2014-03-13 19:31:18

മതം മനുഷ്യരക്ഷയ്ക്ക്
പ്രതിബന്ധമാകാം


13 മാര്‍ച്ച് 2014, അരീച്യാ
മതം മനുഷ്യരക്ഷയ്ക്ക് പ്രതിബന്ധമാകുന്ന അവസ്ഥയുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ദൊനാത്തിസ് ഉദ്ബോധിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന ആരീച്യായിലെ തപസ്സുകാല ധ്യാനത്തിന്‍റെ നാലാം ദിവസമാണ് ധ്യാനഗുരു, ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ് കര്‍മ്മാനുഷ്ഠാന ബദ്ധമായ മതം മനുഷ്യന് പ്രതിബന്ധമാകാമെന്ന് ഉദ്ബോധിപ്പിച്ചത്. മനുഷ്യരക്ഷയ്ക്ക് മതം പ്രതിബന്ധമാകുന്ന അവസ്ഥയുണ്ടാക്കുന്നത് അമിതമായ കര്‍മ്മനിഷ്ഠയും ധര്‍മ്മനിഷ്ഠകളും കടന്നുകൂടുമ്പോഴാണെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

രക്തസ്രാവം പിടിപെട്ട സ്ത്രീയെ സമൂഹത്തില്‍നിന്നും ആരാധനാലയത്തില്‍നിന്നും അകറ്റിനിറുത്തിയത് മതാനുഷ്ഠാന ഭ്രമമായിരുന്നെന്നും, എന്നാല്‍ വിശ്വാസത്തോടെ ക്രിസ്തുവിനെ സമീപിച്ചവള്‍ക്ക് ദൈവിക കാരുണ്യവും സൗഖ്യവും അത്ഭുതകരമായി സിദ്ധിച്ചെന്നും ആര്‍ച്ചുബിഷപ്പ് ദൊനാത്തില്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്തു മഹത്തായ സംവാദകനായിരുന്നെന്നും, ദൈവരാജ്യത്തിന്‍റെ സ്ന്ദേശങ്ങളും ദൈവസ്നേഹവും കാരുണ്യവുമാണ് അവിടുന്ന് തന്‍റെ വാക്കുകളിലും പ്രവൃത്തികളിലും സംവേദനംചെയ്തതെന്നും ധ്യാനഗുരു ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ സംവേദനശൈലി സ്വായത്തമാക്കുന്നവര്‍ ദൈവമഹത്വവും ദൈവികനന്മകളും ഈ ലോകത്തുതന്നെ ദര്‍ശിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്നും, അത് സ്വജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമെന്നും ആര്‍ച്ചുബിഷപ്പ് ദൊനാത്തിസ് തന്‍റെ ധ്യാനപ്രഭാഷണത്തിലൂടെ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.