നന്മചെയ്യാന്‍ ദൈവം നിയോഗിച്ച
ദൈവിക പുരുഷനായിരുന്നു. അയാള്‍ അവരുടെ രക്ഷകനായിരുന്നു!

തപസ്സിലെ രണ്ടാം വാരത്തില്‍ ക്രിസ്തുവിന്‍റെ രൂപാന്തരീകരണമാണ് ധ്യാനിക്കുന്നത്. ക്രിസ്തുവിനും
അവിടുത്തെ മൂന്ന പ്രിയ ശിഷ്യന്മാര്‍ക്കും താബോര്‍ മലയില്‍ ഉണ്ടായ ദൈവികാനുഭവമാണ്
രൂപാന്തരീകരണം എന്നു വ്യാഖ്യാനിക്കാം. തന്‍റെ ദൈവികപ്രാഭവം ശിഷ്യന്മാര്‍ക്കു വെളിപ്പെടുത്തികൊടുത്ത ക്രിസ്തു, അവിടെ പാര്‍ക്കുന്നത് നല്ലതാണെന്നാണ് ശിഷ്യന്മാര്‍ ആവശ്യപ്പെട്ടിട്ടും, മലയില്‍ പാര്‍ത്തില്ല..
അവിടുന്ന് മലയിറങ്ങി ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നു. അവരോടൊപ്പം ആയിരിക്കുവാനും അവര്‍ക്കായി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനുംവേണ്ടിയാണ് അവിടുന്ന് മലയിറങ്ങിയത്. രൂപാന്തരീകരണ വേളയില്‍ ക്രിസ്തുവിനു പ്രത്യക്ഷപ്പെട്ട മോശയും ഏലിയായും വെളിച്ചംവീശിയത്, അവിടുത്തെ പീഡാസഹനത്തിലേയ്ക്കും കുരിശുമരണത്തിലേയ്ക്കുമായിരുന്നു. പെസഹാരഹസ്യത്തിന്‍റെ വെളിപ്പെടുത്താലാണ് രൂപാന്തരീകരണത്തിന്‍റെ പരമവും പ്രാധനവുമായ ലക്ഷൃമെന്ന് നമുക്കിവിടെ മനസ്സിലാക്കാം.

കുരിശും പീഡകളും അംഗീകരിക്കുക എളുപ്പമല്ല. ശിഷ്യന്മാര്‍ ഏറെ ബദ്ധപ്പെട്ടത് ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങള്‍ അംഗീകരിക്കാനാണെന്ന് സുവിശേഷങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാം. അനുദിനജീവിതത്തില്‍ നാം മഹത്വത്തിന്‍റെ മല, താബോര്‍ തേടുന്നവാനാണ് സാധാരണഗതിയില്‍ പരിശ്രമിക്കുന്നത്. സഭ നമ്മെ ഈ തപസ്സുകാലത്ത് ക്ഷണിക്കുന്നത് ക്രിസ്തുവിന്‍റെ കുരിശിനെ ധ്യാനിക്കുവാനാണ്. കുരിശിന്‍റെ അര്‍ത്ഥം നമുക്കിന്ന് നഷ്ടമാകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാണെക്കാണെ കുരിശൊക്കെ അലങ്കരങ്ങളായി തീരുകയാണിന്ന്. ‘പള്ളിക്കെന്തിനാണ് പൊന്‍കുരിശ്ശ്’ എന്നു ചോദിക്കുന്നത് തോമായല്ല, അയാളിലൂടെ ബഷീറെന്ന സൂഫിയാണ്. ഒരു വിപല്‍ജീവിതത്തിന്‍റെ ഫലശ്രുതിയാണ് കുരിശാകുന്ന കഴുമരം
എന്ന് ചെറിയ ഓര്‍മ്മപോലും ഇല്ലാതെ നമ്മളിങ്ങനെ മുന്നേറുകയാണ്, ജീവിക്കുകയാണ്.

