2014-03-13 16:55:37

ബിഷപ്പ് പൊര്‍ത്തീലോ
‘ഓപ്പൂസ് ദേയി’യുടെ വാഴ്ത്തപ്പെട്ടവന്‍


13 മാര്‍ച്ച് 2014, വത്തിക്കാന്‍
സഭാ സേവനത്തില്‍ ലഭ്യതകൊണ്ടും സമര്‍പ്പണംകൊണ്ടും അഗ്രഗണ്യനായിരുന്നു ധന്യനായ ബിഷപ്പ് പൊര്‍ത്തീലോയെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ പ്രസ്താവിച്ചു. ആഗോള Opus Dei പ്രേഷിത പ്രസ്ഥാനത്തിന്‍റെ ആദ്ധ്യാത്മിക നിയന്താവായിരുന്ന ധന്യനായ ബിഷപ്പ് അല്‍വാരോ പൊര്‍ത്തീലോയെക്കുറിച്ച് റോമിലെ Holy Cross Pontifical University –യില്‍ മാര്‍ച്ച് 12-14 വരെ തിയതികളില്‍ നടക്കുന്ന പഠനശിബിരത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ധ്യാനത്തിലായിരിക്കുന്ന പാപ്പാ മാര്‍ച്ച് 13-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി,
കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളിന്‍ വഴി ഇപ്പോള്‍ Opus Dei-പ്രസ്ഥാനത്തെ നയിക്കുന്ന ബിഷപ്പ് ജാവിയര്‍ റോഡ്രിക്സിന് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മനുഷ്യരക്ഷയ്ക്കായുള്ള സഭയുടെ അനുദിന പ്രേഷിത സമര്‍പ്പണപാതയില്‍ വിശ്വസ്തതയോടെ ജീവിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകള്‍ കയറിയ ധ്യന്യനായ പൊര്‍ത്തീലോയെക്കുറിച്ചുള്ള പഠനം സുവിശേഷവത്ക്കരണ പദ്ധതിയില്‍ ഇനിയും കൂടുതല്‍ അര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ Opus Dei പ്രേഷിത പ്രസ്ഥാനത്തിലെ ഏവര്‍ക്കും ഉത്തേജനമാവട്ടെ, മാതൃകയാവട്ടെ എന്ന പ്രാര്‍ത്ഥനയോടും ആശംസയോടുംകൂടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളില്‍, പ്രത്യേകിച്ച് രണ്ടാം വത്തിക്കാന്‍റെ കമ്മിഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അല്‍വാരോ പൊര്‍ത്തീലോയെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1991-ല്‍ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 1994-ല്‍, 80-ാമത്തെ വയസ്സില്‍ വിശുദ്ധനാടു തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ
ബിഷപ്പ് പൊര്‍ത്തീലോ ഹൃദയാഘാതംമൂലം ആകസ്മികമായിട്ടാണ് അന്തരിച്ചത്. 2012-ല്‍ മുന്‍പാപ്പാ ബനഡിക്ട് അദ്ദേഹത്തെ ധ്യന്യരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി.

2013 ജൂലൈ 5-ാം തിയതിയിലെ ഡിക്രി പ്രകാരം പാപ്പാ ഫ്രാന്‍സിസ് ബിഷപ്പ് പൊര്‍ത്തീലോയെ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. 2014 സെപ്റ്റംബര്‍ 27-ാം തിയതി സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കും സഭ ഉയര്‍ത്തും.









All the contents on this site are copyrighted ©.