കുരിശില്‍ ക്രിസ്തുവിന്‍റ ദേഹം പാടില്ലെന്നു ശഠിക്കുന്നരുണ്ട്. കുരിശിലെ മൃതപ്പെട്ട ക്രിസ്തുവിനെ ചിലര്‍ക്ക് ഭീതിയാണ്. അതുകൊണ്ടാവാം കഴുത്തിലും ശരീരത്തിലുമൊക്കെ നാം അലങ്കാരക്കുരിശാണ് പേറി നടക്കുന്നത്.
പൊന്‍കുരിശു തൂക്കാനാണ് പലര്‍ക്കുമിഷ്ടം.. ക്രിസ്തുവിന്‍റെ കുരിശിനെ നിങ്ങള്‍ ഭയപ്പെടരുതെന്നും, അതിനെ ഓര്‍ത്തു ലജ്ജിക്കയുമരുതെന്ന് പൗലോസ് അപ്പസ്തോലന്‍ ഓര്‍പ്പിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ നമ്മളാരും കുരിശിനെ ഓര്‍ത്തു ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. ലോക്കറ്റുപോലെ പരമാവധി മതിപ്പോടെ കുരിശ് അണിയുകയും അതിനെ ആഭരണമാക്കുകയുമാണ് ചെയ്യുന്നത്. എത്ര മാത്രം കുരിശടയാളങ്ങളാണ് ഭൂമിനിറയെ കാണുന്നത്! പള്ളിയുടെ മുഖപ്പിലും മാറിലെ തണുപ്പിലും വളര്‍ത്തുപൂച്ചയെപ്പോലെ അതു ഒതുങ്ങി, മെരുങ്ങി കിടക്കുകയാണ്. കഴുമരമാണ് കുരിശെന്നു പറയാന്‍ മാത്രമാണ് നാം ലജ്ജിക്കുന്നത്.

ചരിത്രത്തില്‍ കുരിശ് മരണശിക്ഷയുടെ പേര്‍ഷൃന്‍ രീതിയായിരുന്നു. കുറ്റവാളി ഭൂമിയില്‍ കിടന്നു മരിച്ചാല്‍ അവന്‍റെ രക്തം ഭൂമിക്ക് ശാപമായി മാറുമെന്ന സങ്കല്പത്തില്‍ നിന്നാണിത് കുരിശു രൂപപ്പെട്ടത്, എന്നു പറയുന്നു. പേര്‍ഷ്യന്‍ ശിക്ഷാരീതി റോമാക്കാര്‍ കടമെടുത്തതായിരുന്നു. എന്നാല്‍ തങ്ങളുടെ പൗരന്മാരെ ആകാശത്തിനും കഴുകന്മാര്‍ക്കും എറിഞ്ഞുകൊടുക്കാന്‍ റോമാക്കാര്‍ താത്പര്യപ്പെട്ടില്ല. അടിമകള്‍ക്കും അന്യദേശക്കാര്‍ക്കുംവേണ്ടി മാത്രമായി കുരിശുശിക്ഷ മാറ്റിവച്ചു. കൊല്ലപ്പെടുന്നതില്‍പ്പോലും വകതിരിവും വിവേചനവും പുലര്‍ത്താന്‍ മാത്രം ആഭിജാത്യരായിരുന്നു റോമാക്കരെന്നു വേണം മനസ്സിലാക്കാന്‍.

ശിരച്ഛേദനമായിരുന്നു കൂടുതല്‍ മതിപ്പുള്ളവര്‍ക്കുള്ള റോമാ സാമ്രാജ്യം നല്കിയിരുന്ന ശിക്ഷാരീതിയെന്നു മനസ്സിലാക്കാം. പൗലോസ് അപ്പസ്തോലന്‍ അങ്ങനെയായിരുന്നു കൊല്ലപ്പെട്ടത്. റോമന്‍ പൗരനെന്ന പരിഗണനയില്‍ പൗലോശ്ലീഹാ ശിരച്ഛോദനംചെയ്യപ്പെട്ടു, എന്നാല്‍ പത്രോശ്ലീഹാ കുരിശിലേറ്റപ്പെട്ടു - എന്നോര്‍ക്കുമ്പോള്‍ ആ വ്യത്യാസം മനസ്സിലാകും. വെറുതെയല്ല ‘വിജാതീയര്‍ക്കു ഭോഷത്തവും യഹൂദര്‍ക്ക് ഇടര്‍ച്ചയു’മെന്ന് കുരിശിന്‍റെ തലവരയെ പുതിയനിയമം സംഗ്രഹിക്കുന്നത്. ‘മരത്തിലേറിയവന്‍ ശപിക്കപ്പെട്ടന്‍’ എന്നൊരു പഴയനിയമ വചനവുമുണ്ട് (നിയമാവര്‍ത്തനം 21, 23). രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള കുരിശിന്‍റെ ചുവര്‍ചിത്രത്തില്‍ ‘കഴുത’യെന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ‘ഇവന്‍ യഹുദരുടെ രാജാവ്’ എന്ന കുരിശിലെ ശീര്‍ഷകം (യോഹ. 19, 19) മരിച്ചവനോടു നിലനിറുത്തിയ പരിഹാസത്തിന്‍റെ ശേഷിപ്പായിരുന്നില്ലേ! അത്രയും നിന്ദ്യവും കിരാതവുമായ ഒരിടത്താണ് ക്രിസ്തു നിലവിളിച്ച് മരിച്ചത്. “എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?” “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടെന്നെ നീ കൈവെടിഞ്ഞൂ?” ക്രിസ്തുവിന്‍റെ വിപല്‍ജീവിതത്തെ കാലം അങ്ങനെയാണ് അവസാനിപ്പിച്ചത്.

എല്ലാത്തിനോടും സമരസപ്പെട്ട്, അധര്‍മ്മങ്ങള്‍ക്ക് പാദപൂജചെയ്യുന്ന നമുക്ക് കുരിശിനെ വണങ്ങാന്‍ സാധിക്കുമോ? വലതുവശം ചേര്‍ന്നു നടക്കുന്ന, കയ്യുംതലയും പുറത്തിടാത്ത ചട്ടപ്പടി ജീവിതവും അതിന്‍റെ സുരക്ഷിതത്വവും അനുഭവിക്കുന്ന നമുക്ക് ഒന്നു തട്ടിവീഴാന്‍ പോലും സാധ്യമാകാത്ത വിധത്തില്‍ അത്ര സുരക്ഷിതത്വത്തോടും ശ്രദ്ധയോടും കൂടിയാണ് നമ്മളിന്ന് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഓര്‍മ്മിക്കണം. ജീവിതത്തോട് രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ പാഠമാണ് ഈ തപസ്സിലൂടെയും, അവിടുത്തെ കുരിശിലൂടെയും ക്രിസ്തു പകര്‍ന്നു തരുന്നത്. ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ‘ഗോതമ്പുമണി’യെന്നാണ് അവിടുന്ന് വിശേഷിപ്പിച്ചത്. അതിനു മുമ്പില്‍ എപ്പോഴും രണ്ടു സാധ്യതകളുണ്ട്. ആദ്യത്തേത്, നമ്മുടെതന്നെ നടപ്പുരീതിയാണ് – ജീവിതം പത്തായത്തിലെന്നപോലെ.... തങ്ങളില്‍‍ ആരംഭിച്ചത്, തങ്ങളില്‍ അഭിരമിച്ച് തങ്ങളിലൊടുങ്ങുന്ന ജീവിതവൃത്തത്തോട് ഒരു കുഴപ്പവും തോന്നാത്തവര്‍. എന്നാല്‍ ഈ തപസ്സില്‍ ക്രിസ്തു ആവശ്യപ്പെടുന്നത് രണ്ടാമത്തെ രീതിയാണ്, മലയിറങ്ങി സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ്. ത്യാഗപൂര്‍വ്വം അനുദിനജീവിതത്തെ അഭിമുഖീകരിക്കാനാണ്, സഹോദരങ്ങള്‍ക്ക് സ്നേഹസാമീപ്യമാകാനാണ്. അവര്‍ക്കൊപ്പം ജീവിതക്കുരിശുകള്‍ വഹിക്കാനാണ്. സഹനത്തിലൂടെയും, ജീര്‍ണ്ണതയിലൂടെയും കുടുംബത്തിലും സമൂഹത്തിലും ജീവിതം സമര്‍പ്പിക്കാനാണ് തപസ്സ് നമ്മോട് ആവശ്യപ്പെടുന്നത്.








All the contents on this site are copyrighted ©.